Latest News

"ധീര സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍"; പ്രവാസിയുടെ ജീവനെടുത്ത പ്രവര്‍ത്തകര്‍ക്ക് സി.പി.ഐയുടെ സ്വീകരണം

2018-03-14 02:43:07am |

കൊല്ലം: പ്രവാസി സംരംഭകന്‍ സുഗതനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സി.പി.ഐ-എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സ്വീകരണം. കേസില്‍ ജാമ്യത്തിലിറങ്ങിയ എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രക്തഹാരം അണിയിച്ച് സ്വീകരണം നല്‍കിയത്. എ.ഐ.വൈ.എഫ് നേതാക്കള്‍ക്ക് കൊല്ലം ജില്ലാ കോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്.

സുഗതന്റെ വര്‍ക്‌ഷോപ്പിന് മുന്നില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹം ജീവനൊടുക്കിയത്. വര്‍ക്‌ഷോപ്പ് നിര്‍മ്മാണ സ്ഥലത്താണ് സുഗതന്‍ ജീവനൊടുക്കിയത്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സുഗതനും മക്കളും ആറ് മാസം മുന്‍പാണ് നാട്ടിലെത്തിയത്. സ്വന്തമായൊരു വര്‍ക്‌ഷോപ്പ് തുടങ്ങാനായിരുന്നു തീരുമാനം.

വര്‍ക്‌ഷോപ്പ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പാണ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയത്. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഏറെ വിവാദമായ സാഹചര്യത്തില്‍ സുഗതന്റെ വര്‍ക്‌ഷോപ്പിന് സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി അനുമതി നല്‍കിയിരുന്നു. സി.പി.ഐയുടെ എതിര്‍പ്പ് മറികടന്നാണ് അനുമതി നല്‍കിയത്.