Latest News

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ടു 26 വര്‍ഷം പൂര്‍ത്തിയാകാന്‍ ഇരുപതു ദിവസം മാത്രം ബാക്കി; സംശയത്തിന്റെ നിഴലില്‍നിന്ന് വെളിച്ചത്തിലേക്ക് ഫാ. പൂതൃക്കയില്‍

2018-03-08 03:54:34am |

കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ടു 26 വര്‍ഷം പൂര്‍ത്തിയാകാന്‍ ഇരുപതു ദിവസം മാത്രം ബാക്കിനില്‍ക്കേ നിര്‍ണായകമായ കോടതി വിധി. സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തിന് 27നു 26 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണു പ്രതികളെന്ന് ആരോപിക്കപ്പെട്ടവരില്‍ ഒരാളെ ഒഴിവാക്കിക്കൊണ്ടുള്ള കോടതി വിധിയുണ്ടായിരിക്കുന്നത്.

രണ്ടരപ്പ തിറ്റാണ്ടിനുശേഷം സമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലില്‍നിന്നു വെളിച്ചത്തിലേക്കു വന്നതിന്റെ സന്തോഷത്തിലാണു ഫാ. ജോസ് പൂതൃക്കയില്‍. അഭയക്കേസില്‍നിന്നു കുറ്റവിമുക്തനാക്കിയ കോടതിവിധി െദെവത്തിന്റെ െകെയൊപ്പുള്ളതാണെന്നു തിരുവഞ്ചൂര്‍ നീറിക്കാട്ടെ ആശ്രമത്തില്‍വച്ച് അദ്ദേഹം 'മംഗള'ത്തോടു പറഞ്ഞു. എസ്.എച്ച്. സന്യാസ സമൂഹത്തിലെ െവെദികവിദ്യാര്‍ഥികളുടെ ആത്മീയപിതാവിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

* കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച്?

കോടതിവിധി ഏറെ സന്തോഷിപ്പിക്കുന്നു. പൂര്‍ണമായി നിരപരാധിയാണെന്ന് ആദ്യം മുതല്‍ പറയുന്നതാണ്. 39 വര്‍ഷത്തെ പൗരോഹിത്യജീവിതത്തോടു വിശ്വസ്തത പുലര്‍ത്തിയാണു ജീവിച്ചത്. എന്റെ നിരപരാധിത്വവും സത്യസന്ധ്യതയും കോടതിയെ അറിയിച്ചു, കോടതി അംഗീകരിച്ചു. െദെവത്തിനു നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. നിയമയുദ്ധത്തിനൊപ്പം ആത്മീയ പോരാട്ടവും നടത്തിവരികയായിരുന്നു. െദെവത്തിന്റെ കരുണയാണ് മോചനത്തിനു കാരണമെന്ന് ഉറച്ചുവിശ്വസിക്കുന്നു.

* പ്രതിസന്ധികളെ എങ്ങനെ അതിജീവിച്ചു?

എല്ലാവരുടെയും ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകും. പുരോഹിതനായാതിലാകാം ഇങ്ങനെയൊരു കേസുണ്ടായത്. ഒരിക്കല്‍പോലും നിരാശയുണ്ടായിട്ടില്ല. പൗരോഹിത്യത്തെ ഓര്‍ത്ത് ഒരിക്കല്‍ പോലും നിരാശ തോന്നിയിട്ടില്ല. ആരോടും പിണക്കമില്ല. െദെവത്തിന്റെ കരുണയുള്ള കണ്ണുകള്‍ പിന്തുടരും എന്നതിന്റെ തെളിവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സഭയും സമുദായവും സന്യാസമൂഹവും ഒപ്പം നിന്നു. മെത്രാന്മാര്‍, െവെദികര്‍, സിസ്റ്റര്‍മാര്‍, അത്മായര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. ജോലി ചെയ്ത സ്ഥലങ്ങളില്‍നിന്നുള്ള പിന്തുണയും പൂര്‍ണമായി ലഭിച്ചു. ഹൃദയത്തില്‍ മുള്ളുകള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ പൂവായി മാറുമെന്നതിനു തെളിവാണു കോടതിവിധി.

* ഒരാള്‍ ഒഴിവായി, രണ്ടു പേര്‍ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍?

കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ ഒന്നും പറയുന്നില്ല. മൂന്നു പേരും നിരപരാധികളാണ്. ഒരാള്‍ക്കു വിടുതല്‍ കിട്ടുമ്പോള്‍ മൂന്നു പേര്‍ക്കും വിടുതല്‍ ലഭിക്കുന്നതിനു തുല്യമാണ്. എന്നാല്‍, സന്തോഷം പൂര്‍ണമാകാന്‍ അവരും വിടുതല്‍ പ്രാപിക്കേണ്ടതുണ്ട്. അവര്‍ക്കും െദെവത്തിന്റെ കരുണ ലഭിക്കുമെന്നു പ്രത്യാശിക്കുന്നു.

* ആരോപണങ്ങള്‍ തളര്‍ത്തിയോ?

കേസ് തീരുമ്പോള്‍മാത്രമേ വ്യക്തിപരമായ വിലയിരുത്തലുകള്‍ നടത്താന്‍ കഴിയൂ. നിലവില്‍ ഒന്നും പറയാന്‍ കഴിയില്ല. മാന്യമായ രീതിയില്‍ മാത്രമേ പ്രതികരിച്ചിട്ടുള്ളൂ. സഹനങ്ങള്‍ മുഴുവനും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എല്ലാവരെയും സ്‌നേഹിക്കുന്നു, പരിഹസിച്ചവരോടും പിണക്കമില്ല.

* കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ?

ആരാണ് കേസിനു പിന്നില്‍ എന്നതിനെക്കുറിച്ചും ഗൂഢാലോചയുണ്ടോയെന്നും പറയേണ്ടതു ഞാനല്ല, കോടതിയാണ്. സിസ്റ്റര്‍ അഭയ മരിച്ചത് എങ്ങനെയെന്ന് അറിയില്ല. നിയമത്തിന്റെ വഴിക്കു മുന്നോട്ടുപോകുമ്പോള്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ കഴിയുമെന്നു വിശ്വസിക്കാം.

സിസ്റ്റര്‍ അഭയയ്ക്കും നീതി ലഭിക്കേണ്ടതില്ലേ?

തീര്‍ച്ചയായും സിസ്റ്റര്‍ അഭയയ്ക്കും നീതി ലഭിക്കണം. സംഭവം നടക്കുമ്പോള്‍ സിസ്റ്റര്‍ അഭയ വിദ്യാര്‍ഥിയായിരുന്നു. െദെവത്തിന്റെ വഴിയിലൂടെ പോകുമ്പോള്‍ എല്ലാവര്‍ക്കും നീതി ലഭിക്കും. ഞങ്ങളുടേതു പൊതുവേദനയായി കണ്ടുകൊണ്ടു ക്‌നാനായ സഭയും കേരളസഭയും പിന്നില്‍ നിന്നു. അര്‍ഹമായ രീതി എല്ലാവര്‍ക്കും ലഭിക്കണം.

1992 മാര്‍ച്ച് 27 നു രാവിലെയാണു വിദ്യാര്‍ഥിയായ സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ ലോക്കല്‍ പോലീസ് എത്തിയതോടെ അന്നത്തെ കോട്ടയം നഗരസഭാ ചെയര്‍മാനായിരുന്ന പി.സി. ചെറിയാന്‍ മടുക്കാനിയുടെയും ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതോടെ കേസില്‍ വഴിത്തിരിവുണ്ടാകുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം 1993 മാര്‍ച്ച് 29-നു സി.ബി.ഐ. കേസ് ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിലപാടില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ 1996ല്‍ സി.ബി.ഐ. കോടതിയെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. 1999ലും 2005ലും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും നിരസിക്കപ്പെട്ടു. 15 വര്‍ഷം മുമ്പു തിരുവനന്തപുരം ചീഫ് കെമിക്കന്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തതായി വാര്‍ത്തകള്‍ വന്നതോടെ കേസ് വീണ്ടും വിവാദത്തിലായി. തുടര്‍ന്ന് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വൈദികരായ ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ കുറ്റാരോപിതരാക്കി സി.ബി.ഐ. കേസ് ചാര്‍ജ് ചെയ്തു. 2008 നവംബര്‍ 18-നു മൂന്നുപേരെയും സി.ബി.ഐ. അറസ്റ്റു ചെയ്തു. 2009 ജൂലൈ 17-ന് കുറ്റപത്രം സമര്‍പ്പിച്ചു. 2011 മാര്‍ച്ച് 11നാണു പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. കേസ് ആദ്യം അന്വേഷിച്ച എ.എസ്.ഐ: വി.വി. അഗസ്റ്റില്‍ 2008 നവംബര്‍ 25നു ആത്മഹത്യ ചെയ്തതോടെ കേസ് വീണ്ടും ചര്‍ച്ചയായി.

തുടര്‍ന്ന് ഏഴു വര്‍ഷം വിചാരണ നടന്നിരുന്നില്ല. കഴിഞ്ഞ മാസം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കേസ് അന്വേഷണത്തില്‍ സി.ബി.ഐക്കുണ്ടായ വീഴ്ചയെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നു മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി.െമെക്കിളിനെ നാലാം പ്രതിയാക്കുകയും ചെയ്തിരുന്നു. തെളിവു നശിപ്പിച്ചതിനാണു െമെക്കിളിനെ കോടതി പ്രതിയാക്കിയത്. സി.ബി.ഐ. െമെക്കിളിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നില്ല. തെളിവു നശിപ്പിച്ചതു മുന്‍ ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പി. കെ.സാമുവലിനെയും കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. അഗസ്റ്റിനെയും ഇരുവരും മരിച്ചശേഷം സി.ബി.ഐ. പ്രതിയാക്കിയിരുന്നു. സംഭവസമയം ഫാ. തോമസ് കോട്ടൂര്‍ ബി.സി.എം. െസെക്കോളജി വിഭാഗം അധ്യാപകനായിരുന്നു. പിന്നീട് അമേരിക്കയിലും സേവനം ചെയ്തു. ഫാ.തോമസ് കോട്ടൂര്‍ പിന്നീട് കോട്ടയം അതിരൂപതാ ചാന്‍സിലറുമായി.