Latest News

സെറിബ്രൽ പാൾസി ബാധിച്ച മകനെ പരിചരിക്കാൻ രാത്രി ഡ്യൂട്ടിയിൽ ഇളവ് തേടി; നഴ്സിനെ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ടു

2018-04-12 01:54:09am |

രോഗിയായ മകനെ പരിചരിക്കാൻ ഡ്യൂട്ടി സമയത്തിൽ ഇളവ് ചോദിച്ചതിന് നഴ്സിനെ പിരിച്ചുവിട്ടതായി ആരോപണം. സെറിബ്രൽ പാൾസിയുള്ള മകനെ നോക്കണ്ടതിനാൽ രാത്രി ഡ്യൂട്ടിയിൽ ഇളവു തേടിയ പാലസ് വാർഡ് പുത്തിരേത്ത് വീട്ടിൽ എസ്. ബിനീതയെ ആണ് അവർ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്നു പിരിച്ചു വിട്ടതെന്നാണ് ആരോപണം. കായംകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലെ നഴ്സായിരുന്നു ബിനീത.

രാത്രി ഡ്യൂട്ടിയിൽ ഇളവ് തേടി മനുഷ്യാവകാശ കമ്മീഷനെയാണ് ബിനീത സമീപിച്ചത്. തുടർന്ന് ഇവർക്ക് രാത്രി ഡ്യൂട്ടിയിൽ ഇളവ് അനുവദിക്കണമെന്ന് കമ്മിഷൻ കഴിഞ്ഞ ഡിസംബർ 16ന് നിർദേശിച്ചിരുന്നു. ഇതിന്റെ  പ്രതികാരമെന്നോണമാണ് 22 വർഷം നഴ്‌സായി ജോലി ചെയ്തിരുന്ന തന്നെ മറ്റു യാതൊരു കാരണവും പറയാതെ ആശുപത്രി അധികൃതർ കഴിഞ്ഞ അഞ്ചിന് പിരിച്ചുവിട്ടതെന്ന് ബിനിത ആരോപിക്കുന്നു. എന്നാൽ ആരോപണത്തോട് ആശുപത്രി അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഒന്നും വന്നിട്ടില്ല.

ബിനീതയുടെ 12 വയസ്സുള്ള മൂത്തമകനാണ് അസുഖം ബാധിച്ചത്. ബിനീതയുടെ അമ്മയായിരുന്നു കുട്ടിയെ നേരത്തെ നോക്കിക്കൊണ്ടിരുന്നത്. എന്നാൽ പ്രായാധിക്യത്താൽ കുഞ്ഞിന്റെ കാര്യം നോക്കാൻ ഇവർക്ക് ബുദ്ധിമുട്ടായി. ഇതോടെ രാത്രി ഡ്യൂട്ടി ഒഴിവാക്കിത്തരണമെന്ന് ആശുപത്രി മാനേജ്മെന്റിനോട് പലകുറി അപേക്ഷിച്ചു. അതിന് മാനേജ്മെന്റ് തയാറാകാതെ വന്നതോടെയാണ് ആലപ്പുഴ കലക്ടറെയും മനുഷ്യാവകാശ കമ്മിഷനെയും ലേബർ ഓഫീസറെയും സമീപിച്ചതെന്നും ബിനീത പറയുന്നു.

ടാക്‌സി ഡ്രൈവറായ ബിനുവാണ് ബിനിതയുടെ ഭർത്താവ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താനും കുടുംബവുമെന്ന് ബിനീത പറയുന്നു. കുഞ്ഞിന്റെ ചികിത്സയ്ക്ക് തന്നെ നല്ലൊരു തുക വേണം. ഇതിനിടയിലാണ് ജോലി നഷ്ടപ്പെട്ടത്. ഇവർക്ക് അഞ്ചുവയസുള്ള ഒരു മകൾ കൂടിയുണ്ട്.