Latest News

തിയറ്റർ പീഡനം: പ്രതിയ്ക്ക് ഗൾഫിൽ ജ്വല്ലറി, വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടപ്പോൾ അറസ്റ്റ് , എസ്‌ഐക്കെതിരേ പോക്‌സോ ചുമത്തും

2018-05-14 01:59:34am |

മലപ്പുറം ∙ സിനിമാ തിയറ്ററിൽ അമ്മയുടെ സഹായത്തോടെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്‌തീൻകുട്ടി (60) വൻ വ്യവസായി. ഗൾഫിൽ വിവിധ സ്ഥലങ്ങളിൽ ജ്വല്ലറി ഉടമയായ ഇയാൾ വിദേശത്തേക്ക് കടക്കാൻ തയാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത് പൊലീസ് പറഞ്ഞു. അബുദാബിയിൽ ആണ് ഇയാളുടെ പ്രധാന വ്യവസായം ഉള്ളത്. വെള്ളി ആഭരണങ്ങളുടെ ജ്വല്ലറിയാണുള്ളത്. ദുബായ് ഉൾപ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും ബിസിനസ് പങ്കാളിത്തമുണ്ട്.

അറസ്റ്റിലായ മൊയ്തീൻകുട്ടി ഏറെക്കാലമായി കുടുംബത്തോടൊപ്പം അബുദാബിയിൽ ആയിരുന്നു. അടുത്തിടെയാണ് നാട്ടിലേക്ക് താമസം മാറ്റിയത്. ഇയാളുടെ മക്കളിൽ ഒരാൾ അബുദാബിയിൽ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ്. മൊയ്തീൻകുട്ടിക്ക് നാട്ടിലും ധാരാളം ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട്. ഇലക്ട്രോണിക് കടയും വാടകയ്ക്ക് നൽകുന്ന കടമുറികളുമാണ് ഏറെയും.

തിയറ്ററിലേക്കു കുട്ടിയെ എത്തിച്ച അമ്മയും അറസ്റ്റിലായി. സിനിമ കണ്ടിരുന്നതിനാൽ പീഡനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഇവരുടെ മൊഴി. കുട്ടിയുടെ അമ്മയ്ക്കു ദീർഘനാളായി മുഖ്യപ്രതി മൊയ്തീനുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സ്ത്രീയ്ക്ക് മൂന്നു പെൺകുട്ടികളാണുള്ളത്. ഇതിൽ ഏറ്റവും ഇളയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മറ്റു രണ്ടു പെൺകുട്ടികൾ യുപി, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്നു. സ്ത്രീയുടെ ഭർത്താവ് അടുത്തിടെയാണ് ഗൾഫിലേക്ക് പോയത്. കുട്ടിയെ പീഡിപ്പിച്ച മൊയ്തീൻകുട്ടിയുടെ കോട്ടേഴ്സിലാണ് സ്ത്രീയും കുട്ടികളും വാടകയ്ക്ക് താമസിക്കുന്നത്. ഇയാൾക്ക് ഇത്തരത്തിൽ വേറെയും കോട്ടേഴ്സുകൾ ഉണ്ട്. പീഡനത്തിന് ഇരയായ കുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്‌പദമായ സംഭവം. സ്‌ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറിൽ എത്തുകയുമായിരുന്നു. മുതിർന്ന സ്‌ത്രീക്കൊപ്പമെത്തിയ പെൺകുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കൻ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമാണ്. 25ന് തിയറ്റർ ഉടമകൾ വിവരം ചൈൽഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.

26നു തന്നെ, കേസെടുക്കണമെന്ന ശുപാർശയും ദൃശ്യങ്ങളും ചൈൽഡ്‌ലൈൻ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടർന്നാണ് ഇന്നലെയാണ് കേസ് റജിസ്റ്റർ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികൾക്കെതിരായ ലൈംഗിക പീഡനം തടയൽ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്. മുൻകൂർജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീൻകുട്ടി അറസ്റ്റിലായത്.

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ എസ്ഐയ്ക്കെതിരെയും പോക്സോ പ്രകാരം കേസെടുക്കാൻ നിർദേശം. ബാലപീഡനത്തിനു തെളിവു സഹിതം പരാതി നൽകിയിട്ടും എസ്ഐ കെ.ജി. ബേബി നടപടിയെടുക്കാതിരുന്നതിനെത്തുടർന്നാണു തീരുമാനം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ബേബിയെ നേരത്തേ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ സസ്പെൻഡ് ചെയ്തിരുന്നു.