Latest News

വാട്ട്‌സ്ആപ്പില്‍ വന്ന ഫോട്ടോ കണ്ട് പൂന്തുറക്കാര്‍ പറഞ്ഞു ഇതു നമ്മുടെ ശ്യാം അല്ലെ.. പൂന്തുറയില്‍ നിന്നു കാണാതായ ചിലര്‍ മഹരാഷ്ട്ര തീരത്ത് ഉണ്ടെന്നു സൂചന

2017-12-07 03:37:12am |

കഴിഞ്ഞ ദിവസം മഹരാഷ്ട്രയില്‍ എവിടെയോ ഇരുട്ടില്‍ നിസഹായതയോടെ നോക്കി ഇരിക്കുന്ന യുവാവിന്റെ ദൃശ്യം വാട്ട്‌സ്ആപ്പില്‍ കൂടി പ്രചരിച്ചിരുന്നു. എവിടെ ഉള്ള ആളാണെന്നു നോക്കു എന്നു പറഞ്ഞു ഗള്‍ഫില്‍ നിന്നായിരുന്നു സന്ദേശം. ചിത്രം കണ്ട പൂന്തുറ സ്വദേശികളായ ചിലര്‍ ആര്‍ത്തുവിളിച്ചു എടാ ഇതു നമ്മുടെ ശ്യാം അല്ലെ. ഏതോ ട്രോളിങ് ബോട്ടില്‍ പോയതാണ് എന്നു മാത്രമായിരുന്നു ശ്യാമിനെക്കുറിച്ചു നാട്ടുകാര്‍ക്കുള്ള വിവരം. മഹാരാഷ്ട്രയില്‍ അകപ്പെട്ട കേരള ബോട്ടുകളിലെ ആളുകളുടെ ചിത്രം ആരോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് കൈമറിഞ്ഞെത്തിയതാാണ് ഈ ചിത്രം എന്നു പറയുന്നു.

ശ്യാമിനെ സുഹൃത്തുക്കള്‍ ചിത്രത്തിലൂടെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഈ വിവരം അറിയിക്കാന്‍ ചിലര്‍ ശ്യാമിന്റെ വീട്ടില്‍ എത്തി. എന്നാല്‍ മാതാപിതാക്കള്‍ മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ട്രോളിങ് ബോട്ട് ആയതിനാല്‍ ഒരുമാസത്തിനുള്ളില്‍ തിരിച്ചുവരും എന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാര്‍. വിവരമറിഞ്ഞ ഇന്നലെ രാവിലെ ശ്യാമിന്റെ അമ്മ റീത്ത പൂന്തുറ പള്ളിയില്‍ എത്തി. ശ്യാമിനെ കൂടാതെ കൂടുതല്‍ നാട്ടുകാര്‍ ബോട്ടുകളില്‍ മഹാരാഷ്ട്ര തീരത്ത് എത്തിട്ടുണ്ടന്നും സൂചനയുണ്ട്.