Latest News

ഒളിവില്‍പ്പോയ കൊരട്ടിപ്പള്ളി വികാരിയെ മാറ്റും; മുക്കുപണ്ടം പകരംവച്ച്‌ പള്ളിയില്‍നിന്നു സ്വര്‍ണം തട്ടിയെടുത്തത് ആരാണെന്നു വ്യക്‌തമാക്കിയിട്ടുമതി പുതിയ നടപടികളെന്ന് വിശ്വാസികള്‍

2018-04-10 02:04:04am |

തൃശൂര്‍: കോടികളുടെ സാമ്പത്തിക ക്രമക്കേട്‌ കണ്ടെത്തിയ കൊരട്ടി സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയിലെ വികാരി ഫാ. മാത്യു മണവാളനെ മാറ്റാന്‍ തൃശൂര്‍ അതിരൂപത തീരുമാനിച്ചു. ഈ തീരുമാനം വികാരിയെ സംരക്ഷിക്കാനുള്ള തന്ത്രമാണെന്ന ആരോപണം സംഘര്‍ഷത്തിലെത്തി. തട്ടിപ്പ്‌ നടത്തിയത്‌ ആരാണെന്നു വ്യക്‌തമാക്കിയിട്ടുമതി പുതിയ നടപടികളെന്നാണു വിശ്വാസികളുടെ നിലപാട്‌. ആരോപണവിധേയര്‍ക്ക്‌ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇന്നലെ പള്ളിയില്‍ ദിവ്യബലി ശുശ്രൂഷയ്‌ക്കിടെ പ്രശ്‌നം സംഘര്‍ഷത്തിലേക്ക്‌ വഴിമാറി. സാമ്പത്തിക ക്രമക്കേട്‌ നടത്തിയതും സ്വര്‍ണം അപഹരിച്ചതും ആരാണെന്ന്‌ വ്യക്‌തമാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കൊടുവില്‍ മുന്നൂറ്റമ്പതോളം വിശ്വാസികള്‍ ഒപ്പിട്ട പരാതി അന്വേഷണ കമ്മിഷന്‍ അംഗങ്ങളുടെ കൈവശം അതിരൂപതാ നേതൃത്വത്തിനു കൊടുത്തയച്ചു. ഒരാഴ്‌ചയ്‌ക്കകം പ്രശ്‌നങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാണു പരാതിയിലെ ആവശ്യം. ഫാ. മാത്യു മണവാളനു പകരം പ്രീസ്‌റ്റ്‌ ഇന്‍ ചാര്‍ജ്‌ എന്ന പേരില്‍ ഒരു വികാരിയെ താല്‍ക്കാലികമായി നിയമിക്കുമെന്നാണ്‌ ദിവ്യബലി ശുശ്രൂഷാ ചടങ്ങിനിടെ വ്യക്‌തമാക്കിയത്‌.

വിശ്വാസികള്‍ തെരഞ്ഞെടുത്ത പതിനഞ്ചംഗ കമ്മിറ്റി പിരിച്ചുവിടാനും രൂപതയുടെ ഇടക്കാല നടത്തിപ്പിനായി പുതിയ കമ്മിറ്റി രൂപീകരിക്കാനുമുള്ള തീരുമാനവും അറിയിച്ചു. ഇതോടെ സാമ്പത്തിക തട്ടിപ്പ്‌ പരാതിയില്‍ പരിഹാരം കണ്ടിട്ടു മാത്രം പുതിയ കമ്മിറ്റിയെ അയച്ചാല്‍ മതിയെന്ന്‌ വിശ്വാസികള്‍ ശഠിക്കുകയായിരുന്നു.

സാമ്പത്തിക ക്രമക്കേട്‌ അന്വേഷണ കമ്മിഷനും കണ്ടെത്തിയതോടെ ഫാ. മാത്യു മണവാളന്‍ വീണ്ടും ഒളിവിലാണ്‌. വികാരിയുടെ സഹകരണമില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ ആലോചിക്കാനായി ഇന്നലെ പൊതുയോഗം വിളിച്ചിരുന്നു. അതിരൂപത വിശ്വാസികള്‍ക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അറിയിച്ചതിനെത്തുടര്‍ന്നാണ്‌ പൊതുയോഗം മാറ്റിവച്ചത്‌. മുക്കുപണ്ടം പകരംവച്ച്‌ പള്ളിയില്‍നിന്നു സ്വര്‍ണം തട്ടിയെടുത്തു എന്ന്‌ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്‌. വിശദമായ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഇന്നലെ നടന്ന മൂന്ന്‌ ദിവ്യബലി ശുശ്രൂഷകള്‍ക്കിടെ വായിക്കുമെന്ന അറിയിപ്പും ലഭിച്ചിരുന്നു. ഒന്നാം ദിവ്യബലി ചടങ്ങില്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചപ്പോള്‍ത്തന്നെ വിശ്വാസികള്‍ പ്രതിഷേധം ആരംഭിച്ചു. എന്നാല്‍ മൂന്നാമത്തെ ദിവ്യബലിയിലും റിപ്പോര്‍ട്ട്‌ വായിക്കണമെന്ന്‌ കര്‍ശന നിര്‍ദേശമുണ്ടെന്ന്‌ അതിരൂപത നിയോഗിച്ച വൈദികന്‍ വ്യക്‌തമാക്കി. തുടര്‍ന്ന്‌ ശുശ്രൂഷകള്‍ നടത്തിയതിനു ശേഷം പൊതുയോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

യോഗത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയെത്തുടര്‍ന്നാണു പരാതി കൊടുത്തയച്ചത്‌. സ്വര്‍ണം മോഷ്‌ടിച്ചതാരെന്നു വ്യക്‌തമാക്കുക, വികാരിക്കെതിരേ നടപടി സ്വീകരിക്കുക, ആരോപണവിധേയര്‍ക്ക്‌ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുക, പ്രശ്‌നക്കാരനെന്ന്‌ സംശയിക്കുന്ന കപ്യാരെ പറഞ്ഞുവിടുക തുടങ്ങിയ നിര്‍ദേശങ്ങളാണു പരാതിയിലുള്ളത്‌.

കോടതി നടപടികള്‍ ഉള്‍പ്പെടെ നടപ്പാക്കണമെന്ന്‌ വിശ്വാസികള്‍ തുടക്കംമുതല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പള്ളിക്ക്‌ ചീത്തപ്പേരുണ്ടാക്കാതെ സമയബന്ധിതമായി തീരുമാനമുണ്ടാക്കാനാണ്‌ അതിരൂപതയുടെ ശ്രമം. എന്നാല്‍ ഫാ. മാത്യു മണവാളനെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ്‌ അന്വേഷണ കമ്മിഷന്‍ നടത്തുന്നതെന്ന്‌ കടുത്ത ആരോപണമുണ്ട്‌. ഒളിവില്‍ പോയ അദ്ദേഹം സഭയുടെ ആശുപത്രിയായ എറണാകുളം ലിസിയില്‍ ഏഴാംനിലയിലെ അഞ്ചാം നമ്പര്‍ മുറിയിലുണ്ടെന്ന്‌ വിശ്വാസികളില്‍ ചിലര്‍ കണ്ടെത്തിയിരുന്നു. വികാരിയുടെ ഒളിച്ചോട്ടവും സാമ്പത്തിക തിരിമറിയും നവമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്‌.

വിശ്വാസികള്‍ നവമാധ്യമങ്ങളില്‍ ഇത്തരം പ്രചാരണം നടത്തരുതെന്നു യോഗത്തില്‍ നിര്‍ദേശമുണ്ടായി. പള്ളിക്ക്‌ മുമ്പിലും പരിസരത്തും സ്‌ഥാപിച്ച ബോര്‍ഡുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്യാനും നിര്‍ദേശിച്ചു. ഒരാഴ്‌ചയ്‌ക്കിടെ അതിരൂപത പരാതിക്ക്‌ മറുപടി നല്‍കിയില്ലെങ്കില്‍ പ്രശ്‌നം വഷളാകുമെന്നാണ്‌ സൂചന. കൊരട്ടി ദേവമാത ആശുപത്രി നടത്തിപ്പിന്‌ ഇടവക ജനങ്ങളുടെ അറിവില്ലാതെ ആദ്യകാല വികാരി സൊസൈറ്റി രൂപീകരിച്ചതിനെക്കുറിച്ചും വിശ്വാസികള്‍ അന്വേഷണം ആവശ്യപ്പെടുന്നു.