Latest News

വിവാഹത്തിന്റെ 100 ാം നാള്‍ അവസാന സെല്‍ഫിയെടുത്ത് നവദമ്പതികളും മടങ്ങി ; വിവേകിന്റെയും വിദ്യയുടേയും യാത്ര കാട്ടുതീ അവസാനിപ്പിച്ചു

2018-03-13 03:51:02am |

തേനി: കുരങ്ങിണി മലയില്‍ വെന്തു മരിച്ചവരില്‍ നവ ദമ്പതികളും. ഈറോഡ് സ്വദേശികളായ വിവേക് (28), വിദ്യ (26) എന്നിവരാണ് മധുവിധു തീരുംമുമ്പേ മരണത്തിനു കീഴടങ്ങിയത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടിരുന്ന ഇവര്‍ തങ്ങളുടെ കൊളുക്കുമല യാത്രസംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. യാത്രയ്ക്കു മുമ്പേ ഇവര്‍ വാഹനത്തിനു മുന്നില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയും എടുത്തിരുന്നു. മൂന്നര മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്.

ദുബായില്‍ എഞ്ചിനീയറായ വിവേക് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. 100 ദിവസം പൂര്‍ത്തിയായപ്പോള്‍ ഈറോഡിലെ ക്ഷേത്രത്തിനു മുന്നില്‍ നിന്നും ഇവര്‍ സെല്‍ഫിയെടുത്ത് ഫെയസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിനു ശേഷമാണ് സാഹസിക യാത്രയ്ക്ക് പുറപ്പെട്ടത്. രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ വിവേകും വിദ്യയും ഗുരുതരമായി പൊള്ളലേറ്റ അവസ്ഥയിലായിരുന്നു. വിദ്യയുടെ വസ്ത്രങ്ങളെല്ലാം പൂര്‍ണമായി കത്തിപ്പോയപ്പോള്‍ വിവേക് തന്റെ പാതി കത്തിയ വസ്ത്രം വിദ്യയ്ക്ക് നല്‍കിയിരുന്നു.

പിടഞ്ഞുകൊണ്ടിരുന്ന ഇരുവരും ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്. കോടമഞ്ഞു പുതച്ച കൊളുക്കുമലയും മീശപ്പുലിമലയും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും പ്രവേശിക്കാവുന്ന ഈ മേഖലയിലെത്തുന്ന സാഹസികരുടെ എണ്ണം ഏറെയാണ്. തമിഴ്‌നാട്ടില്‍നിന്നു പാസെടുത്ത് ട്രെക്കിങ് നടത്തുന്നത് പതിവാണ്. കേരളത്തില്‍നിന്ന് പലപ്പോഴും അനുമതി നല്‍കാറില്ലെന്നു പറയുമ്പോഴും വനം വകുപ്പിന്റെ ഒത്താശ രഹസ്യമായുണ്ട്.

അടുത്തിടെയായി മീശപ്പുലിമലയില്‍ നിന്ന് നിരവധി അപകടവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ആവശ്യമായ സുരക്ഷയൊരുക്കാനോ ബോധവത്കരണം നടത്താനോ കഴിഞ്ഞിട്ടല്ല. മൂന്നാറില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 200 ഹെക്ടറില്‍ കാട്ടുതീ പടര്‍ന്നിട്ടും സഞ്ചാരികള്‍ക്കു കാര്യമായ മുന്നറിയിപ്പ് കിട്ടിയിരുന്നില്ല.

മൂന്നാറില്‍നിന്നു സൂര്യനെല്ലി വഴിയും തമിഴ്‌നാട്ടിലെ കൊരങ്ങണിയില്‍നിന്ന് 20 കിലോമീറ്റര്‍ കാട്ടുപാത വഴിയും കൊളുക്കുമലയിലെത്താം. സൂര്യനെല്ലിയില്‍നിന്നു ജീപ്പുകളിലാണ് സഞ്ചാരികള്‍ കൊളുക്കുമലയിലെത്തുന്നത്. കൊളുക്കുമലയില്‍ എത്തുന്നവര്‍ ദുര്‍ഘടപാത താണ്ടി മീശപ്പുലിമലയിലും എത്തുന്നു. വനത്തിനുള്ളില്‍ കൊളുക്കുമലയില്‍ ഒരുമിച്ചതിനു ശേഷം ഞായറാഴ്ച ഉച്ചയോടെ മലയിറങ്ങുമ്പോഴാണ് കാട്ടുതീ പടര്‍ന്നത്. ചെങ്കുത്തായ വനമേഖലയില്‍ കാറ്റ് വീശിയതോടെ കാട്ടുതീ ആളിക്കത്തി.

ചിതറിയോടിയവര്‍ പാറക്കെട്ടുകളിലും മറ്റും വീണ് കാട്ടുതീയില്‍ വെന്തുമരിക്കുകയുമായിരുന്നു. െസെനികരും കമാന്‍ഡോ സംഘവും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഹെലികോപ്ടറുകളിലാണ് മൃതദേഹങ്ങള്‍ തേനി ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഒമ്പതു മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഹെലികോപ്ടറുകളില്‍ വെള്ളമെത്തിച്ച് തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പൂര്‍ണമായും അണഞ്ഞിട്ടില്ല.