Latest News

ആദ്യം ഫ്രണ്ട് റിക്വസ്റ്റ്, പിന്നീട് ലൈക്കും കമന്റും ; പരിചയം വളര്‍ന്നപ്പോള്‍ ചാറ്റിലൂടെ ലൈംഗിക ചുവയുള്ള സംസാരങ്ങളും സെക്‌സ് വീഡിയോകളും ഒടുവില്‍ ഭീഷണി; ഇന്ത്യന്‍ സൈനികനെ ഐഎസ്‌ഐ ചോര്‍ത്തിയത് ഇങ്ങിനെ

2018-02-11 04:56:28am |

രണ്ടു മാസം മുമ്പായിരുന്നു സുന്ദരികളായ കിരന്‍ രന്ധ്വായുടേയും മഹിമാ പട്ടേലിന്റെയും ഫ്രണ്ട് റിക്വസ്റ്റ് മാര്‍വയെ തേടിയെത്തിയത്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്ന മാര്‍വ സംശയം ലേശമെന്യേ അവരെ അക്‌സപ്റ്റും ചെയ്തു. തുടക്കത്തില്‍ മാര്‍വ പതിവായി ഇട്ടിരുന്ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കമന്റും ലൈക്കും മാത്രമിട്ടിരുന്ന മോഡല്‍ സുന്ദരിമാര്‍ ചാറ്റിലേക്ക് എത്തിയത് പെട്ടെന്നായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ സൈനിക രഹസ്യങ്ങള്‍ പാക് ചാര സംഘടന ഐഎസ്‌ഐ 'ഹണിട്രാപ്പ്' വഴി ചോര്‍ത്തിയെടുത്തത് ഇങ്ങിനെയായിരുന്നു.

തന്റെ ഫോട്ടോകളും വീഡിയോകളും പതിവായി അപ്‌ലോഡ് ചെയ്തിരുന്ന സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ടീവായിരുന്ന മാര്‍വ കിരണ്‍ രന്ധ്വയുടേയും മഹിമാപട്ടേലിന്റെയും റിക്വസ്റ്റ് വരുമ്പോള്‍ അത് പാകിസ്താന്‍ ഐഎസ്‌ഐ ഉണ്ടാക്കിയ വ്യാജ പ്രൊഫൈല്‍ ആണെന്ന് മാര്‍വ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. ഉപയോഗിച്ചിരുന്ന ഫോട്ടോകള്‍ രണ്ടു മോഡലുകളുടേതായിരുന്നതിനാല്‍ അല്‍പ്പം സന്തോഷം തോന്നുകയും ചെയ്തു. തുടക്കത്തില്‍ ലൈക്കും കമന്റും മാത്രമായിരുന്നു സുന്ദരികള്‍ സൈനിക ഉദ്യോഗസ്ഥനോട് അടുക്കുകയും ചാറ്റിംഗ് ആരംഭിക്കുകയും ചെയ്തതോടെ എല്ലാം തുടങ്ങി. മാര്‍വയും സുന്ദരികളും തമ്മിലുള്ള ചാറ്റ് പിന്നീട് ലൈംഗിക ചുവയുള്ള കമന്റുകള്‍ ആകുകയും ചില ലൈംഗിക വീഡിയോകള്‍ വരെ കാണുന്ന രീതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. സംഗതി മൂപ്പായതോടെ പെണ്‍കുട്ടികള്‍ നടപടി ആരംഭിച്ചു. ആദ്യം മാര്‍വ സൈനിക ഉദ്യോഗസ്ഥനാണെന്ന് തെളിയിക്കുന്ന രേഖകള്‍ കാട്ടാനായിരുന്നു ആവശ്യം. പെണ്‍കുട്ടികളില്‍ വീണു പോയ മാര്‍വ പതിയെ അവര്‍ ചോദിച്ചതെല്ലാം പറയുകയും ആവശ്യപ്പെട്ട അതീവ രഹസ്യമായ രേഖകള്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു.

ഡിജിറ്റല്‍ വിവരങ്ങള്‍ ഇന്ത്യന്‍ അധികൃതരില്‍ നിന്നും മറച്ചു വെയ്ക്കാന്‍ പ്രോക്‌സി സെര്‍വറുകളാണ് ഐഎസ്‌ഐ ഏജന്റ് മാര്‍വയില്‍ നിന്നും ചോര്‍ത്താന്‍ ഉപയോഗിച്ചത്. മതിയായ വിവരങ്ങളും അതിനപ്പുറവും കിട്ടിയതോടെ ഐഎസ്‌ഐ ഏജന്റ് പിന്നീട് മാര്‍വയെ ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങി. ചാറ്റുകള്‍ പുറത്തു വിടും എന്നായിരുന്നു ഭീഷണി. വിവരം തന്റെ ഉന്നതോദ്യോഗസ്ഥരെ അറിയിക്കേണ്ടതിന് പകരം ചാരന്‍ ആവശ്യപ്പെട്ടതെല്ലാം നല്‍കാന്‍ മാര്‍വ നിര്‍ബ്ബന്ധിതനായി. ജനുവരി പകുതിയോടെയാണ് വ്യോമസേന മാര്‍വയില്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങിയത്. തുടര്‍ന്ന സേനയുടെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കാന്‍ ആരംഭിച്ചു. ജനുവരി അവസാനത്തോടെ ഇയാളെ തെളിവ് സഹിതം പിടികൂടുകയായിരുന്നു.

കമാന്റേകള്‍ക്ക് പരിശീലനം നല്‍കുന്ന വിംഗിലെ ജീവനക്കാരനായ മാര്‍വ്വ അടുത്ത വര്‍ഷം വിരമിക്കാനിരുന്നതാണ്. ഇയാളുടെ മകന്‍ പോലും യുദ്ധവിമാനത്തില്‍ പരിശീലനം കിട്ടിയയാളാണ്. മാര്‍വ ഒറ്റയ്ക്കാണോ ഇക്കാര്യം ചെയ്തതെന്ന് വ്യക്തമല്ല. രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഇയാള്‍ പ്രതിഫലം പറ്റിയോ എന്നും വ്യക്തമല്ല. അതേസമയം ഹണിട്രാപ്പില്‍ പെടുന്ന ആദ്യ വ്യോസേനാ ഉദ്യോഗസ്ഥനല്ല മാര്‍വ. 2015 ഡിസംബറില്‍ ഐഎഎഫ് എയര്‍മാന്‍ കെകെ രണ്‍ജീത്തിനെ ഐഎസ്‌ഐ യ്ക്ക് വിവരം ചോര്‍ത്തി നല്‍കിയതിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദാമിനി മക്‌നോട്ട് എന്ന പേരിലായിരുന്നു രണ്‍ജീത്തിനെ ഐഎസ്‌ഐ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പറ്റിയത്. യുകെ അടിസ്ഥാനമാക്കിയ മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. മാഗസിന് വേണ്ടി വിവരം നല്‍കിയാല്‍ മികച്ച പ്രതിഫലം നല്‍കാമെന്നും പറഞ്ഞിരുന്നു.