Latest News

വീട് കയറി ആക്രമിച്ചതിന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു

2018-04-10 02:00:31am |

കൊച്ചി: വരാപ്പുഴയില്‍ വീട് കയറി ആക്രമിച്ചതിന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു. ശ്രീജിത്ത് ആണ് മരിച്ചത്. വരാപ്പുഴ ദേവസ്വംപാടത്ത് വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്ന് വാസുദേവന്‍ എന്നയാള്‍ മരിച്ച കേസിലെ മുഖ്യപ്രതിയായിരുന്നു. ശ്രീജിത്ത്. ഇയാള്‍ക്ക് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റതായി ബന്ധുക്കള്‍ ആരോപിച്ചു. കസ്റ്റഡി മര്‍ദ്ദനമെന്ന ബന്ധുക്കളുടെ പരാതിയില്‍ ഇന്ന് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സയിലായിരുന്ന ശ്രീജിത്ത് മരിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന അക്രമികള്‍ വാസുദേവനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് വാസുദേവന്‍ ജീവനൊടുക്കിയതോടെയാണ് ശ്രീജിത്ത് അടക്കമുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റിഡിയില്‍ ശ്രീജിത്തിന് ക്രൂരമര്‍ദ്ദനമേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ശ്രീജിത്തിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ വൈകുന്നേരം ആറരയോടെ മരണം സംഭവിച്ചു.

custodial death

ജീവനൊടുക്കിയ വാസുദേവന്‍

വെള്ളിയാഴ്ച ഉച്ചയ്‌ക്ക്‌ പതിനഞ്ചംഗ സംഘം വടിവാള്‍, കമ്പിപ്പാര എന്നിവയുമായെത്തി വാസുദേവനെ ആക്രമിക്കുകയായിരുന്നു. വാസുദേവനെ ക്രൂരമായി മര്‍ദിച്ചശേഷം സംഘം മടങ്ങി. വിവരമറിഞ്ഞെത്തിയ മകന്‍ മര്‍ദിച്ച ചിലരുമായി ബഹളം ഉണ്ടാക്കി. ഇതേത്തുടര്‍ന്ന്‌ തിരിച്ചുപോയ സംഘം വീണ്ടും വന്ന്‌ആക്രമിച്ചു. വാസുദേവന്റെ മകന്‍ വിനീഷി(18)നു കൈയ്‌ക്കു വെട്ടി. വാസുദേവന്റെ മകളുടെ ആറുമാസമായ കുട്ടിയെ വലിച്ചെറിയാനും അക്രമികള്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാസുദേവന്‍ ജീവനൊടുക്കിയത്. സമീപത്തെ ക്ഷേത്രത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഉത്സവത്തിന്‌ ഉണ്ടായ സംഘര്‍ഷത്തിന്റെ പകയാണ്‌ സംഭവങ്ങള്‍ക്കു പിന്നിലെന്നാണ്‌ വിവരം.