Latest News

സിനിമാതാരം കലാശാല ബാബു ഓര്‍മ്മയായി ; കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ അന്ത്യം

2018-05-14 03:15:26am |

കൊച്ചി: പ്രമുഖ സിനിമാതാരം കലാശാല ബാബു ഓര്‍മ്മയായി. മസ്തിഷ്‌ക്കാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടേയും മകനായ കലാശാലബാബു ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്ന് മാസമായി ചികിത്സയിലായിരുന്നു.

മലയാള സിനിമയില്‍ അടുത്ത കാലത്ത് ശ്രദ്ധേയമായ പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ട ഈ 68 കാരന്‍ 50 ലേറെ മലയാള സിനിമകളില്‍ സഹതാരമായും വില്ലനായും തിളങ്ങി. കസ്തൂരിമാന്‍, തൊമ്മനും മക്കളും,എന്റെ വീട് അപ്പൂന്റേം, റണ്‍വേ, ചെസ്സ്, ബാലേട്ടന്‍ പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, പോക്കിരി രാജ, മല്ലൂസിംഗ് തുടങ്ങി അ​നേകം സിനിമകളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു.

നാടകത്തിലൂടെയാണ് കലാശാലബാബുവിന്റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. നാടകത്തില്‍ നിന്നും സീരിയല്‍ രംഗത്ത് സജീവമായ ശേഷം അതില്‍ നിന്നും സിനിമയില്‍ എത്തുകയായിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാനിലൂടെയാണ് മലയാള സിനിമയിലെ ശ്രദ്ധേയമായ വേഷങ്ങളിലേക്ക് എത്തിയത്. തൃപ്പൂണിത്തുറ എസ്.എന്‍ ജംഗ്ഷനടുത്ത റോയല്‍ ഗാര്‍ഡന്‍സിലായിരുന്നു താമസം. ശ്രീദേവിയാണ് ഭാര്യ. ശ്രീദേവി (അമേരിക്ക), വിശ്വനാഥന്‍ (അയര്‍ലന്റ്) എന്നിവരാണ് മക്കള്‍. മരുമകന്‍ ദീപു അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്.