Latest News

വില്ലേജ് ഫുഡ് ഫാക്ടറി... ഈ അച്ഛനും മകനും യുട്യുബില്‍ പാചകം ചെയ്തു നേടുന്നതു ലക്ഷങ്ങള്‍

2017-12-07 03:38:15am |

വില്ലേജ് ഫുഡ് ഫാക്ടറി... ആ പേരു കേള്‍ക്കുമ്പോഴേ ഇപ്പോള്‍ നാവില്‍ വെള്ളം വരും. അറുമുഖന്‍ എന്ന അച്ഛനും ഗോപിനാഥന്‍ എന്ന മകനും ചേര്‍ന്നു പാചക ചെയ്ത് അത്രയ്ക്കു കൊതിപ്പിക്കുന്നുണ്ട് ആളുകളെ. വ്യത്യസ്ഥമായ വിഭവങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ് ഇവരുടെ വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനല്‍. വലിയ മുട്ടനാടിന്റെ കാല്‍ കറിവച്ചത്, 300 മുട്ട കൊണ്ടു ബുള്‍സൈ, 100 ചിക്കന്‍ ലിവര്‍ കൊണ്ടു ഫ്രൈ, തനിനാടന്‍ കെഎഫ് സി ചിക്കന്‍... നാവില്‍ കൊതിയുറും വിഭവങ്ങളുടെ ലിസ്റ്റ് ഇങ്ങനെ നീളുന്നു. അച്ഛന്‍ പാചകം ചെയ്യും, മകന്‍ അതു ഷൂട്ട് ചെയ്യും. യൂട്യൂബില്‍ വീഡിയോ ഇട്ടു നിമിഷ നേരം കൊണ്ടു കാഴ്ച്ചക്കാരു പറന്ന് എത്തും. 100 മില്ല്യണിലധികം കാഴ്ച്ചക്കാരും ഒരു ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ചാനലിനുണ്ട്. തുടക്കത്തില്‍ 50 ലക്ഷം പേര്‍ ഒരു വീഡിയോ കണ്ടപ്പോള്‍ 1,50,000 രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്.

ഇതൊരു പ്രചോദനമാകുകയായിരുന്നു. ബോധിനയ്ക്കന്നൂര്‍ സ്വദേശികളായ അച്ഛനും മകനും ഒഴിഞ്ഞ പറമ്പില്‍ നാടന്‍ രീതിയില്‍ അടുപ്പു കൂട്ടി കൈലി ഉടുത്തു മീശ പിരിച്ച് തനി നാടാന്‍ രീതിയില്‍ തന്നെയാണു പാചകം നടത്തുന്നത്. ചെങ്കല്‍ പേട്ടയില്‍ ചെറിയൊരു ബിരിയാണിക്കടയുടെ ഉടമയയിരുന്നു അറുമുഖന്‍. ബിരിയാണിക്കടയിലെ ചെറിയ വരുമാനം കൊണ്ടാണു മകന്‍ ഗോപിനാഥനെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ വരെ പഠിപ്പിച്ചതും കുടുംബം നോക്കിയതും. അറുമുഖനു സിനിമയായിരുന്നു മോഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതു നടന്നില്ല. ഇതോടെ അച്ഛന്റെ പാചക തല്‍പ്പര്യവും മകന്റെ വീഡിയോ പ്രോഡക്ക്ഷന്‍ എന്ന മോഹവും ഒന്നിച്ചു ചേര്‍ന്നു വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനല്‍ രുപം കൊള്ളുകയായിരുന്നു. കുടുംബം മുഴുവന്‍ ഇവരുടെ ഈ സംരംഭവത്തിനു പിന്തുണ നല്‍കുന്നുണ്ട്. പാചകത്തിന് അറുമുഖനെ സഹായിക്കുന്നത് ഇളയ മകനാണ്. വിവാഹിതനായ ഗോപിനാഥന് ഭാര്യയും പിന്തുണ നല്‍കുന്നുണ്ട്.