Latest News

കൈയില്‍ പൂക്കളുമായി വിമാനത്തിലേക്ക് കയറുന്ന ചിത്രം പോസ്റ്റ്ചെയ്ത് മിന നടന്നു കയറിയത് മരണത്തിലേയ്ക്ക്; വിമാനാപകടത്തില്‍ മരിച്ചത് കോടീശ്വരന്റെ മകളും ഏഴു കൂട്ടുകാരികളും; ദുരന്തം ബാച്ചിലര്‍ പാര്‍ട്ടിക്കു ശേഷം

2018-03-14 02:44:42am |

തുര്‍ക്കി കോടീശ്വരനും വ്യവസായിയുമായ ഹുസൈന്‍ ബസറാന്റെ മകള്‍ 28കാരിയായ മിന ബസറാനും സുഹൃത്തുക്കളുടെയും മരണത്തില്‍ നടുക്കത്തിലാണ് ബന്ധുക്കള്‍. വിവാഹത്തിന് ഒരുമാസം മുന്‍പ് ദുബായില്‍ സുഹൃത്തുക്കളുമൊത്ത് ബാച്ചിലര്‍ പാര്‍ട്ടിക്കായി പോയി തിരികെ വരുമ്പോള്‍ ഇറാന്‍ മലനിരകള്‍ക്കു മുകളില്‍ വച്ച് വിമാനം തകര്‍ന്നു വീണായിരുന്നു മിനയും സുഹൃത്തുക്കളും മരിച്ചത്.

Mina Basaran

മിനയുടെ കുടുംബ കമ്പനിയായ ബസറാന്‍ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റ് വിമാനത്തിലായിരുന്നു യാത്ര. വിമാനത്തില്‍ ഏഴ് സുഹൃത്തുക്കള്‍ക്കു പുറമെ, രണ്ട് വനിതാ പൈലറ്റുമാരും ഒരു അറ്റന്ററുമായിരുന്നു ഉണ്ടായിരുന്നത്. മുഴുവനാളുകളും അപകട സ്ഥലത്തു തന്നെ മരിച്ചതായി ഇറാന്‍ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

Mina Basaran

അടുത്തമാസം വിവാഹം നിശ്ചയിച്ചിരിക്കെയാണ് തുര്‍ക്കികളുടെ ഓമന പുത്രിയായ മിന ബസറാന്‍ ഓര്‍മയായി മാറിയത്. തുര്‍ക്കിയിലെ മെന്റ്പ്രിന്റ് ചെയിനിന്റെ ഉടമ സുറാദ് ഗസറായിരുന്നു പ്രതിശ്രുത വരന്‍. വിവാഹച്ചടങ്ങിന് മുമ്പ് പെണ്‍സുഹൃത്തുക്കള്‍ മാത്രമായി ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ ദുബായിലേക്ക് പോയതായിരുന്നു മിനയും സുഹൃത്തുക്കളും. ഇന്‍സ്റ്റഗ്രാമിലെ താരം കൂടിയായിരുന്നു തുര്‍ക്കികളുടെ സസ്നേഹഭാജനമായ മിന ബസറാന്‍. അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 65000 ഫോളോവേഴ്സുണ്ടായിരുന്നു. തുര്‍ക്കി വനിതകളുടെ മാതൃകാ സ്ത്രീയായി ആഘോഷിക്കപ്പെട്ട അവര്‍, തന്റെ പിതാവിന്റെ കമ്പനിയുടെ ഭാവി ഉടമയായിട്ടായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്.

Mina Basaran

ദുബായ് ബാച്ചിലര്‍ പാര്‍ട്ടിക്കിടയിലെടുത്ത ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അവസാന ചിത്രങ്ങളിലൊന്ന്. തന്റെ വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ബാത്ത് ഗൗണും കൂളിംഗ് ഗ്ലാസും ധരിച്ച് നില്‍ക്കുന്നതായിരുന്നു ചിത്രം. ദുബായിലെ ഹോട്ടലില്‍ നിന്ന് പകര്‍ത്തിയതായിരുന്നു അത്. കൈയില്‍ പൂക്കളുമായി വിമാനത്തിലേക്ക് കയറുന്ന തന്റെ ചിത്രമാണ് മിന ബസറാന്‍ അവസാനമായി പോസ്റ്റ് ചെയ്ത ഫോട്ടോ. മിനുട്ടുകള്‍ക്കകം ഏഴായിരത്തോളം പേര്‍ ഈ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരുന്നു.