Latest News

നന്ദന്‍കോട് കൂട്ടക്കൊല: കൊല്ലപ്പെട്ട ദമ്പതികളുടെ ഒളിവില്‍ പോയ മകന്‍ പിടിയില്‍

2017-04-11 02:27:50am |

തിരുവനന്തപുരം: നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടില്‍ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കേഡല്‍ ജീന്‍സണ്‍ പിടിയില്‍. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കേഡലിനെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് റെയില്‍വേ പോലീസാണ് പിടികൂടിയത്. കേസില്‍ നിര്‍ണ്ണായകമായ അറസ്റ്റുണ്ടായതോടെ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണമടക്കം വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.

മുന്‍ ആര്‍.എം.ഒ ആയിരുന്ന ഡോ. ജീന്‍ പദ്മ, ഭര്‍ത്താവ് പ്രൊഫ. രാജതങ്കം, മകള്‍ ഡോ. കരോളിന്‍, ഇവരുടെ ബന്ധുവായ ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ലളിതയുടെ മൃതദേഹം കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. പാതി കത്തിയ നിലയില്‍ ഒരു ഡമ്മിയും ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. താനടക്കം വീട്ടിലെ എല്ലാവരും കൊല്ലപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാന്‍ ജീന്റെ ക്രിമിനല്‍ ബുദ്ധിയില്‍ തെളിഞ്ഞതാണ് ഡമ്മി കത്തിക്കലെന്നാണ് പോലീസ് കരുതുന്നത്.

ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കേഡല്‍ കൊലപാതകം നടത്തിയത്. വീട്ടില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ ഇത് സാധൂകരിക്കുന്നു. വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ലഭിച്ച മഴു, വെട്ടുകത്തി എന്നിവയില്‍ രക്തം പുരണ്ടിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ വെട്ടിമുറിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് തിരുവനന്തപുരം എല്‍.എം.എസ് പള്ളിയില്‍ സംസ്‌കരിച്ചു.