Latest News

എസ്.പി. ജോര്‍ജിന്റെ സസ്‌പെന്‍ഷന് പിന്നാലെ പ്രതിയാക്കാന്‍ നിയമോപദേശം; ശ്രീജിത്തിന്റെ മരണകാരണം അടിവയറ്റിലെ കാല്‍മുട്ടുപ്രയോഗം

2018-05-13 02:27:54am |

തിരുവനന്തപുരം/കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എറണാകുളം മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു. കസ്റ്റഡി മരണക്കേസില്‍ പ്രതിസ്ഥാനത്തുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍.ടി.എഫ്) രൂപീകരിച്ചതു ജോര്‍ജാണ്. ഇതു ചട്ടവിരുദ്ധമാണെന്നും മേലധികാരികളുടെ അനുവാദം വാങ്ങാതെയാണെന്നും കേസ് അന്വേഷിക്കുന്ന ഐ.ജി: എസ്. ശ്രീജിത്ത്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്യാനുള്ള ബെഹ്റയുടെ ശിപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയായിരുന്നു.

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജോര്‍ജിനു നേരിട്ടു ബന്ധമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുവില്‍നിന്നു 15,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ പ്രദീപിനെതിരേ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവായി. സി.ഐ: ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപ് അന്വേഷണവിധേയമായി സസ്പെന്‍ഷനിലാണ്. കൈക്കൂലി സി.ഐക്കു നല്‍കാനാണെന്നു പ്രദീപ് പറഞ്ഞതായി ശ്രീജിത്തിന്റെ ബന്ധു മൊഴി നല്‍കിയിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.ഐ: ക്രിസ്പിന്‍ സാം നിലവില്‍ ജാമ്യത്തിലാണ്. കൊലക്കുറ്റം ചുമത്തപ്പെട്ട വരാപ്പുഴ എസ്.ഐ: ജി.എസ്. ദീപക് റിമാന്‍ഡിലും. കസ്റ്റഡി മരണക്കേസില്‍ സി.ഐക്കും എസ്.ഐക്കും മൂന്ന് ആര്‍.ടി.എഫ്. അംഗങ്ങള്‍ക്കുമെതിരേ കേസെടുത്തപ്പോഴും എസ്.പി. ജോര്‍ജിനെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയതു വിവാദമായിരുന്നു. ജോര്‍ജിനെ എറണാകുളം റൂറലില്‍നിന്നു തൃശൂര്‍ പോലീസ് അക്കാഡമിയിലേക്കാണു സ്ഥലംമാറ്റിയത്.

എസ്.പിക്കു കീഴിലുള്ള ആര്‍.ടി.എഫ്. അംഗങ്ങളാണു വരാപ്പുഴ വീടാക്രമണക്കേസുമായി ബന്ധപ്പെട്ടു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതുകൊണ്ടുതന്നെ എസ്.പി: ജോര്‍ജ് അറിയാതെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ചില കേസുകളില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിക്കാമെന്നല്ലാതെ, പോലീസിനുള്ളില്‍ പ്രത്യേകസേനയുണ്ടാക്കുന്നതു ചട്ടവിരുദ്ധമാണ്. ഇക്കാര്യമാണ് ഐ.ജി. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയത്.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും കേസില്‍ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ പ്രത്യേകാന്വേഷണസംഘം ആശയക്കുഴപ്പത്തിലാണ്. ശ്രീജിത്തിന്റെ മരണവുമായി നേരിട്ടു ബന്ധമില്ലാത്തതിനാല്‍ എസ്.പിയെ പ്രതിയാക്കേണ്ടന്നാണ് ഒരുവാദം. എന്നാല്‍, ജോര്‍ജിനെ പ്രതിയാക്കിയാലേ കേസ് സുഗമമായി മുന്നോട്ടുപോകൂവെന്ന മറുവാദവുമുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്റെ നിയമോപദേശം തേടി.

ക്രിമിനല്‍ നടപടിച്ചട്ടം 212-ാം വകുപ്പുപ്രകാരം ജോര്‍ജിനെ പ്രതിയാക്കാന്‍ തടസമില്ലെന്നാണു നിയമോപദേശം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ടത് എസ്.പിയാണ്. എന്നാല്‍, കസ്റ്റഡി മരണം സംഭവിച്ചിട്ടും അന്വേഷണത്തിനു തയാറായില്ല. പ്രതികളായ പോലീസുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തുനിഞ്ഞില്ല. ഇതെല്ലാം എസ്.പിയെ പ്രതിയാക്കാന്‍ മതിയായ കാരണങ്ങളാണ്. ചട്ടവിരുദ്ധമായി ആര്‍.ടി.എഫ്. രൂപീകരിച്ചതിനെതിരേ വകുപ്പുതലനടപടി മതിയാകുമെങ്കിലും സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് എസ്.പിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി.

കസ്റ്റഡി മരണകാരണം അടിവയറ്റിലെ കാല്‍മുട്ടുപ്രയോഗം

കൊച്ചി: കാല്‍മുട്ടുകൊണ്ടു ശക്തമായി അടിവയറ്റിലേറ്റ പ്രഹരമാണു ശ്രീജിത്തിന്റെ മരണകാരണമെന്ന് അന്വേഷണസംഘം കണ്ടെത്തി. കേസില്‍ രണ്ടാംപ്രതിയായ പോലീസുകാരന്റെ ഇടിയേറ്റ് ശ്രീജിത്തിന്റെ പ്ലീഹയ്ക്കും കുടലിനും ക്ഷതമേറ്റു. തുടര്‍ന്ന്, ലോക്കപ്പില്‍ അവശനായി കിടക്കവേയാണ് എസ്.ഐ: ദീപക് എത്തിയത്. വന്നപാടേ ബൂട്ടിട്ട കാല്‍കൊണ്ട് ആഞ്ഞുതൊഴിച്ചു. ഇതു ഗുരുതരമായ ആന്തരിക അണുബാധയ്ക്കു കാരണമായി. ശ്രീജിത്തിനു തൊഴിയേറ്റ കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മതിലിലോ മറ്റോ ചേര്‍ത്തുനിര്‍ത്തി മുട്ടുകാല്‍കൊണ്ട് ഇടിച്ചതാണു മരണകാരണമായ ക്ഷതമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.