Latest News

ഗുണ്ടാത്തലവന്‍ കോടാലി ശ്രീധരന്റെ മുങ്ങല്‍ സിനിമാ സ്റ്റൈലില്‍, തമിഴ്‌നാട്‌ പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാന്‍ കേരളാ പോലീസിലെ ചിലര്‍ സഹായിച്ചു ?

2018-04-16 02:14:23am |

തൃശൂര്‍: തമിഴ്‌നാട്‌ പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാന്‍ കേരളാ പോലീസിലെ ചിലര്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കോടാലി ശ്രീധരനെ സഹായിച്ചെന്ന്‌ ആക്ഷേപം. കോതമംഗലത്തെ വീട്ടിലേക്കു തമിഴ്‌നാട്‌ പോലീസ്‌ പരിശോധനയ്‌ക്ക്‌ എത്തുന്നുണ്ടെന്ന വിവരം ചോര്‍ത്തിക്കൊടുത്തെന്നാണ്‌ ആക്ഷേപം. കോതമംഗലത്തു കൊട്ടാരസദൃശമായ വീട്ടില്‍ താമസിക്കുകയായിരുന്ന ഇയാള്‍ തൃശൂരിലേക്ക്‌ താവളം മാറ്റിയെന്നു സൂചനയുണ്ട്‌. കേരളം വിട്ടിരിക്കാനുള്ള സാധ്യതയും പോലീസ്‌ തള്ളിയിട്ടില്ല.

തൃശൂരിലും കൊടകരയിലും ശ്രീധരന്‌ അരഡസനോളം ഒളിത്താവളങ്ങളുണ്ടെന്നാണു വിവരം. കോതമംഗലത്തുനിന്ന്‌ ഇയാളുടെ നാലു കൂട്ടാളികളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇവരിലൊരാള്‍ മുന്‍ എസ്‌.ഡി.പി.ഐ. നേതാവാണ്‌. പോലീസ്‌, രാഷ്‌ട്രീയ, മാഫിയാസംഘങ്ങളുമായി അടുത്ത ബന്ധമുള്ള ശ്രീധരന്‍ സിനിമാസ്‌റ്റൈലില്‍ ചടുലനീക്കങ്ങള്‍ക്കു വിദഗ്‌ധനാണ്‌.

2016 ല്‍ മകന്‍ അരുണിനെ(32) ഒരു ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയപ്പോള്‍ ശ്രീധരന്‍ നേരിട്ടുചെന്നാണു മോചിപ്പിച്ചത്‌. ശ്രീധരന്‌ സ്വന്തം നിലയില്‍ ഗുണ്ടകളും സന്നാഹങ്ങളുമുണ്ട്‌. ഉന്നത കോണ്‍ഗ്രസ്‌ നേതാക്കളുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നു നേരത്തെ വാര്‍ത്ത വന്നതു വിവാദമായിരുന്നു.
കോതമംഗലത്തെ വീട്ടിലെത്തിയ തമിഴ്‌നാട്‌ പോലീസ്‌ സംഘത്തെ വളര്‍ത്തുനായ്‌ക്കളെ അഴിച്ചുവിട്ടാണ്‌ ഏതാനും സമയത്തേക്ക്‌ ശ്രീധരന്‍ പ്രതിരോധിച്ചത്‌.

അവര്‍ ഗേറ്റ്‌ തുറന്ന്‌ എത്തുമ്പോഴേക്കും പിന്‍വാതില്‍ വഴി രക്ഷപ്പെട്ടു. തൃശൂര്‍ സ്വദേശികളായ ഷെരീഫ്‌, മണി യോഗേഷ്‌, കിന്‍സണ്‍, ധനേഷ്‌ എന്നിവരാണ്‌ പിടിയിലായത്‌. ഷെരീഫ്‌ എസ്‌.ഡി.പി.ഐ. മുന്‍ നേതാവാണെന്നു പോലീസ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു. മലപ്പുറം സ്വദേശിയായ മുഹമ്മദലിയെയും തെരയുന്നുണ്ട്‌. കോടാലിശ്രീധരന്‌ പോലീസ്‌ നീക്കങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നത്‌ മുഹമ്മദാലിയാണ്‌.
തൃശൂരിലെ ഫ്‌ളാറ്റില്‍ മൂന്നുവര്‍ഷം മുമ്പ്‌ യുവാവിനെ അടിച്ചുകൊന്ന കേസില്‍ പോലീസ്‌ പിടിയിലായ കാലിക്കറ്റ്‌ സര്‍വകലാശാലാ യൂണിയന്‍ മുന്‍ ചെയര്‍മാനും ഡി.സി.സി. സെക്രട്ടറിയുമായിരുന്ന എം.ആര്‍. രാംദാസിന്റെയും മറ്റു ഉന്നത കോണ്‍ഗ്രസ്‌ നേതാക്കളുടെയും മനഃസാക്ഷി സൂക്ഷിപ്പുകാരനാണ്‌ ശ്രീധരനെന്നും പറയപ്പെടുന്നു. എ ഗ്രൂപ്പിന്റെ പ്രമുഖനായ മുന്‍ മന്ത്രിയുമായി ബന്ധപ്പെട്ടും കോടാലിയുടെ പേര്‌ പലകുറി പരാമര്‍ശിക്കപ്പെട്ടിരുന്നു. മലപ്പുറം കേന്ദ്രീകരിച്ചു നടത്തിയ ഒട്ടേറെ ഹവാലാ പണമിടപാടുകളിലൂടെ അതിസമ്പന്നനായ ശ്രീധരന്‌ കോടികളുടെ ആസ്‌തിയുണ്ട്‌. സ്‌പിരിറ്റു കടത്തിലും ഇയാള്‍ ശ്രദ്ധിച്ചു തുടങ്ങിയതായാണ്‌ പോലീസ്‌ പറയുന്നത്‌.

ഏറ്റവുമൊടുവില്‍ തമിഴ്‌നാട്ടില്‍ നടത്തിയ തട്ടിപ്പില്‍ കൈക്കലാക്കിയത്‌ 3.9 കോടി രൂപയാണ്‌. കള്ളപ്പണവുമായി വരുന്ന കാരിയര്‍മാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്‌താണ്‌ കവര്‍ച്ച. കണക്കില്‍ കാണിക്കാത്ത പണമായതിനാല്‍ പലപ്പോഴും പരാതികളുണ്ടാകാറില്ല. തമിഴ്‌നാട്ടില്‍ ഏഴോളം കേസുകളുണ്ട്‌. കര്‍ണാടകയില്‍ അരഡസന്‍ കേസുകളുണ്ട്‌. കേരളത്തില്‍ ഇയാള്‍ക്കെതിരേയുള്ളത്‌ മുപ്പതിലധികം കേസുകള്‍.