Latest News

സുനന്ദ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നു; ശശി തരൂരിനെതിരേ 3000 പേജുള്ള കുറ്റപത്രം ; കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം തടവുശിക്ഷ

2018-05-15 02:47:03am |

ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതാണെന്നു ഡല്‍ഹി പോലീസ്. ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിയെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹികപീഡനവും ശശി തരൂരിനെിരേ ചുമത്തിയിട്ടുണ്ട്. നാലരവര്‍ഷം മുമ്പു നടന്ന ദുരൂഹമരണത്തിലെ ഏകപ്രതിയാണു മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍. തരൂരിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുനന്ദ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും 3000 പേജുള്ള കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. നിരവധി െവെദ്യപരിശോധനാ റിപ്പോര്‍ട്ടുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഡല്‍ഹി പട്യാല ഹൗസ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദര്‍ സിങ് മുമ്പാകെയാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം 24ന് കോടതി പരിഗണിക്കും. 24ന് തരൂര്‍ ഹാജരാവേണ്ടതുണ്ട്. സുനന്ദയുടേതു കൊലപാതകമെന്നായിരുന്നു ആദ്യ കുറ്റപത്രത്തില്‍ ഡല്‍ഹി പോലീസിന്റെ കണ്ടെത്തല്‍. ആത്മഹത്യാ പ്രേരണ(ഐ.പി.സി. 306)ഗാര്‍ഹിക പീഡനം(498എ) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പുതിയ കുറ്റപത്രം. അതുകൊണ്ട് അറസ്റ്റിനു സാധ്യതയുണ്ട്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാം. 2014 ജനുവരി 17ന് രാത്രിയോടെയാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസിലെ 345-ാം നമ്പര്‍ മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. യു.പി.എ. സര്‍ക്കാരിന്റെ കാലത്തുണ്ടായ കോളിളക്കം സൃഷ്ടിച്ച കേസില്‍ 2015 ജനുവരിയിലാണ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. ശരീരത്തില്‍ 15 മുറിപ്പാടുകള്‍ ഉണ്ടെന്നും മരണം കൊലപാതകമാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ എഫ്.ഐ.ആറില്‍ ആരുടെയും പേരു ചേര്‍ക്കാതെ ഡല്‍ഹി പോലീസ് സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തു.

2010ലാണ് പാലക്കാട് സ്വദേശിയായ തരൂര്‍ കശ്മീര്‍ സ്വദേശിനിയും ദുബായിലെ സംരംഭകയുമായ സുനന്ദയെ വിവാഹം കഴിച്ചത്. സുനന്ദയുടെ രണ്ടാമത്തെയും തരൂരിന്റെ മൂന്നാമത്തെയും വിവാഹമായിരുന്നു. ഇതിനിടെ ഐ.പി.എല്‍ വിവാദത്തില്‍ പെട്ട് തരൂര്‍ വിദേശകാര്യ സഹമന്ത്രി പദം രാജിവച്ചു. സുനന്ദക്ക് സാമ്പത്തികലാഭം ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു രാജി. പിന്നീട് കേന്ദ്രമന്ത്രിസഭയില്‍ തിരിച്ചെത്തി. ഇതിനിടെ പാകിസ്താന്‍ പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധത്തെച്ചൊല്ലി തരൂരും സുനന്ദയും തമ്മില്‍ പരസ്യമായ അഭിപ്രായവ്യത്യാസവുമുണ്ടായി. ഈ വിവാദം നിലനില്‍ക്കുന്നതിനിടെയാണ് സുനന്ദ ദൂരൂഹസാഹചര്യത്തില്‍ മരിക്കുന്നത്.