Latest News

അവാർഡ് മമ്മൂട്ടിക്ക് ‘സമ്മാനിച്ച്’ ലളിത; ഇഷ്ടനടിക്ക് മുത്തമേകി മമ്മൂട്ടി

2018-02-12 03:54:59am |

തൃശൂർ ∙ ആദ്യകാല സിനിമകൾ മുതലേ തന്റെ ഇഷ്ടനടിയാണ് കെപിഎസി ലളിതയെന്ന് മമ്മൂട്ടി. അമരം സിനിമയിലെ അഭിനയത്തിന് തനിക്കു ലഭിച്ച ദേശീയ അവാർഡ് മമ്മൂട്ടിക്ക് അർഹതപ്പട്ടതാണെന്ന് കെപിഎസി ലളിതയും. സിനിമാ അഭിനയരംഗത്ത് 50 വർഷം പൂർത്തിയാക്കിയ കെപിഎസി ലളിതയ്ക്ക് സ്നേഹാദരം അർപ്പിച്ച് സംഘടിപ്പിച്ച ‘ലളിതം 50’ ചടങ്ങിലാണ് അവർ തന്റെ അവാർഡ് മമ്മൂട്ടിക്ക് സമർപ്പിച്ചത്.

അമരം സിനിമയുടെ ഡബ്ബിങ് സമയത്ത് മമ്മൂട്ടിയാണ് തന്നെ ഏറ്റവുമധികം സഹായിച്ചത്. സംവിധായകനും ഭർത്താവുമായ ഭരതൻ പോലും ആ സമയത്ത് കൂടെ ഉണ്ടായിരുന്നില്ല. മമ്മൂട്ടിയുടെ സഹായം സിനിമയിലെ അരയഭാഷ സംസാരിക്കുന്നതിൽ ഏറെ സഹായിച്ചു – ലളിത പറഞ്ഞു. ലളിതയ്ക്ക് ഒരു മുത്തം നൽകാമോയെന്ന അവതാരികയുടെ ചോദ്യം കേട്ട് മമ്മൂട്ടി മുത്തം നൽകിയപ്പോൾ സദസ് കയ്യടികളോടെ ആ സ്നേഹപ്രകടനത്തെ സ്വീകരിച്ചു. ലളിതയോടൊപ്പമാണ് അഭിനയിക്കേണ്ടത് എന്നു കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടെന്ന് ഇന്നസന്റ് പറഞ്ഞു. ‘കൂടെ അഭിനയിക്കുന്നവർ നന്നാവുമ്പോൾ മാത്രമാണ് എന്റെയും അഭിനയം കൂടുതൽ നന്നാവുന്നത്. അതിനാൽ ലളിതയുടെ ജോടി ആയി അഭിനയിക്കുന്നതിൽ എന്നും സന്തോഷമാണ്.’–ഇന്നസന്റ് പറഞ്ഞു. ഇന്നത്തെ സിനിമകളിൽ കാണുന്ന സ്വാഭാവിക അഭിനയം മലയാള സിനിമയിൽ തുടങ്ങിവച്ചത് ലളിതയാണെന്ന് സംവിധായകൻ രഞ്ജിത് പറഞ്ഞു.

മണ്ണുത്തിയിൽ നടന്ന ചടങ്ങ് മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മുൻകാല നടിമാരായ ശാരദ, മേനക, ജലജ, വിധുബാല, കെപിഎസി ലീലാമ്മ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ജയറാം, ജനാർദനൻ, മണിയൻപിള്ള രാജു, സുരേഷ് കൃഷ്ണ, വി.കെ.ശ്രീരാമൻ, കൊച്ചുപ്രേമൻ, മജീദ്, സാദിഖ്, ഇർഷാദ് , സിദ്ധാർത്ഥ് ഭരതൻ, സംവിധായകരായ ലാൽജോസ്, ജയരാജ്, ലിജോ ജോസ് പെല്ലിശേരി, നിർമാതാക്കളായ സുരേഷ്കുമാർ, രഞ്ജിത്, സുബൈർ, രാഗേഷ്, മിലൻ ജലീൽ, മന്ത്രി സി.രവീന്ദ്രനാഥ്, സി.എൻ.ജയദേവൻ എംപി, എംഎൽഎമാരായ കെ.വി.അബ്ദുൽ ഖാദർ, കെ.രാജൻ, സംഗീതസംവിധായകൻ ഒൗസേപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.