Latest News

മരണക്കിടക്കയിൽ ശ്രീജിത്ത് അവസാനമായി ഭാര്യയോട് ആവശ്യപ്പെട്ടത്, "എനിക്ക് മോളെ കാണണം"; നൊമ്പരപ്പാടായി ഈ ചിത്രം

2018-04-12 01:51:46am |

കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ചതിനെച്ചൊല്ലിയുള്ള പ്രതിഷേധം നാടെങ്ങും അലയടിക്കുന്നതിനിടെ നൊമ്പരപ്പാടായി ഒരു ചിത്രം. അച്ഛന്‍ മരിച്ചതറിയാതെ വീട്ടിൽ ഓടിക്കളിക്കുന്ന ശ്രീജിത്തിന്റെ മകൾ ആര്യനന്ദ. ഈ മൂന്നര വയസ്സുകാരിക്ക് ഇപ്പോഴും അറിയില്ല വീട്ടില്‍ എന്തിനാണ് പൊടുന്നനെയുള്ള ഈ സന്ദർശകരെന്ന്. എങ്കിലും സന്ദർശകരെയെല്ലാം അവൾ ചിരിയോടെ സ്വാഗതം ചെയ്തു. കൂട്ടുകാര്‍ക്കൊപ്പം അവള്‍ പതിവുപോലെ കളിക്കുകയും ചിരിക്കുകയും ചെയ്തു.

രാത്രിയിൽ അച്ഛനെ പൊലീസുകാർ കൊണ്ടുപോകുമ്പോൾ ഉറക്കത്തിലായിരുന്നു ആര്യനന്ദ. ഉണർന്നെഴുന്നേറ്റപ്പോൾ പലവട്ടം അച്ഛനെ തിരക്കി. ശ്രീജിത്തിന്റെ ഭാര്യ ഓരോന്നു പറഞ്ഞു സമാധാനിപ്പിച്ചു. പൊലീസ് കസ്റ്റഡിയിൽ നിന്ന് ആശുപത്രിയിൽ എത്തിച്ച ശ്രീജിത്ത് തന്റെ മരണക്കിടക്കയിൽ അവസാനമായി ഭാര്യയോട് ആവശ്യപ്പെട്ടതും മകളെ കാണണമെന്നാണ്.

സങ്കടക്കടലായിരുന്നു ഇന്നലെ ശ്രീജിത്തിന്റെ വീട്. ഭാര്യ അഖിലയെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലാക്കി. കരഞ്ഞു തളർന്നിരിപ്പായിരുന്നു അച്ഛൻ രാമകൃഷ്ണൻ. മകൻ മരിച്ചതിന്റെ സങ്കടം എണ്ണിപ്പെറുക്കി അമ്മ ശ്യാമള. ഇളയ മകൻ സജിത്ത് ആലുവ സബ്ജയിലിൽ റിമാൻഡിൽ. ശ്രീജിത്ത് പ്രതിയായ അതേ കേസിലാണു സജിത്തും ഉൾപ്പെട്ടത്. രാത്രി ഏഴോടെയാണ് ശ്രീജിത്തിന്റെ മൃതദേഹവുമായി ആംബുലൻസ് എത്തിയത്.