Latest News

ഔദ്യോഗികയാത്രയുടെ ചെലവ് ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം ; ഹെലികോപ്റ്റര്‍ യാത്രയുടെ കാര്യത്തില്‍ പാര്‍ട്ടി മലക്കംമറിഞ്ഞു

2018-01-12 02:55:30am |

തിരുവനന്തപുരം: ഹെലികോപ്ടര്‍ യാത്രാവിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു പൂര്‍ണപിന്തുണയുമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രിയുടേത് ഔദ്യോഗികയാത്ര ആയതിനാല്‍ ഹെലികോപ്ടര്‍ ചെലവ് ഏറ്റെടുക്കേണ്ടതില്ലെന്നും സി.പി.എം. തീരുമാനിച്ചു. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ ഔദ്യോഗികയാത്രയാണു മുഖ്യമന്ത്രി നടത്തിയത്. യാത്രാച്ചെലവ് ഏതു ഫണ്ടില്‍നിന്നു വിനിയോഗിക്കുന്നുവെന്നതു മുഖ്യമന്ത്രി അറിയാറില്ല. യാത്രാച്ചെലവ് പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍നിന്ന് എടുക്കാന്‍ നേരത്തേ നിര്‍ദേശിച്ചതാണ്. അതു നടപ്പാക്കുകയാണു വേണ്ടതെന്നും ചെലവ് പാര്‍ട്ടി വഹിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

കേന്ദ്രസംഘവുമായി ചര്‍ച്ചനടത്താന്‍ മുഖ്യമന്ത്രി ഹെലികോപ്ടറില്‍ എത്തിയത് ഔദ്യോഗിക ഉത്തരവാദിത്വമനുസരിച്ചാണെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രിയുടെ എല്ലാ യാത്രാച്ചെലവും സര്‍ക്കാര്‍തന്നെയാണു വഹിക്കേണ്ടത്. അതിനാവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാരുണ്ടാക്കും. പാര്‍ട്ടി അതു വഹിക്കേണ്ടതില്ല. ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്നുള്ള തുക യാത്രയ്ക്ക് ഉപയോഗിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാരിനും മുന്നണിക്കും ദോഷമുണ്ടാക്കിയ ഹെലികോപ്ടര്‍ യാത്രാവിവാദം അവസാനിപ്പിക്കുന്നതിനായി ഇടപെടാന്‍ സി.പി.എം. നേതൃത്വം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ നല്‍കാന്‍ സി.പി.എമ്മിനു ശേഷിയുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് ഇതിന്റെ ഭാഗമായാണ്. പ്രശ്‌നം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നു കോടിയേരിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്നു പണം വകയിരുത്താന്‍ നിര്‍ദേശിച്ചതു താനാണെന്നു മുന്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം വ്യക്തമാക്കിയതോടെ പാര്‍ട്ടി നേതൃത്വം നിലപാട് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നു വിലയിരുത്തിയ സെക്രട്ടേറിയറ്റ് യോഗം മുഖ്യമന്ത്രിയുടെയും മുന്‍ ചീഫ് സെക്രട്ടറിയുടെയും വാദങ്ങള്‍ അംഗീകരിച്ചു.

റവന്യൂ സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയുമടക്കമുള്ള ഉദ്യോഗസ്ഥരാണു ഹെലികോപ്ടര്‍ യാത്ര സംബന്ധിച്ച തീരുമാനങ്ങളെടുത്തതെന്നു വ്യക്തമായതോടെ പാര്‍ട്ടി മുഖ്യമന്ത്രിക്കു പൂര്‍ണപിന്തുണ നല്‍കുകയായിരുന്നു. യാത്രാച്ചെലവ് ഏറ്റെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടി എന്തെങ്കിലും തീരുമാനമെടുത്താല്‍ അതു മുഖ്യമന്ത്രിക്കുതന്നെ തിരിച്ചടിയാകുമെന്നു യോഗം വിലയിരുത്തി. ഔദ്യോഗികയാത്രകള്‍ സംബന്ധിച്ച ചെലവ് നേരിട്ടു പരിശോധിക്കാറില്ലെന്നും അത് ഉദ്യോഗസ്ഥരാണു െകെകാര്യം ചെയ്യുന്നതെന്നുമുള്ള നിലപാട് മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. മുന്‍മുഖ്യമന്ത്രിമാരും ഇത്തരത്തില്‍ യാത്ര നടത്തിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ ബോധപൂര്‍വം വിവാദം സൃഷ്ടിക്കുകയാണെന്നുമുള്ള അദ്ദേഹത്തിന്റെ വാദം യോഗം അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ യാത്രയില്‍ യാതൊരു അപാകതയുമില്ലെന്നു യോഗശേഷം മന്ത്രി എ.കെ. ബാലന്‍ പ്രതികരിച്ചു.

നിയമവിരുദ്ധമായി യാതൊന്നും ചെയ്യാത്ത സ്ഥിതിക്കു പണം തിരിച്ചുനല്‍കേണ്ടതില്ല. കേന്ദ്രസംഘവുമായി ചര്‍ച്ചനടത്താന്‍ തൃശൂരില്‍നിന്നു മുഖ്യമന്ത്രി മൂരിവണ്ടിയില്‍ വരണമായിരുന്നോ? പാര്‍ട്ടി സമ്മേളനത്തില്‍നിന്ന് അടിയന്തര ഔദ്യോഗികയോഗത്തിനാണു മുഖ്യമന്ത്രി എത്തിയത്. വന്നാല്‍ തിരിച്ചുപോകണ്ടേ? മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പലരും ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. ഓഖി ഫണ്ടില്‍നിന്ന് ഒരു െപെസപോലും യാത്രയ്ക്കായി ചെലവഴിച്ചിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്നാണു പണമെടുത്തത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മറ്റു മുഖ്യമന്ത്രിമാരുമെല്ലാം ഈ ഫണ്ടില്‍നിന്നു പണമെടുക്കാറുണ്ടെന്നും ബാലന്‍ ന്യായീകരിച്ചു.