Latest News

ബല്‍റാമിനെ തള്ളിപ്പറഞ്ഞ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സമരത്തിന്; പിന്തുണയ്ക്കണമെന്ന് യുവനിര

2018-01-09 03:38:40am |

തിരുവനന്തപുരം: എ.കെ.ജിയെ ബാലപീഡകനാക്കി ചിത്രീകരിച്ച വി.ടി ബല്‍റാം എം.എല്‍.എയെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ യുവനിര. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും തള്ളിപ്പറഞ്ഞിട്ടും ബല്‍റാമിനെ പിന്തുണച്ച് ടി. സിദ്ദിഖ് അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. ബല്‍റാമിനെ കോണ്‍ഗ്രസ് നേതൃത്വം പിന്തുണയ്ക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. ബല്‍റാമിനെതിരായ സി.പി.എമ്മിന്റെ അസഹിഷ്ണുതയാണെന്നും സിദ്ദിഖ് പറഞ്ഞു.

വിവാദത്തിന്റെ തുടക്കം മുതല്‍ക്കേ ബല്‍റാമിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു. മാപ്പ് പറയണമെങ്കില്‍ ആദ്യം കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയട്ടെ. വി.ടി ബല്‍റാം മാപ്പ് പറയുന്ന കാര്യം അതിന് ശേഷം തീരുമാനിക്കാമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. നെഹ്‌റു കുടുംബത്തിനെതിരെ അങ്ങേയറ്റം സ്ത്രീ വിരുദ്ധത പറഞ്ഞ കോടിയേരിയോടുള്ള നിലപാട് സി.പി.എം വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കേസ് ആവശ്യപ്പെട്ടു.

വി.ടി ബല്‍റാമിനെ വിമര്‍ശിക്കുന്നവര്‍ അതിലും വലിയ തെറ്റ് ചെയ്തവരാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നെഹ്‌റു കുടുംബത്തെ വളരെ മോശമായി അധിക്ഷേപിച്ചവരാണ് ബല്‍റാമിനെ വിമര്‍ശിക്കുന്നത്. ബല്‍റാം പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.  അതേസമയം വി.ടി ബല്‍റാമിന് പിന്തുണ നല്‍കാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബല്‍റാമിനെ തള്ളിപ്പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഫെയ്‌സ്ബുക്ക് പേജില്‍ കോണ്‍ഗ്രസ് അനുയായികള്‍ അസഭ്യവര്‍ഷവും നടത്തുന്നുണ്ട്.