ആന്റണി പെരുമ്പാവൂര്‍ പാടശേഖരം നികത്തിയെടുക്കുന്നു; തടയുന്നവരെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണം

പെരുമ്പാവൂര്‍: മോഹന്‍ലാലിന്റെ ഡ്രൈവറും സിനിമാ നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍ പാടശേഖരം നികത്തിയെടുക്കാന്‍ ശ്രമിച്ചതായും നികത്തല്‍ തടഞ്ഞതിന് ആന്റണിയുടെ ബന്ധു നാട്ടുകാരനെ വീട്ടില്‍ കയറി വധഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ട്. പെരുമ്പാറൂര് പോസ്റ്റോഫീസ്-ഐമുറി റോഡിലെ പട്ടശ്ശേരിമന വക ഒരേക്കര്‍ മനക്കത്താഴം പാടശേഖരം നികത്തിയെടുക്കാനാണ് ശ്രമം നടത്തിയതെന്നും സിപിഎം പട്ടാല്‍ ബ്രാഞ്ച് സെക്രട്ടറി സികെ രൂപേഷിനെതിരേ ഭീഷണി മുഴക്കിതായുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വയല്‍ നികത്തുന്നതിനെതിരേ രൂപേഷ് കുമാര്‍ സമര്‍പ്പിച്ച കേസ് ഹൈക്കോടതിയില്‍ നില നില്‍ക്കേയാണ് നികത്തല്‍ നീക്കം തുടരുന്നത്. 2007 ല്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുന്ന നികത്തലാണ് പുനരാരംഭിച്ചിരിക്കുന്നത്. നിലവില്‍ കേസ് നടക്കുന്നതിനാല്‍ മൂന്നാഴ്ചത്തേക്ക് വാദം കേള്‍ക്കാന്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ ഉത്തരവിന്റെ മറപിടിച്ചാണ് പാടത്ത് കപ്പയും വാഴയും തെങ്ങുകളും വെച്ചു പിടിപ്പിക്കുകയും വാരം കോരുന്ന പേരില്‍ വലിയ ബണ്ടുകള്‍ നിര്‍മ്മിക്കുകയും ചെയ്തിരിക്കുന്നത്.
നേരത്തേ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന നിര്‍ത്തിവെച്ച നികത്തല്‍ ശ്രമമാണ് വീണ്ടും തുടങ്ങിയിരിക്കുന്നത് 2015 ല്‍ ഇടവിള കൃഷി നടത്തുന്നതിനായി ആന്റണി ആര്‍ഡിഒ യില്‍ നിന്നും അനുവാദം വാങ്ങിയെടുത്തിരുന്നു. ഇതിനെതിരേ രൂപേഷ് കളക്ടറെയും ലാന്റ് റവന്യൂ കമ്മീഷണറെയും സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപൂ നെല്‍കൃഷിക്ക് ശേഷം പാടവരമ്പിനോ കൃഷിയിടത്തിന്റെ നിലവിലെ സ്ഥിതിക്ക് കോട്ടം വരുത്തുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിറക്കിയിരുന്നു.