കത്വവ പീഡനം, എത്ര ഭീഷണിപ്പെടുത്തിയാലും പിന്നോട്ടില്ല; ഈ പോരാട്ടം എന്റെ മകള്‍ക്ക് വേണ്ടിയും: അഭിഭാഷക ദീപിക

ശ്രീനഗര്‍: ഭീഷണികള്‍ എത്ര ഉയര്‍ന്നാലും കത്വവ പെണ്‍കുട്ടിക്ക് വേണ്ടി പോരാടുമെന്ന് അഭിഭാഷകയായ ദീപിക എസ്. രജാവത്ത്. കത്വവ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്നത് തടയാന്‍ അഭിഭാഷകയ്ക്കെതിരെ ജമ്മു കശ്മീര്‍ ബാര്‍ കൗണ്‍സില്‍ തന്നെ രംഗത്ത് വന്നിരുന്നു. എന്തൊക്കെ ഭീഷണി ഉയര്‍ന്നാലും താന്‍ പിന്മാറില്ലെന്നും ഈ പോരാട്ടം തന്റെ മകള്‍ക്ക് വേണ്ടി കൂടിയാണെന്നും ദീപിക പറഞ്ഞു.
ചുവരില്‍ തൂക്കിയ ആ ഫോട്ടോയില്‍ കാണുന്നത് എന്റെ മകളാണ്. പേര് അഷ്ടമി. അവള്‍ക്ക് അഞ്ച് വയസാണ് പ്രായം. അവള്‍ക്ക് വേണ്ടി കൂടിയാണ് ഞാന്‍ പോരാടുന്നത്-ഇന്ത്യ ടൈംസിന് നല്കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞു. കശ്മീര്‍ ഹൈക്കോടതിയില്‍ വച്ച് ബാര്‍ അസോസിയേഷന് പ്രസിഡന്റ് ബി.എസ് സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയതായി ദീപിക പറഞ്ഞു. പെണ്‍കുട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരാകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്നും ദീപിക പറഞ്ഞു.
പ്രതികളെ രക്ഷിക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് ദീപിക ചോദിച്ചു. കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പോലീസുകാരെ അഭിഭാഷകര്‍ തടഞ്ഞിരുന്നു. തനിക്കെതിരെ ഭീഷണി ഉയര്‍ന്നപ്പോള്‍ പോലീസ് സംരക്ഷണം നല്‍കാമെന്ന് അറിയിച്ച് കശ്മീര്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. ഇത് കരുത്ത് പകരുന്നുവെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.