Latest News

ത്രിപുരയില്‍ മുസ്ലിം പള്ളികളും ക്രിസ്ത്യന്‍ ദേവാലയങ്ങളും ആക്രമിക്കപ്പെടുന്നുവെന്ന പ്രചരണം ; ശ്രീലങ്കയിലെയും മ്യാന്‍മറിലെയും കലാപങ്ങളുടെ ചിത്രങ്ങള്‍

2018-03-07 03:02:45am |

കോട്ടയം: ത്രിപുരയിലെ ബി.ജെ.പി-സി.പി.എം. സംഘര്‍ഷങ്ങള്‍ക്കു വര്‍ഗീയ നിറം നല്‍കാന്‍ െസെബര്‍ ലോകത്ത് വ്യാപക ശ്രമം. സി.പി.എം. ഓഫീസുകളും ലെനിന്‍ പ്രതിമയും തകര്‍ത്തതിന്റെ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നതിനിടെയാണ് സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ െസെബര്‍ പോരാളികളടക്കം പലരും ശ്രമം തുടങ്ങിയത്.

ബി.ജെ.പിയുടെ വിജയത്തെത്തുടര്‍ന്നു ത്രിപുരയില്‍ മുസ്ലിം പള്ളികളും ക്രിസ്ത്യന്‍ ദേവാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന തരത്തിലുള്ള പ്രചരണമാണ് െസെബര്‍ ലോകത്ത് ഒരു വിഭാഗം നടത്തുന്നത്. ശ്രീലങ്കയിലെയും മ്യാന്‍മറിലെയും കലാപങ്ങളുടെയും ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നതെന്ന് ഒരു വിഭാഗം പറയുന്നു. ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ അക്രമികള്‍ തീയിട്ട മസ്ജിദിന്റെ ചിത്രം ത്രിപുരയിലേതെന്ന തരത്തില്‍ പ്രചരിപ്പിച്ചവര്‍ക്ക് കോണ്‍ഗ്രസ് എം.എല്‍.എ. വി.ടി. ബല്‍റാം നല്‍കിയ ചുട്ട മറുപടിയും സോഷ്യല്‍ മീഡിയയില്‍ െവെറലായിക്കഴിഞ്ഞു.

ബല്‍റാമിന്റെ പോസ്റ്റ് ഇങ്ങനെ: ''ത്രിപുരയില്‍ ആക്രമിക്കപ്പെട്ട പള്ളി എന്ന് പറഞ്ഞ് സി.പി.എമ്മുകാര്‍ പ്രചരിപ്പിക്കുന്ന ഈ പള്ളി ശ്രീലങ്കയിലേതാണ്. ഒന്നുമില്ലെങ്കിലും മുന്നിലെ ആ നല്ല റോഡ് കണ്ടാലെങ്കിലും അറിയില്ലേ അത് ത്രിപുരയല്ല എന്ന്''. ഇടതുകോട്ട തകര്‍ക്കാനുള്ള പോരാട്ടം മുന്നില്‍നിന്നു നയിച്ച ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രിയാകും. ഗോത്രവര്‍ഗക്കാരനായ ജിഷ്ണുദേബ് ബര്‍മന്‍ ഉപമുഖ്യമന്ത്രി. അഗര്‍ത്തലയിലെ സ്വാമി വിവേകാനന്ദ െമെതാനത്ത് ഒമ്പതിനാണു സത്യപ്രതിജ്ഞ.

മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ വിസ്മയവിജയം സ്വന്തമാക്കിയ ത്രിപുരയില്‍ ബി.ജെ.പി. സര്‍ക്കാരിന്റെ സ്ഥാനാരോഹണത്തിനു സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷായും അടക്കമുള്ള നേതാക്കളെത്തും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബി.ജെ.പി. നിയമസഭാകക്ഷി യോഗമാണു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കുടിയായ ബിപ്ലബിനെ നേതാവായി തെരഞ്ഞെടുത്തത്.

ഗോത്രവര്‍ഗക്കാരനെ മുഖ്യമന്ത്രിയാക്കണമെന്നു ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. ആവശ്യപ്പെട്ടിരുന്നു. ഇവരെ അനുനയിപ്പിക്കാനായാണ് ജിഷ്ണുദേബിനെ ഉപമുഖ്യമന്ത്രിയായി നിശ്ചയിച്ചത്. 20 ഗോത്രവര്‍ഗ സംവരണ സീറ്റുകളും വിജയിച്ച ബി.ജെ.പിക്ക് ആ സമൂഹത്തെ തുടര്‍ന്നും ഒപ്പം നിര്‍ത്തേണ്ടതുമുണ്ട്. അറുപതംഗ നിയമസഭയില്‍ 59 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി. 35 സീറ്റും ഐ.പി.എഫ്.ടി. എട്ടു സീറ്റും നേടി.