Latest News

പിതാവില്‍ നിന്നും 100 രൂപ കടം വാങ്ങിയയാളെ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ കൊന്നു ; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 10,000 രൂപ പിഴയും

2017-04-13 03:08:40am |

മാവേലിക്കര: ഉത്സവത്തിന് കടം വാങ്ങിയ 100 രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കൊലപ്പെടുത്തുകയും അയാളുടെ മകനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ.

2014 ഏപ്രില്‍ 14 ന് നടന്ന സംഭവത്തില്‍ ചിങ്ങോലി മംഗലത്തു കിഴക്കേതില്‍ അജയ് ചന്ദ്രനാണ് ശിക്ഷ ലഭിച്ചത്. ഹരിപ്പാട് ചിങ്ങോലി നെടിയത്ത് വീട്ടില്‍ വിക്രമന്‍ (50) ആയിരുന്നു കൊല്ലപ്പെട്ടത്. ഇയാളുടെ മകന്‍ ജയ്‌മോഹനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. അജയചന്ദ്രന്റെ പിതാവ് ഭുവനചന്ദ്രന്‍ എന്നയാളില്‍ നിന്നും വിക്രമന്‍ വാങ്ങിയ 100 രൂപ തിരികെ നല്‍കിയില്ല എന്നാരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും ഉണ്ടായി.

ഇതിനിടയില്‍ അജയചന്ദ്രന്‍ ജയ്‌മോഹനെ വിളിച്ചുവരുത്തി ആക്രമിക്കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വിക്രമനെ കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. വിക്രമനെ കൊലപ്പെടുത്തിയതിന് പുറമേ ജയ്‌മോഹന് നേരെ നടത്തിയ വധശ്രമത്തിന് അഞ്ചു വര്‍ഷം തടവ് അധികമായും 10,000 രൂപ പിഴയും അജയചന്ദ്രന് കിട്ടിയിട്ടുണ്ട്.