Latest News

രാജ്യസഭയിൽ വിവാദ ‘ചിരി’: പരിഹാസവുമായി മോദി; എതിർപ്പുമായി രേണുക ചൗധരി

2018-02-08 03:17:53am |

ന്യൂഡൽഹി∙ രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ കോൺഗ്രസ് എംപി രേണുക ചൗധരി നടത്തിയ ചിരിയെച്ചൊല്ലി വിവാദം. പ്രസംഗത്തിനിടെ രേണുകയുടെ ചിരി ഉയർന്നപ്പോൾ രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിമർശിച്ചു. എന്നാൽ ഇതിനെ പരിഹാസപൂർവമാണു പ്രധാനമന്ത്രി നേരിട്ടത്. അതേസമയം, തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശമാണു പ്രധാനമന്ത്രി നടത്തിയതെന്നു രേണുക ചൗധരി മാധ്യമങ്ങളോടു പറഞ്ഞത്.

സംഭവമിങ്ങനെ:

പ്രധാനമന്ത്രിയുടെ പ്രസംഗമധ്യേ ചിരി തുടങ്ങിയ രേണുക ചൗധരിക്ക് അതു നിയന്ത്രിക്കാനായില്ല. ശബ്ദം വളരെയുയർന്നതിനാൽ പ്രധാനമന്ത്രിയുടെ ശബ്ദത്തിനൊപ്പം എല്ലാവർക്കും അതു കേൾക്കാനായി. ചിരി വകവയ്ക്കാതെ പ്രസംഗം മോദി തുടർന്നെങ്കിലും വെങ്കയ്യ നായിഡുവിനു പിടിച്ചില്ല.

നിങ്ങൾക്ക് എന്താണു പറ്റിയതെന്നു വളരെ രൂക്ഷമായ ഭാഷയിൽ നായിഡു രേണുകയോടു ചോദിച്ചു. ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റവും നിയന്ത്രണമില്ലാത്ത സംസാരവും അനുവദിക്കാനാകില്ലെന്നും അദ്ദേഹം നിലപാടെടുത്തു. എന്നാൽ പിന്നീടും രേണുക ചൗധരി ചിരിക്കുന്നതു കേൾക്കാമായിരുന്നു. ഇതേത്തുടർന്നാണു പ്രധാനമന്ത്രി ഇടപെട്ടത്.

രേണുക ചൗധരി തുടർന്നോട്ടെയെന്നും രാമായണം സീരിയലിനുശേഷം ഇത്തരം ചിരി കേൾക്കാൻ അവസരം ലഭിക്കുന്നത് ഇപ്പോഴാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പ്രധാനമന്ത്രിയുടെ വാക്കുകളെ ബിജെപി അംഗങ്ങൾ ഡസ്കിലടിച്ചാണു പ്രോത്സാഹിപ്പിച്ചത്.

എന്നാൽ, തനിക്കെതിരെ വ്യക്തിപരമായ പരാമർശമാണു പ്രധാനമന്ത്രി നടത്തിയതെന്നു രേണുക ചൗധരി പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. ഇതിൽക്കൂടുതൽ അദ്ദേഹത്തിൽനിന്നു പ്രതീക്ഷിക്കാനാകില്ല. ബിജെപി വനിതകൾക്ക് എതിരാണെന്നു വ്യക്തമായി. ഞാൻ ചിരിച്ചതു വേദനിപ്പിച്ചെങ്കിൽ അതു സത്യത്തിന്റെ ചിരിയായതു കൊണ്ടുമാത്രമാണ്, അവർ കൂട്ടിച്ചേർത്തു.

അതേസമയം, താൻ സഭയിലുണ്ടായിരുന്നെന്നും പ്രധാനമന്ത്രി മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് അവർ അവിടെ നടത്തിയതെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. അവർക്ക് അത്തരം പരാമർശങ്ങൾ നടത്താം, എന്നാൽ അവയെ പരിഹാസപൂർവം നേരിടുമ്പോൾ ലിംഗ അനീതിയെന്ന പരിചയ്ക്കുള്ളിൽ സ്വയം നിർത്തുകയാണോയെന്നും സ്മൃതി ഇറാനി ചോദിച്ചു.