Latest News

ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിരുത്തിയത് നാലു മണിക്കൂര്‍; കൊണ്ടു നടന്നത് ഒമ്പതു ഗ്രാമങ്ങളിലൂടെ ഇന്ത്യന്‍ സൈന്യം പീഡിപ്പിച്ച യുവാവ്

2017-04-16 04:22:24am |

ഞാന്‍ കല്ലേറുകാരനല്ല. ജീവിതത്തില്‍ ഇന്നുവരെ കല്ലേറ് നടത്തിയിട്ടുമില്ല. ഷാളില്‍ എംബ്രോയ്ഡറി നടത്തുന്നതാണ് എന്റെ ജോലി. അല്‍പ്പ സ്വല്‍പ്പം തടിപ്പണിയും അറിയാം. കഴിഞ്ഞ ദിവസം കശ്മീരില്‍ തങ്ങള്‍ നേരിടുന്ന കല്ലേറില്‍ പ്രതിഷേധിച്ച് സൈനികര്‍ ജീപ്പിന്റെ മുകളില്‍ കെട്ടിയിരുത്തി നാട്ടുകാരനെ കൊണ്ടുപോകുന്നെന്ന വൈറല്‍ വീഡിയോയിലെ 26 കാരന്‍ ഫാറൂഖ് അഹമ്മദ് ദര്‍ ആണ് ഒരു ദേശീയ മാധ്യമത്തിന് മുന്നിലൂടെ രംഗത്ത് വന്നത്.

ചിലിയിലെ വീട്ടില്‍ ബാന്‍ഡേജിട്ട കൈകള്‍ കാട്ടി ഇയാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംഭവം വിശദീകരിച്ചു. തന്നെ ഏപ്രില്‍ 9 ന് രാവിലെ 11 മണി മുതല്‍ നാലു മണിക്കൂറോളം സൈന്യം കൊണ്ടു നടന്നതായി ഇയാള്‍ ആരോപിച്ചു. ജീപ്പില്‍ കെട്ടിയിട്ട് ഏകദേശം 25 കിലോമീറ്ററോളം കൊണ്ടു നടന്നു. ഉതില്‍ഗാമില്‍ നിന്നും സോന്‍പ, നജന്‍, ചക്‌പോര, ഹാഞ്ജിഗുരു, റവാല്‍പോര, ഖോസ്‌പോര, അസിസാല്‍ എന്നിവിടങ്ങളിലൂടെ ഹാര്‍ഡ്പാന്‍സൂ സിആര്‍പിഎഫ് ക്യാമ്പിലാണ് യാത്ര അവസാനിച്ചതെന്നും മരണഭയത്താല്‍ ഏഴു മണിക്കൂറോളം കടുത്ത മാനസീക പീഡനം നേരിട്ട് ഇരിക്കേണ്ടി വന്നതായും ഇയാള്‍ പറഞ്ഞു.

രണ്ടു ദിവസം മുമ്പാണ് കശ്മീരി യുവാക്കള്‍ സിആര്‍പിഎഫ് ജവാന്മാരെ അടിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വൈറലായത്. അതിന് തൊട്ടു പിന്നാലെ ദറിനെ ആര്‍മിജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിരുത്തി കല്ലെറിഞ്ഞു പ്രതിഷേധിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ട്രക്കിനെ ഒരു ജീപ്പ് പിന്തുടരുന്നതിന്റെ ദൃശ്യവും വന്നത്. രണ്ടു വീഡിയോയും വന്‍ വിവാദമാണ് ഉയര്‍ത്തിയത്. സംഭവത്തില്‍ പോലീസില്‍ നിന്നും മുഖ്യമന്ത്രി മഹ്ബൂബാ മുഫ്ത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വീഡിയോ പരിശോധിക്കുമെന്ന് സൈന്യവും പറഞ്ഞിട്ടുണ്ട്.

ഇത്രയും പീഡനം ഏറ്റു വാങ്ങിയെങ്കിലും സംഭവത്തില്‍ പരാതി നല്‍കാന്‍ ദര്‍ ഭയക്കുന്നു. പാവപ്പെട്ടവര്‍ എന്തു പരാതി പറയാനാണെന്നും ചോദിക്കുന്ന ഇയാള്‍ ആസ്തമ ബാധിതയായ 75 കാരി മാതാവുമായി തനിച്ചു ജീവിക്കുന്ന തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയമുണ്ടെന്നും പറഞ്ഞു. തങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള കേസ് വേണ്ടെന്നും മകനെ നഷ്ടപ്പെടാന്‍ വയ്യെന്നും ഈ പ്രായത്തില്‍ തന്നെ നോക്കാന്‍ മകന്‍ മാത്രമേയുള്ളെന്ന് മാതാവും പറയുന്നു.

ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിനിടെ മരിച്ച ബന്ധുവിന്റെ നാലു ദിവസത്തെ ചടങ്ങിനായി വീട്ടില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയുള്ള ഗാംപോരയിലേക്ക് പോകുകയായിരുന്നു ദര്‍. സഹോദരന്‍ ഗുലാം ഖാദിറും അയല്‍ക്കാരന്‍ ഹിലാല്‍ അഹമ്മദ് മഗ്രേയുമൊത്ത് രണ്ടു ബൈക്കുകളിലായിരുന്നു പോയത്. ഉത്‌ലിഗമില്‍ തെരഞ്ഞെടുപ്പിനെതിരേ ഒരു യുവതി പ്രതിഷേധിക്കുന്നത് കണ്ടു ബൈക്ക് നിര്‍ത്തിയതാണ് കുഴപ്പമായത്. ബൈക്കില്‍ അവിടെ നിന്നും പോകുന്നതിന് മുമ്പ് തന്നെ സൈനികര്‍ അടുത്തെത്തി. ആദ്യം അടിക്കുകയും പിന്നീട് ജീപ്പിന് മുന്നില്‍ കെട്ടിവെയക്കുകയും ചെയ്ത് ഒമ്പതു ഗ്രാമങ്ങളിലൂടെ കൊണ്ടു നടന്നു. ഇതിനിടയില്‍ ഒരു സ്ത്രീ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ മുകളിലേക്ക് വെടിവെച്ച് സൈനികര്‍ അവരെ വിരട്ടിയോടിച്ചു.

ജീപ്പിന് മുന്നില്‍ കെട്ടിയിരുത്തി. ഒരു പേപ്പര്‍ വെച്ച ശേഷം നെഞ്ചിലായിരുന്നു കയര്‍ വരിഞ്ഞു മുറുക്കിയത്. പേപ്പറില്‍ പേരെഴുതാന്‍ പോലും തനിക്കു കഴിയുമായിരുന്നില്ല. യാത്രയ്ക്കിടയില്‍ 'വാടാ വന്നെറിയെടാ' എന്ന് സൈനികര്‍ ആക്രോശിക്കുന്നും ഉണ്ടായിരുന്നു. ചില നാട്ടുകാര്‍ തന്നെ വെറുതേ വിടാന്‍ സൈനികരോട് യാചിക്കുകയും ചെയ്‌തെങ്കിലും അവന്‍ കല്ലേറുകാരനാണെന്നും വിടില്ലെന്നുമായിരുന്നു മറുപടി. സിആര്‍പിഎഫ് ക്യാമ്പില്‍ എത്തിയപ്പോള്‍ വാഹനത്തില്‍ നിന്നും 16 പേര്‍ ഇറങ്ങി. സമയം അപ്പോള്‍ നാലു മണി കഴിഞ്ഞിരുന്നു. തന്നെ ചോദ്യം ചെയ്യുകയോ മര്‍ദ്ദിക്കുകയോ ചെയ്തില്ലെന്നും മൂന്ന് മണിക്കൂര്‍ ആര്‍ആര്‍ ക്യാമ്പില്‍ ഇടുകയും ചെയ്ത് ഒടുവില്‍ 7.30 യോടെ ഗ്രാമത്തലവന്‍ എത്തിയപ്പോഴാണ് മോചിപ്പിച്ചതെന്നും ദര്‍ പറഞ്ഞു.

ദറിനെ സൈന്യം പിടിച്ചുകൊണ്ടുപോയി ജീപ്പില്‍ കെട്ടിയിരുത്തുമ്പോള്‍ തങ്ങള്‍ക്ക് നിസ്സഹായരാകാനേ കഴിഞ്ഞുള്ളെന്ന് ദറിനൊപ്പം മറ്റൊരു ബൈക്കില്‍ ഉണ്ടായിരുന്ന ഹിലാല്‍ അഹമ്മദ് മാഗ്രേ പറഞ്ഞു. സഹായത്തിനായി ഇവിടെ ഏതാനും മണിക്കൂര്‍ ശ്രമിച്ച ശേഷം പിന്നീട് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഉറക്കമില്ലാത്ത രാത്രിയാണ് തന്നെ കാത്തിരുന്നതെന്നും പിറ്റേന്ന് താഴ്‌വരയില്‍ ബന്ദായിരുന്നതിനാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ചികിത്സയ്ക്കായി ചെന്നത്. ഇടതു കയ്യില്‍ പ്‌ളാസ്റ്റര്‍ ഇട്ടശേഷം അവിടുത്തെ ഡോക്ടര്‍ ചില പെയ്ന്‍ കില്ലറുകളും നല്‍കി.