Latest News

അർദ്ധരാത്രിയിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച പെൺകുട്ടി, വീട്ടുകാരെയും നാട്ടുകാരെയും പൊലീസിനെയും ചുറ്റിച്ചു

2018-05-13 02:18:05am |

അർദ്ധ രാത്രിയിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച പെൺകുട്ടി വീട്ടുകാരെയും നാട്ടുകാരെയും പൊലീസിനെയുമൊക്കെ ഒരു രാത്രി മൊത്തം വട്ടം ചുറ്റിച്ചു. കണ്ണൂരിലായിരുന്നു പത്തൊൻപതുകാരിയുടെ സിനിമാറ്റിക് പെർഫോമൻസുകൾ. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നഗരത്തിലെ ഒരു കോളജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് കഥാനായിക. അമ്മൂമ്മയ്ക്ക് വാര്‍ധക്യ സഹജമായ അസുഖം കൂടുതലായി, കൊച്ചുമകളെ കാണമെന്ന ആഗ്രഹം പറഞ്ഞതിനാൽ പെണ്‍കുട്ടിയെ വൈകുന്നേരത്തോടെ അമ്മാവന്‍ തറവാട്ടിലേക്കു കൂട്ടിക്കൊണ്ടു വരുകയായിരുന്നു.

തറവാട്ടിലെത്തിയ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ കൈമാറുന്നതും തുടർച്ചയായി ഫോണ്‍ വിളിക്കുന്നതും കണ്ടു സംശയം തോന്നിയ അമ്മാവന്‍ ഫോണ്‍ വാങ്ങി വച്ച് ശകാരിച്ചു. ദേഷ്യത്തിലായ പെണ്‍കുട്ടി 11 മണിയോടെ ഉറങ്ങാന്‍ പോയെങ്കിലും അര്‍ധരാത്രിയോടെ അപ്രത്യക്ഷയായി. അതോടെ അമ്മാവന്‍ ടൗണ്‍ സി.ഐ രത്നകുമാറിനെ വിവരമറിയിച്ചു. സംഭവങ്ങള്‍ സി.ഐയെ ധരിപ്പിച്ചു. പെണ്‍കുട്ടിയുടെ ഫോണ്‍ ലോക്കായിരുന്നതിനാൽ സിം മറ്റൊരു ഫോണിലേക്കു മാറ്റി രാത്രിയില്‍ വിളിച്ച നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ പോലീസ് കൊറ്റാളിയിലുള്ള ചെറുപ്പക്കാരന്റെ വീട്ടിലെത്തി.

വിവാഹിതനും പിതാവുമായ യുവാവിനു കാര്യങ്ങളൊന്നും അറിയില്ലെന്നു മനസിലാക്കിയ പൊലീസ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ വീടുകളിലേക്കും അന്വഷണം വ്യാപിപ്പിച്ചു. പള്ളിക്കുന്നുള്ള ഏറ്റവും അടുത്ത സുഹൃത്തിന്റെ വീട്ടിലെത്തി സി.ഐയുടെ നമ്പർ നല്‍കി. എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്നു ശട്ടം കെട്ടി. ആകാംക്ഷയുടെ മണിക്കൂറുകൾ.  രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറിയിക്കാതെ രഹസ്യമായി അന്വേഷണം തുടരുകയായിരുന്നു. സഹായത്തിനായി അമ്മാവനും. പുലര്‍ച്ചെ മൂന്നരയോടെ വേഗം വരണമെന്ന ആവശ്യവുമായി പള്ളിക്കുന്നിലെ സുഹൃത്തിന്റെ വിളിയെത്തി. കഥാനായിക ടെറസിന്റെ മുകളില്‍ കിടക്കുന്നത്രേ. പാഞ്ഞെത്തിയ സംഘം പെണ്‍കുട്ടിയെ താഴെയിറക്കി. വിവരങ്ങള്‍ തിരക്കി.

അര്‍ധരാത്രി മുണ്ടയാട്ടെ വീട്ടിൽ നിന്നിറങ്ങി കാൽനടയായി നാലുകിലോമീറ്റര്‍ ദൂരയുള്ള പള്ളിക്കുന്നിലെ സഹപാഠിയുടെ വീട്ടില്‍ലെത്തിയതും വീടിന്റെ പുറകില്‍നിന്നും കോണി വഴി ടെറസില്‍ കയറി എയര്‍ഹോളിലൂടെ സഹപാഠിയെ ചൂളമടിച്ചു വിളിച്ചതുമൊക്കെ വള്ളി പുള്ളി വിടാതെ പൊലീസിനോടു പറഞ്ഞപ്പോൾ എല്ലാവരും കണ്ണു മിഴിച്ചു പോയി. തുടര്‍ന്ന് പെണ്‍കുട്ടിയെ അമ്മാവന്റെ കൂടെവിട്ടു. സമാധാനത്തോടെ പൊലീസും മടങ്ങി.