Latest News

ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞു വരുമ്പോള്‍ ദുബായില്‍ ഇറങ്ങി ; അവിടെ പാകിസ്താന്‍കാരിക്കൊപ്പം കഴിഞ്ഞു ; ഷമിക്ക് പെണ്ണുങ്ങളെ ഒപ്പിച്ചു കൊടുക്കുന്നത് കുല്‍ദീപ്

2018-03-08 03:56:23am |

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമംഗം മുഹമ്മദി ഷമിക്കെതിരേ ഭാര്യ ഹസിന്‍ ജഹാന്റെ ഗുരുതര ആരോപണങ്ങള്‍. ഷമിക്കു നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടെന്നും രണ്ടു വര്‍ഷമായി തന്നെ നിരന്തരമായി പീഡിപ്പിക്കുകയാണെന്നും ഹസിന്‍ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചു. ഷമി പാകിസ്‌താനി യുവതിയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണു തെളിവായി അവര്‍ പുറത്തുവിട്ടത്‌. ഷമി മറ്റു സ്‌ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഹസിന്‍ പോസ്‌റ്റ് ചെയ്‌തു. ഈ സ്‌ത്രീകളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങളും ഹസിന്‍ പുറത്തുവിട്ടു.

2015 ജൂലൈയില്‍ തങ്ങള്‍ക്കു പെണ്‍കുഞ്ഞു പിറന്ന ശേഷമാണു ഷമി പീഡിപ്പിക്കാന്‍ തുടങ്ങിയത്‌. ചൊവ്വാഴ്‌ചയാണു ഹസിന്‍ ജഹാന്‍ ഭര്‍ത്താവിനെതിരേ ആരോപണവുമായെത്തിയത്‌. സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാകുന്നതിനു മുമ്പു പോസ്‌റ്റുകള്‍ അപ്രത്യക്ഷമായി.

ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞു നാട്ടിലേക്കു വരുന്ന വഴിയില്‍ ഷമി ദുബായില്‍ ഇറങ്ങിയെന്നും അവിടെ മറ്റൊരു സ്‌ത്രീയോടൊപ്പം കഴിഞ്ഞതായും ഹസിന്‍ ആരോപിച്ചു. പാകിസ്‌താന്‍കാരിയായ ആ സ്‌ത്രീ ഷമി വിവാഹം കഴിച്ചതായി ഹസിന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ഫോണില്‍നിന്നാണ്‌ ഇതിനുള്ള തെളിവുകള്‍ കണ്ടെത്തിയതെന്നും ഹസിന്‍ പറഞ്ഞു. ധര്‍മശാലയില്‍ തന്നെയും കൂടെ കൊണ്ടുപോകാന്‍ അഭ്യര്‍ഥിച്ചെങ്കിലും വിസമ്മതിച്ചു.

അവിടെയെത്തിയ ശേഷം ഫോണില്‍ വിളിച്ച്‌ അധിക്ഷേപിച്ചതായും ഹസിന്‍ പറഞ്ഞു. ഇന്ത്യന്‍ ടീം പോകുന്ന സ്‌ഥലത്തെല്ലാം ഷമിക്കു പെണ്‍കുട്ടികളെ എത്തിക്കാന്‍ കുല്‍ദീപ്‌ എന്നയാളുമുണ്ടാകാറുണ്ടെന്ന്‌ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഹസിന്‍ പറഞ്ഞു.

ഷമിക്കെതിരേ കൊല്‍ക്കത്ത പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ്‌ അവര്‍. ഭാര്യയുടെ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്ന മറുപടിയുമായി ഷമി രംഗത്തെത്തി. ഇന്ത്യ എ ടീമിനു വേണ്ടി ദേവ്‌ധര്‍ ട്രോഫിയില്‍ കളിച്ചു കൊണ്ടിരിക്കുകയാണു ഷമി.

തന്റെ കരിയര്‍ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്നും ഇന്ത്യന്‍ താരം ആരോപിച്ചു. ഹസിന്റെ ആരോപണം വന്നതിനു പിന്നാലെ ബി.സി.സി.ഐ. കളിക്കാരുടെ പുതിയ കരാര്‍ പട്ടികയില്‍നിന്നു ഷമിയെ ഒഴിവാക്കി. ആരോപണങ്ങളില്‍നിന്നു മോചനം നേടുന്നതുവരെ ഷമിക്ക്‌ രാജ്യാന്തര മത്സരങ്ങളും ബോര്‍ഡില്‍നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളും നഷ്‌ടപ്പെടാനിടയുണ്ട്‌. ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ ക്രിക്കറ്റ്‌ താരത്തിനെതിരേ ഭാര്യ ആരോപണങ്ങളുമായി രംഗത്തെത്തുന്നത്‌.