Latest News

ജനങ്ങളെ മാത്രമല്ല, മന്ത്രിമാരെയും പോലീസിനറിയില്ല! മന്ത്രി ഇ. ചന്ദ്രശേഖരന്റെ മുഖത്ത്നോക്കി ഇന്റലിജന്‍സ് മേധാവി ചോദിച്ചത് സുനില്‍കുമാറല്ലേന്ന്

2017-04-13 03:11:51am |

തിരുവനന്തപുരം: പൊതുജനങ്ങളുമായി മാത്രമല്ല സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരുമായും കേരളാ പോലീസിലെ മേധാവികള്‍ക്കു ബന്ധമില്ലെന്നു വ്യക്തം! സംസ്ഥാനത്തെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കേണ്ട ഇന്റലിജന്‍സ് മേധാവിക്കാണ് റവന്യു മന്ത്രിയെ തിരിച്ചറിയാനാവാതെപോയത്.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെ നോക്കി മന്ത്രി വി.എസ്. സുനില്‍കുമാറല്ലേയെന്ന് ചോദിച്ച് ഇന്റലിജന്‍സ് മേധാവി നാണംകെട്ടു. ഇന്റലിജന്‍സ് മേധാവിയുടെ പ്രവര്‍ത്തിയില്‍ മന്ത്രി ചന്ദ്രശേഖരന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി മുഹമ്മദ് യാസീന്‍ കൃഷിമന്ത്രിയെ തേടി പോയത് റവന്യുമന്ത്രിയുടെ വീട്ടിലേക്കായി. വീട്ടിലെത്തി മന്ത്രിയോട് സുനില്‍കുമാര്‍ അല്ലേയെന്ന് ചോദിക്കുകയും ചെയ്തു. വീടുമാറിയതു കൂടാതെ മന്ത്രിയെ തന്നെ എ.ഡി.ജി.പിക്കു മാറിപ്പോയി.

എന്നാല്‍ ഡ്രൈവര്‍ക്കു പറ്റിയ അബദ്ധമാണെന്നാണ് എ.ഡി.ജി.പിയുടെ വിശദീകരണം. രാവിലെ ഏഴരയോടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ €ിഫ് ഹൗസിന് സമീപമാണ് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും താമസിക്കുന്നത്. അവിടെയാണ് രാവിലെ മുഹമ്മദ് യാസിന്‍ എത്തിയത്. മന്ത്രിമാരെ പിടിയില്ലാത്തവരാണോ ഇന്റലിജന്‍സ് മേധാവിയെന്ന് മന്ത്രി ചന്ദ്രശേഖരന്‍ പിന്നീട് പ്രതികരിച്ചു. താന്‍ വിളിച്ചിട്ടല്ല അദ്ദേഹം വന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൃഷി മന്ത്രി സുനില്‍ കുമാറിനോട് മുഹമ്മദ് യാസീന്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുകയും എട്ടുമണിക്ക് കാണാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു. തൃശൂരില്‍ ഇന്റലിജന്‍സിന് പ്രവര്‍ത്തിക്കാന്‍ പുതിയ കെട്ടിടം കലക്ടര്‍ അനുവദിച്ചത് ജലസേചന വകുപ്പിന്റേതായിരുന്നു. ഇതില്‍ ജലസേചന വകുപ്പ് മന്ത്രിക്ക് എതിര്‍പ്പുണ്ടാകുകയും കലക്ടറോട് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

കെട്ടിടത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന കാര്യം സ്ഥലം എം.എല്‍.എ കൂടിയായ സുനില്‍ കുമാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് മന്ത്രിയെ കാണാന്‍ പോയത്. കൃഷിമന്ത്രിയെ നേരിട്ട് അറിയുന്ന വ്യക്തിയാണ് എ.ഡി.ജി.പി. എ.ഡി.ജി.പി നേരത്തെയും തന്നെ കാണാന്‍ വന്നിട്ടുണ്ടെന്ന് മന്ത്രി സുനില്‍ കുമാറും പറഞ്ഞു. ഡ്രൈവര്‍ക്ക് വീടുമാറിപ്പോയതാണ് അബദ്ധത്തിന് കാരണമെന്നാണ് എ.ഡി.ജി.പി യുടെ വിശദീകരണം. മന്ത്രിമാരെ വ്യക്തമായി അറിയാമെന്നു മുഹമ്മദ് യാസീന്‍ പറഞ്ഞു. എന്നാല്‍, രണ്ടു മന്ത്രിമാരുടെയും വീടുകള്‍ രണ്ടുസ്ഥലത്താണ്. പിന്നെ, എങ്ങനെയാണ് ഇത്തരമൊരു അബദ്ധം ഡ്രൈവര്‍ക്ക് പറ്റിയതെന്ന് വ്യക്തമല്ല.