Latest News

വാട്‌സ് ആപ്പ് സന്ദേശത്തില്‍ മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞു, ബിജെപി നേതാക്കള്‍ വീടുകയറി ആക്രമിച്ച യുവതി ആത്മഹത്യ ചെയ്തു

2018-01-09 03:37:50am |

ചിക്കമാംഗളൂരു: വാട്‌സ് ആപ്പ് സന്ദേശത്തില്‍ മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ യുവതി ബിജെപി നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ചിക്കമാംഗളൂരു മുഡിഗെറെ ടൗണിലെ ബികോം വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ (20)യാണ് ജനുവരി 6ന് മുറിയില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ ബിജെപിയുടെ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. ധന്യശ്രീ സുഹൃത്തായ സന്തോഷ് എന്നയാളുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് മുസ്ലീങ്ങളെക്കുറിച്ച് പരാമര്‍ശം വരുകയും, മുസ്ലീങ്ങളെ തനിക്ക് ഇഷ്ടമാണെന്ന് ധന്യശ്രീ പറയുകയും ചെയ്തത്. ഇതിനെ ചൊല്ലിയാണ് പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായത്.

ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍തല്ലുന്നതിനേക്കുറിച്ച് സന്തോഷും ധന്യശ്രീയും തമ്മില്‍ വാഗ്‌വാദം ഉണ്ടായി. തുടര്‍ന്ന് രോഷാകുലനായ സന്തോഷ് മുസ്ലീങ്ങളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ധന്യശ്രീയെ താക്കീത് ചെയ്തു. പിന്നീട് ചാറ്റ് സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഇയാള്‍ സ്ഥലത്തെ ബിജെപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്ക് അയച്ചു നല്‍കി.

ബിജെപിയുടെ യുവജന വിഭാഗം നേതാവ് അനില്‍രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി ധന്യയെയും അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നു. മുസ്ലീങ്ങളോട് ഒരു തരത്തിലുള്ള സൗഹൃദവും പാടില്ലെന്ന് വിലക്കി. സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ധന്യയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ഇതിന് പിന്നാലെ ധന്യയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്തോഷിനെയും മറ്റു മൂന്നു പേരെയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്. സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കും.