Latest News

വിവാഹം താമസിക്കും എന്നു പറഞ്ഞതോടെ സനാതനന്‍ ബ്രഹ്മചാരിയാകാന്‍ തീരമാനിക്കുകയായിരുന്നു: ശാസ്തമംഗലം കൂട്ട ആത്മഹത്യയില്‍ പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ

2018-02-07 03:34:09am |

തിരുവനന്തപുരം : അമ്മയും മകനും പിതാവും അടക്കം ഒരു കുടുംബം മുഴുവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ബാക്കിയാകുന്നു. തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ് എന്നു പൊലീസിനെ അറിയിച്ച ശേഷമായിരുന്നു ഇവര്‍ മരിച്ചത്. പൊലീസ് എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മരിച്ച കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തിരുനെല്‍വേലി സ്വദേശിയായ ജ്യോത്സ്യന്‍ ആനന്ദിനെ (57) പൊലീസ് ചോദ്യം ചെയ്തു. ശാസ്തമംഗലം പണിക്കേഴ്സ് ലെയിന്‍ വനമാലിയിലെ താമസക്കാരായ സുകുമാരന്‍നായരെയും കുടുംബത്തെയുമാണ് കഴിഞ്ഞ ശനിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വത്തുവകകളെല്ലാം ആനന്ദിന്റെ പേര്‍ക്ക് എഴുതിവച്ച സമ്മതപത്രവും വിവരം ഇയാളെ അറിയിക്കണമെന്നുള്ള കത്തും ഇവരുടെ വീട്ടില്‍ നിന്നും ലഭിച്ചു. കത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പരുപയോഗിച്ചാണ് ആനന്ദിനെ വിളിച്ചു വരുത്തിയത്. ഏത് സാഹചര്യത്തിലാണ് സ്വത്ത് ആനന്ദന് എഴുതി വച്ചതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

കഴിഞ്ഞ ആറു വര്‍ഷത്തെ പരിചയമാണ് ജ്യോത്സ്യനുമായി ഇവര്‍ക്കുണ്ടായിരുന്നത്. ഇടയ്ക്കിടയ്ക്ക് കന്യാകുമാരിയില്‍ പോകുമായിരുന്ന സുകുമാരന്‍ നായരും കുടുംബവും ഒരു പരസ്യബോര്‍ഡിലെ ഫോണ്‍ നമ്പര്‍ കണ്ടാണ് ജ്യോത്സ്യനെ വിളിക്കുന്നത്. ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ ഫലിച്ചതോടെ വിശ്വാസം കൂടി. സുകുമാരന്‍ നായരുടെ മകന്‍ സനാതനന്‍ 49 വയസിലേ വിവാഹം കഴിക്കാവൂ എന്ന് ജ്യോത്സ്യന്‍ ഉപദേശിച്ചിരുന്നു. അതോടെ സനാതനന്‍ ബ്രഹ്മചാരിയാകാന്‍ തീരമാനിക്കുകയായിരുന്നു. പ്ളസ്-ടുവരെ സ്‌കൂളില്‍ പഠിച്ച സനാതനന്‍ സി.എ വരെ പഠിച്ചത് കറസ്പോണ്ടന്‍സ് കോഴ്സുകള്‍ മുഖേനയാണ്. കണ്ണിന്റെ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സനാതനന്‍ വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്ത് ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനവും പൊലീസിനുണ്ട്. സുകുമാരന്‍നായരും ആനന്ദവല്ലിയും മകന്‍ മരിച്ച വിവരം അറിഞ്ഞതിന്റെ മനോവിഷമത്തില്‍ ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹങ്ങളില്‍ മുറിവുകളൊ ചതവുകളൊ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് കത്ത് അയച്ച ശേഷമാണ് സുകുമാരന്‍നായരും ആനന്ദവല്ലിയും തൂങ്ങിമരിച്ചത്.

സുകുമാരന്‍ നായരുടെ ഭാര്യ ആനന്ദവല്ലിയുടെ പേരിലുള്ളതാണ് ശാസ്തമംഗലത്തെ നാലുസെന്റ് വീടും സ്ഥലവും. എന്നാല്‍ ഇതൊക്കെ തന്റെ പേര്‍ക്ക് എഴുതിവച്ച കാര്യം അറിയില്ലെന്നാണ് ജ്യോത്സ്യന്‍ പറഞ്ഞത്. ജ്യോത്സ്യന്റെ വീട്ടിലെ വിശേഷ വേളകളില്‍ സുകുമാരന്‍ നായരും കുടുംബവും പങ്കെടുത്തതിന്റെ വീഡിയോദൃശ്യങ്ങളും ആനന്ദന്‍ പൊലീസിനെ കാണിച്ചു. ആന്ദന്റെ മൊഴിയില്‍ ഏറെ വൈരുദ്ധ്യം ഉണ്ട്. ഈ വീട്ടില്‍ മന്ത്രവാദവും പൂജകളും അര്‍ദ്ധ രാത്രിവരെ നീണ്ടിരുന്നു. ഇതിന് പിന്നില്‍ ആനന്ദന്റെ ഇടപെടലാണെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ട് കൂടിയാണ് ആത്മഹത്യയിലെ സത്യം കണ്ടെത്താന്‍ പൊലീസ് ആനന്ദനെ ചോദ്്യം ചെയ്യുന്നത്. പ്രദേശവാസികളുമായും ബന്ധുക്കളുമായി വലിയ അടുപ്പം ഈ കുടുംബം പുലര്‍ത്തിയിരുന്നില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പൊലീസില്‍ നല്‍കിയ മൊഴി. മ്യൂസിയം സിഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൂട്ട ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്നത്.