Latest News

നന്തന്‍കോട് കൊലപാതകം സാത്താന്‍സേവയുടെ ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്താനുള്ള പരീക്ഷണത്തിന്റെ ഭാഗം?

2017-04-11 02:32:52am |

തിരുവനന്തപുരം: നന്തന്‍കോട്ട് അച്ഛനമ്മമാരെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയെന്നു കരുതുന്ന കേദല്‍ ജിന്‍സണ്‍ രാജ് പിടിയിലായി. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു ഷാഡോ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ചെന്നെയിലേക്കു കടന്ന കേദല്‍ തിരുവനന്തപുരത്തു മടങ്ങിയെത്തിയപ്പോഴാണു പിടിയിലായത്. ചെെന്നെയിലെത്തിയ കേദല്‍ പോലീസിന്റെ ലുക്കൗട്ട് നോട്ടീസിലൂടെ തന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നതറിഞ്ഞ് കീഴടങ്ങാനായാണ് തിരുവനന്തപുരത്തു തിരിച്ചെത്തിയത്. റെയില്‍വേ സ്‌റ്റേഷനിലെ വെയിറ്റിങ് റൂമില്‍ ഷേവ് ചെയ്തുകൊണ്ടിരിക്കെയായിരുന്നു അറസ്റ്റ്.

പിടിയിലായ കേദല്‍ ജിന്‍സണ്‍ രാജ് ചെകുത്താന്‍സേവയുടെ ആളായിരുന്നുവെന്നു പോലീസ്. ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്താനുള്ള പരീക്ഷണത്തിന്റെ ഭാഗമായിരുന്നു കൊലപാതകങ്ങള്‍. കൊലപാതകത്തിനായി ഉപയോഗിച്ച മഴു ഓണ്‍െലെന്‍ മുഖേനയാണ് വാങ്ങിയതെന്നും സൂചനയുണ്ട്. ഞായറാഴ്ചയാണ് നന്തന്‍കോട് ക്ലിഫ് ഹൗസിനുമുള്ള വീട്ടില്‍ റിട്ടയേര്‍ഡ് പ്രഫസര്‍ രാജ് തങ്കം(60), ഭാര്യ ഡോ. ജീന്‍ പത്മം(58), മകള്‍ കരോളിന്‍(25), ബന്ധു ലളിത(70) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം വെട്ടിനുറുക്കി ചാക്കിലാക്കിയ നിലയിലുമായിരുന്നു. കാണാതായതോടെ സംശയം കേദലിലേക്കു കേന്ദ്രീകരിച്ചിരുന്നു.

ശനിയാഴ്ച രാത്രിയോടെ വീട്ടില്‍നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. തുടര്‍ന്നെത്തിയ ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് അരുംകൊല നാടറിഞ്ഞത്. കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. പകുതി കത്തിക്കരിഞ്ഞ നിലയില്‍ ഒരു ഡമ്മിയും പോലീസ് സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയിരുന്നു. കേദലിനെ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്യുകയാണ്. ഡി.സി.പി. അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നേതൃത്വത്തിലാണ് ഇയാളെ ചോദ്യംചെയ്യുന്നത്. ഇന്ന് ഇയാളെ തെളിവെടുപ്പിനായി നന്തന്‍കോട്ടെ വസതിയില്‍ എത്തിക്കും. കേദലിന് മാനസിക വിഭ്രാന്തി ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.