Latest News

എംഎല്‍എയേയും വൈദീകനേയും കബളിപ്പിച്ച് കൂട്ടത്തില്‍ ചേര്‍ത്തു; ചികിത്സാ ധനസഹായനിധിയെന്ന വ്യാജേന ടൗണുകളില്‍ പണപ്പിരിവ് നടത്തിയ ആറംഗ സംഘം അറസ്റ്റിലായത് ഇങ്ങനെ

2018-04-08 04:04:25am |

അണക്കര: ചികിത്സാ ധനസഹായനിധിയെന്ന വ്യാജേന ടൗണുകളില്‍ പണപ്പിരിവു നടത്തിയ ആറംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. സംഘത്തലവന്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുമ്പഴത്തൂര്‍ തെക്കേക്കര പുത്തന്‍വീട്ടില്‍ എസ്.എസ് ഷിജുമോന്‍(36), വയനാട് െവെത്തിരി സ്വദേശികളായ പുഴമൂടി ലക്ഷംവീട് കോളനി െതെത്തറയില്‍ പ്രെയ്‌സ് തോമസ്(20), സുഗന്ധഗിരി പുതുച്ചിറക്കുഴിയില്‍ തോമസ് ഹെന്‍ട്രി(33), വെങ്ങപ്പള്ളി പിനങ്ങോട് ലാന്‍സ് കോളജില്‍ രാജന്‍ ഹരിദാസ്(41), കുപ്പഴിത്തറ മുണ്ടക്കുറ്റി കരിയാടുകുന്ന് സിബിന്‍ കുര്യന്‍(18), വയനാട് മാനന്തവാടി പള്ളിക്കുന്ന് മണല്‍മേല്‍ സുധിന്‍ തങ്കപ്പന്‍(21) എന്നിവരെയാണ് വണ്ടന്‍മേട് പോലീസ് പിടികൂടിയത്. സംഘത്തെക്കുറിച്ചു പോലീസിനു നേരത്തെ പരാതി ലഭിച്ചിരുന്നു. ഇന്നലെ െവെകിട്ട് അണക്കരയില്‍ പണപ്പിരിവു നടത്തുന്നതിനിടെ സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2017 സെപ്റ്റംബര്‍ 22 നാണ് ഓള്‍ കേരള ചങ്ങാതിക്കൂട്ടം എന്ന പേരില്‍ ക്യാന്‍സര്‍, വൃക്കരോഗം, കരള്‍രോഗം, മസ്തിഷ്‌ക രോഗം എന്നിവ ബാധിച്ച സാധാരണക്കാരെ സഹായിക്കാനെന്ന പേരില്‍ സംഘം കേരളത്തിലുടനീളം പര്യടനം അരംഭിക്കുന്നത്.ആദ്യഘട്ടത്തില്‍ ഒരു െവെദികന്റെ നേതൃത്വത്തിലാണ് ചങ്ങാതിക്കൂട്ടം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ തട്ടിപ്പു മനസിലാക്കിയ ഇദ്ദേഹം സംഘത്തെ പിരിച്ചുവിട്ടു. തുടര്‍ന്ന് ആറു പേരുടെ നേതൃത്വത്തില്‍ സംഘം ഇതേപേരില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കാസര്‍ഗോഡ് എം.എല്‍.എ: എന്‍.എ. നെല്ലിക്കുന്നാണ് ഇവരുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്നവരെ സഹായിക്കാന്‍ സുമനസുകള്‍ നടത്തുന്ന യാത്രയാണെന്ന വിശ്വാസത്തിലായിരുന്നു എം.എല്‍.എ ചടങ്ങില്‍ പങ്കെടുത്തത്.

എന്നാല്‍ യാത്ര ആരംഭിച്ചശേഷം എം.എല്‍.എയുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡ് പ്രചരണത്തിനായി ഉപയോഗിച്ചു വരികയായിരുന്നു. ഇതിനായി കാസര്‍ഗോഡു നിന്നു ജീപ്പ് വാടകയ്‌ക്കെടുത്തു. പ്രതിമാസം 25,000 രൂപ വാടക ഇനത്തിലും ഇന്ധനത്തിനുള്ള തുക, ഡ്രൈവറുടെ ചെലവ് എന്നിവ ഉള്‍പ്പെടെയുമാണ് വാഹനം വാടകയ്‌ക്കെടുത്തത്. രണ്ടു വാഹനങ്ങളിലായാണ് സംഘം സഞ്ചരിച്ചിരുന്നത്. പിരിച്ചെടുക്കുന്ന തുക ഷിജുമോന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്.

ഇതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പുവിവരം പുറത്താകുന്നത്. അണക്കരയില്‍ അനധികൃതമായി പണപ്പിരിവു നടത്തുന്നുവെന്ന പരാതിയിലാണ് പോലീസ് സ്ഥലത്തെത്തി സംഘത്തെ കസ്റ്റഡിയിയെടുത്തത്. എസ്.ഐ: ഇ.ജി ഷനില്‍കുമാര്‍, എ.എസ്.ഐ: ടി. വിനോദ്കുമാര്‍, എസ്.സി.പി.ഒ: വിജയകുമാര്‍, സി.പി.ഒമാരായ കെ.ടി റെജിമോന്‍, സുനീഷ്‌കുമാര്‍ പി.വി, ലിറ്റോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ അറസ്റ്റു ചെയ്തത്. കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.