വീട്ടില്‍ നിന്നും വിഷക്കുപ്പി കണ്ടെത്തി; കേദല്‍ നേരത്തേ മാതാവിനെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചിരുന്നു?

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്ദന്‍കോട് കൂട്ടക്കൊല സംഭവത്തില്‍ പ്രതി മുമ്പും മാതാപിതാക്കളെ വകവരുത്താന്‍ ശ്രമം നടത്തിയിരുന്നതായും ഇതിനായി ഉപയോഗിച്ചതെന്ന് കരുതുന്ന വിഷക്കുപ്പി കണ്ടെടുക്കുകയും ചെയ്തു. പ്രതിയുമായി വീട്ടില്‍ നടത്തിയ തെളിവെടുപ്പിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. തുടര്‍ന്ന് നേരത്തേ മാതാവിനെ വിഷം കൊടുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി മൊഴി പ്രതി നല്കി.
മാസങ്ങള്‍ക്ക് മുമ്പായിരുന്നു മാതാവിനെ കേദല്‍ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെങ്കിലും വീര്യം കുറഞ്ഞ വിഷമായിരുന്നു. തുടര്‍ന്ന് മാതാവിന് ഛര്‍ദ്ദിയും ദേഹാസ്വസ്ഥതയും അനുഭവപ്പെടുകയും ആശുപത്രിയില്‍ കൊണ്ടുപോകുകയും ഭക്ഷ്യ വിഷബാധയെന്ന് പറഞ്ഞ് ഡോക്ടര്‍ മരുന്നു നല്‍കുകയും ചെയ്തതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. ഈ തെളിവ് പ്രതിക്ക് മാതാപിതാക്കളോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായി വ്യക്തമായ സൂചന നല്‍കുന്നതായി മാറിയിരിക്കുകയാണ്.
അതിനിടയില്‍ കേദല്‍ കൃത്യം തനിയെയല്ല നടത്തിയതെന്നും മറ്റൊരാളുടെ സഹായത്തോടെ ആയിരുന്നെന്നും സംശയിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കുന്നതിനായി പെട്രോള്‍ വാങ്ങാന്‍ എത്തിയത് മറ്റൊരാളാണെന്ന് കവടിയാര്‍ പമ്പിലെ ജീവനക്കാരന് നല്കിയ മൊഴിയാണ് കേസില്‍ ഒന്നിലധികം പേര് ഉള്‍പ്പെട്ടിരിക്കാമെന്ന സംശയത്തിന് ഇട നല്‍കിയത്. കേദല്‍ പറഞ്ഞ സമയത്ത് പെട്രോള്‍ വാങ്ങിയത് 25 വയസ് തോന്നിക്കുന്ന യുവാവായിരുന്നു എന്നാണ് പമ്പ് ജീവനക്കാരന് പറഞ്ഞത്. കേദലിനെ കണ്ടു പരിചയം ഇല്ലെന്നും പറഞ്ഞു. കവടിയാറിലെ പമ്പില്‍ നിന്നും ഏപ്രില്‍ ആറിന് പെട്രോള്‍ വാങ്ങിയിരുന്നു എന്ന് നേരത്തേ പമ്പ് ജീവനക്കാരന് മൊഴി നല്‍കിയിരുന്നു.
അതേസമയം കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോഴും സ്ഥിരീകരിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് പോലീസ്. ഓരോ തവണയും കേദല്‍ മൊഴി മാറ്റുന്നത് പോലീസിനെ വിഷമിപ്പിക്കുന്നുണ്ട്. പിതാവിന്റെ സ്വഭാവ ദൂഷ്യമാണ് കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം മദ്യപിച്ചു കഴിഞ്ഞാല്‍ മറ്റു സ്ത്രീകളോട് അശ്ളീലം പറയുന്നത് പതിവായിരുന്നെന്നും ഇക്കാര്യം പറഞ്ഞപ്പോള്‍ പിതാവും മാതാവും അവഗണിച്ചതായും മൊഴി നല്‍കിയിരുന്നു.