Latest News

ബണ്ടി ചോറിന്റെ ഗുരു സ്വന്തമായി കോടതി പോലും നടത്തിയ തട്ടിപ്പുകാരന്‍ ധനി റാം മിത്തല്‍; വാഹനക്കള്ളനെ പൂട്ടാന്‍ പറ്റിയ തടവറകള്‍ പോലും രാജ്യത്തില്ല

2017-04-13 03:11:11am |

തിരുവനന്തപുരം: ബണ്ടി ചോര്‍ എന്ന സൂപ്പര്‍ കള്ളന്റെ മാനസഗുരു സ്വന്തമായി നിയമന ഉത്തരവ് തയാറാക്കി കോടതിപോലും നടത്തിയ തട്ടിപ്പുകാരുടെ രാജാവായ ധനി റാം മിത്തല്‍. ജില്ലാ ജഡ്ജിയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുവാന്‍ കള്ള രേഖയുണ്ടാക്കി നിര്‍ദേശിച്ച ശേഷം തന്നെ ആ സ്ഥാനത്ത് നിയമിച്ചുകൊണ്ടുള്ള രേഖ ചമയ്ക്കുകയും പിന്നീട് 40 ദിവസം ആ കോടതി നടത്തി. ഇരുന്നൂറിലധികം ക്രിമിനലുകള്‍ക്ക് പണം വാങ്ങി ജാമ്യം അനുവദിക്കുകയും 79 കാരനായ ധനി റാം മിത്തല്‍ ചെയ്തത്രേ.

ബണ്ടിചോര്‍ എന്ന വാഹനക്കള്ളനെ പൂട്ടാന്‍ പറ്റിയ തടവറകള്‍ രാജ്യത്തില്ലെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ബണ്ടി ചോറെന്ന ദേവേന്ദര്‍ സിങ്. ഇയാളെ സ്ഥിരം കുറ്റവാളിയായി വിധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കില്‍ ശിക്ഷാ വിധി വന്നാലുടന്‍ കഴിഞ്ഞ നാലു വര്‍ഷമായി ജയിലില്‍ കഴിയുന്ന ബണ്ടിചോര്‍ ജയില്‍ മോചിതനായേക്കും. കാരണം, അയാള്‍ ചെയ്ത കുറ്റത്തിന് ലഭിക്കാവുന്ന ശിക്ഷാകാലാവധിയേക്കാള്‍ കൂടുതല്‍ കാലം ഇയാള്‍ ജയിലില്‍ കഴിച്ചുകൂട്ടിയെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.

മോഷണത്തില്‍ മാത്രമല്ല, ജയില്‍ചാട്ടത്തിലും ബണ്ടിചോര്‍ കുപ്രസിദ്ധനായിരുന്നു. ജയിലിലാണെങ്കിലും തന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും ബെണ്ടി നിറവേറ്റിയിരുന്നു. സഞ്ജയ് ദത്തിന്റെ ആരാധകനായ ബണ്ടി തന്റെ ഇഷ്ടനായകന്റെ സിനിമയുടെ പ്രത്യേക ഷോ പോലും ജയിലില്‍ നടത്തിച്ചു. 1994ല്‍ ചണ്ഡിഗഡ് ജയിലിലായിരുന്നപ്പോഴാണ് ബണ്ടി തന്ത്രം പയറ്റിയത്. ജയിലുകളില്‍നിന്ന് രക്ഷപ്പെടാനായി തന്റെ പക്കല്‍ നിരവധി ആശയങ്ങളുണ്ടെന്ന് ബണ്ടി ജയില്‍ വാര്‍ഡനെ അറിയിച്ചു.

അവിടെയുണ്ടായിരുന്ന ഹാന്‍ഡ് പമ്പ് ചൂണ്ടി ബണ്ടി പറഞ്ഞു, ഇവിടെ ഇത്തരത്തില്‍ നിരവധി പമ്പുകളുണ്ട്. അതിന്റെ കുഴലുകള്‍ അങ്ങ് ഭൂമിക്ക് താഴെ പോയിട്ടുണ്ട്. അതിലൊന്ന് പൊട്ടിച്ചെടുത്ത് അരിക് വളച്ച് മതില്‍ കയറാന്‍ ഉപയോഗിച്ച് രക്ഷപ്പെടും. ഇതുകേട്ട് ഭയന്ന വാര്‍ഡന്‍ പമ്പ് ഇളക്കി മാറ്റാന്‍ നിര്‍ദേശിച്ചു. അത് കഴിഞ്ഞയുടനെ ബണ്ടി വാര്‍ഡനെ ബ്ലാക്ക്‌മെയില്‍ചെയ്യാന്‍ തുടങ്ങി. തനിക്ക് പ്രിയങ്കരമായ ഓഡിയോ ടേപ്പുകളും ഇഷ്ടനായകന്റെ ചിത്രമായ ഖല്‍നായിക്കിന്റെ പ്രത്യേക ഷോയും ഇതിലൂടെ സംഘടിപ്പിച്ചെടുത്തു. ബല്‍ഗാം ജയിലിലും വാര്‍ഡനെ വരുതിയിലാക്കി ബണ്ടി തന്റെ താല്‍പര്യങ്ങള്‍ നേടിയെടുത്തു. തന്റെ ഗേള്‍ഫ്രണ്ടിനെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ട് താന്‍ എപ്പോള്‍ വേണമെങ്കിലും ഇവിടെ നിന്നും രക്ഷപ്പെട്ടുപോകുമെന്നും അയാള്‍ ഭീഷണി മുഴക്കി. ആകെ ഭയന്ന വാര്‍ഡന്‍ ബണ്ടി ചോദിച്ചതെല്ലാം നല്‍കി.

ബല്‍ഗാവിലെ ജയിലില്‍ വച്ചാണ് ബണ്ടി കവര്‍ച്ചയില്‍ തന്റെ സുഹൃത്തായ വിക്രമിനെ പരിചയപ്പെടുന്നത്. പിന്നെ ജയിലില്‍ നിന്നും മോചിതരായ അവര്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തി 2000 മുതല്‍ ഒരു വേട്ട തന്നെ നടത്തി. ലക്ഷ്യംവയ്ക്കുന്ന വീടും പരിസരവും ദിവസങ്ങളോളും നിരീക്ഷിച്ച ശേഷം മാത്രമാണ് ബണ്ടി മോഷണം നടത്തിയിരുന്നത്.

ഒരിക്കല്‍ കണ്ണുവച്ച ഒരു വീട് കൊള്ളചെയ്യാനായി, ബണ്ടി ചെയ്തത് ആ വീട്ടിലെ ഉടമസ്ഥനുള്ളതുപോലുള്ള ഒരു കാര്‍ മോഷ്ടിച്ച് അതുപോലുള്ള നമ്പര്‍ പ്ലേറ്റും പിടിപ്പിക്കുകയായിരുന്നു. വീടിനു പുറത്തു വന്നുനിന്ന് ഹോണ്‍ മുഴക്കി. സംശയം തോന്നാതിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ വാതില്‍ തുറന്നുകൊടുത്തു. അകത്തു കടന്ന ബണ്ടി അവിടെ വീട്ടുജോലിക്കാരിയെകണ്ടു. ഒരു ഗ്ളാസ് ചൂട് പാല്‍ അവരോട് ആവശ്യപ്പെട്ടു. സംശയം തോന്നാതിരുന്ന ജോലിക്കാരി പാല്‍ എടുക്കാന്‍ പോകുന്നതിനിടയില്‍ കിടക്കമുറിയില്‍ കടന്ന് ബണ്ടി തനിക്ക് വേണ്ടതെല്ലാം എടുത്തു. തിരിച്ചുവന്ന് ജോലിക്കാരിയുടെ െകെയില്‍ നിന്ന് പാലും വാങ്ങിക്കുടിച്ചാണ് മടങ്ങിയത്. ഒരു തിരിച്ചറിയല്‍ രേഖയും സൂക്ഷിക്കാത്ത ബണ്ടി തന്റെ പണത്തിന്റെ ഇടപാടുകളെല്ലാം സുഹൃത്തായ വിക്രമിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇടയ്ക്ക് ബണ്ടിക്ക് ഒളിവില്‍ പോകേണ്ടി വന്നപ്പോള്‍ വിക്രം എല്ലാംകൊണ്ട് മുങ്ങി.