Latest News

താങ്കളില്‍നിന്നോ സി.പി.എമ്മില്‍നിന്നോ ഒന്നും പഠിക്കാനില്ല ; വിവാദ എ.കെ.ജി. പരാമര്‍ശത്തില്‍ പരിഹസിച്ച വി.എസിനെ തിരിച്ചടിച്ചു വി.ടി. ബല്‍റാം

2018-01-10 03:05:36am |

എ.കെ.ജിക്കെതിരേ വിവാദപരാമര്‍ശമുന്നയിച്ച വി.ടി. ബല്‍റാമിനെതിരേ സി.പി.എം. മുഖപത്രത്തിലൂടെ വി.എസ്. അച്യുതാനന്ദന്റെ പരിഹാസം. വി.എസിനെ അതേ നാണയത്തില്‍ പരിഹസിച്ച് ഫെയ്‌സ് ബുക്കിലൂടെ മറുപടി നല്‍കിയ ബല്‍റാം വിവാദം ചൂടാറാതെ നിലനിര്‍ത്തി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ അസംബന്ധവും അര്‍ഥശൂന്യവുമായ പ്രസ്താവന നടത്തിയതിന് രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബി എന്നുവിളിച്ചത് ഇപ്പോള്‍ എ.കെ.ജി. എന്ന വന്‍മരത്തിനു നേരെ ആത്മാര്‍ഥതയില്ലാത്ത അക്ഷരവ്യയം നടത്തുന്ന കോണ്‍ഗ്രസിന്റെ യുവനേതാവിനും ചേരുമെന്നാണു വി.എസ്. പറഞ്ഞത്.

വിവാഹസമയത്ത് ഗാന്ധിജിക്കു പതിമൂന്നും കസ്തൂര്‍ബായ്ക്കു പതിനൊന്നും വയസേ ഉണ്ടായിരുന്നുള്ളൂ. കസ്തൂര്‍ബായുമായി ബന്ധപ്പെട്ട െവെകാരികചിന്തകള്‍ മൂലം പഠനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഗാന്ധിജി ആത്മകഥയില്‍ പറയുന്നുണ്ട്. ഈ യുവനേതാവ് ഗാന്ധിജിയുടെ ആത്മകഥ മനസിരുത്തി വായിച്ചുനോക്കണം. എന്നിട്ട്, വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസിലാക്കി ഗാന്ധിജിയെപ്പറ്റിയും എ.കെ.ജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണമെന്നാണ് ആശിക്കുന്നതെന്നും വി.എസ്. എഴുതി.

ഇതിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ചെലവില്‍ കാറും ബംാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേതു മാത്രമല്ല, ഞങ്ങള്‍ ചെറുപ്പക്കാരുടേതു കൂടിയാണ് ഈ ലോകമെന്ന് ബല്‍റാം മറുപടി നല്‍കിയത്. അമുല്‍ ബേബിമാരെ കയര്‍ഫെഡ് എം.ഡിയും ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറുമൊക്കെയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന അധികാരസാമീപ്യത്തിന്റെ ആനുകൂല്യമൊന്നും എല്ലാവര്‍ക്കുമില്ലെങ്കിലും ഇന്നാട്ടിലെ ചെറുപ്പക്കാര്‍ അവരവരുടെ മേഖലയില്‍ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. ''വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസിലാക്കി ഗാന്ധിജിയെപ്പറ്റിയും എ.കെ.ജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാന്‍ ആശിക്കുന്നത്.''- സി.പി.എമ്മിന്റെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്റെ ലേഖനത്തിലെ വാക്കുകളാണിത്.

സാധാരണ െസെബര്‍ സഖാക്കള്‍ ഉയര്‍ത്തുന്ന അതേ കാര്യമാണ് ഏറ്റവും സീനിയറായ നേതാവിനും ചോദിക്കാനുള്ളത് എന്നതില്‍ നിന്ന് ആ പാര്‍ട്ടിയുടെ പൊതുചിന്താഗതി വ്യക്തമാവുന്നു. എന്താണ് അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്? രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴയ്ക്കണമെന്നോ? എ.കെ.ജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ചുയ പറഞ്ഞത് ഹീനമായ വ്യക്തിഹത്യയാണെന്ന് ആരോപിക്കുകയും ഗാന്ധിജിയെക്കൂടി സമാനമായ തലത്തില്‍ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ്?

താങ്കള്‍ താരതമ്യപ്പെടുത്താനാഗ്രഹിക്കുന്ന ഏതു വലിയ നേതാവിനേക്കാളും എത്രയോ ഇരട്ടി വലുപ്പമുള്ള മഹാമേരുവാണ് ലോകമാദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ്. പൊതുജീവിതത്തിലെ മാത്രമല്ല, വ്യക്തിജീവിതത്തിലേയും നിസാര കാര്യങ്ങളും അങ്ങേയറ്റം സത്യസന്ധമായി പൊതുസമൂഹത്തോടു തുറന്നുപറഞ്ഞ സുതാര്യതയുടെ ഉടമ. അന്നത്തെ നാട്ടാചാരമനുസരിച്ചു സമപ്രായക്കാരിയായ ഒരാളുമായുണ്ടായ അദ്ദേഹത്തിന്റെ വിവാഹത്തെയും മറ്റ് ആരുടേതെങ്കിലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.

രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ വീക്ക്‌നെസാണെന്നു സമൂഹത്തിന് എത്രയോ കാലമായി നേരിട്ടറിയാം. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ധീര െസെനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തില്‍ നിന്നുയര്‍ന്നുവന്ന പാര്‍ട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയില്‍ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമൊക്കെ താങ്കളുടെ വായില്‍നിന്നു പുറത്തുവന്ന മൊഴിമുത്തുകള്‍ മലയാള സാഹിത്യത്തിനു വലിയ മുതല്‍ക്കൂട്ടാണ്.

പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയേക്കുറിച്ചു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേക്കുറിച്ചൊക്കെ നിയമസഭയില്‍ അങ്ങു നടത്തിയ ഹീനമായ അധിക്ഷേപങ്ങള്‍ സഭാരേഖകളില്‍ ഉണ്ടോ എന്നറിയില്ല. എന്നെ തിരുത്താന്‍ എന്റെ പാര്‍ട്ടിക്കും കേരളീയ പൊതുസമൂഹത്തിനും അര്‍ഹതയുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ മറ്റാരില്‍നിന്ന് പാഠമുള്‍ക്കൊണ്ടാലും താങ്കളില്‍നിന്നോ സി.പി.എമ്മില്‍നിന്നോ അത് സാധ്യമാകുമെന്നു തോന്നുന്നില്ല.