Latest News

അമേരിക്കയുടെ ബോംബുകളുടെ അമ്മയ്‌ക്കെതിരേ ബോംബുകളുടെ അച്ഛനെ സൃഷ്ടിച്ച് റഷ്യ; പ്രഹരശേഷി 44 ടണ്‍ ടിഎന്‍ടി

2017-04-17 03:17:06am |

'ബോംബുകളുടെ മാതാവ്' എന്ന പേരില്‍ ആണവേതര ബോംബുകളുടെ കൂട്ടത്തില്‍ ലോകത്ത് ഇന്നേവരെ ഏറ്റവും ശക്തിയേറിയ ബോംബ് സൃഷ്ടിച്ച് പരീക്ഷിച്ച അമേരിക്കയ്‌ക്കെതിരേ 'ബോംബുകളുടെ പിതാവ്' എന്ന് വിശേഷണമുള്ള ആണവേതര വിഭാഗത്തില്‍ അമ്മയേക്കാള്‍ പതിന്മടങ്ങ് ശേഷിയുളള ബോംബുമായി റഷ്യ.

അടുത്തിടെ അമേരിക്ക ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ താവളത്തില്‍ 90 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമാകും വിധം വര്‍ഷിച്ചതോടെയാണ് 'മതര്‍ ഓഫ് ഓള്‍ ബോംബ്‌സ്' ശ്രദ്ധിക്കപ്പെട്ടത്. അമേരിക്കന്‍ സൈനിക കലവറയില്‍ പത്തു വര്‍ഷത്തിലധികമായി അവസരം കാത്തിരുന്ന ഇത് 'മാസ്സീവ് ഓര്‍ഡനന്‍സ് എയര്‍ ബ്‌ളാസ്റ്റി (എംഒഎബി) ' ന്റെ വിളിപ്പേരായിരുന്നു 'ബോംബുകളുടെ മാതാവ്' എന്നത്. ജിബിയു 43/ബി എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ ബോംബ് 2003 ല്‍ അമേരിക്ക നിര്‍മ്മിക്കപ്പെട്ട ആണവേതര വിഭാഗത്തിലെ ഏറ്റവും കരുത്തേറിയ ബോംബ് എന്നാണ് അറിയപ്പെട്ടിരുന്നത്. എതിര്‍ വിഭാഗത്തിന്റെ ഭൂമിക്കടിയിലെ താവളങ്ങളും തുരങ്കങ്ങളും വരെ നശിപ്പിക്കാന്‍ ശേഷിയുള്ള 11 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയതും 10,000 കിലോ ഭാരമുള്ളതുമാണ്.

വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്ക ഉപയോഗിച്ച അവിടെ ഉപയോഗിച്ച 6,800 കിലോ 'ഡെയ്‌സി കട്ടര്‍' എന്ന ബ്‌ളൂ-82 ബോംബിന്റെ സ്ഥാനത്ത് പകരം സൃഷ്ടിച്ചെടുത്തതാണ് എംഒഎബി. ഇതിന്‍െ.റ 14,000 കിലോ ഭാരമുള്ള ജിബിയു-57 എ/ബി എന്നാല്‍ മാസ്സീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (എംഒപി) എന്ന എംഒഎബിയേക്കാള്‍ അല്‍പ്പം കൂടി ശേഷിയുള്ള ബോംബ് പക്ഷേ അമേരിക്ക ഇതുവരെ ഉപയോഗിച്ചില്ല.

എന്നാല്‍ അമേരിക്കയുടെ 'ബോംബുകളുടെ തള്ള' യെ മറികടക്കാനുള്ള റഷ്യയുടെ പദ്ധതിയാണ് ഏവിയേഷന്‍ തെര്‍മോബറിക് ബോംബ് ഓഫ് ഇന്‍ക്രീസ്ഡ് പവര്‍ (എടിബിഐപി) 'ഫാദര്‍ ഓഫ് ഓള്‍ ബോംബ്‌സ് (എഫ്ഒഎബി)' എന്ന് റഷ്യ വിശേഷിപ്പിക്കുന്ന ഈ ബോംബ് പക്ഷേ അമേരിക്കയുടെ 'ബോംബുകളുടെ മാതാവി' നേക്കാള്‍ നാലു മടങ്ങ് പ്രഹരശേഷി കൂടുതലുള്ളതാണ്. 44 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയതാണെങ്കിലും തള്ള ബോംബിനെ അപേക്ഷിച്ച് ഭാരക്കുറവാണ്. കേവലം 7000 കിലോ.

ആണവബോംബുകളെ അപേക്ഷിച്ച് തള്ളബോംബിനും തന്തബോംബിനും ശേഷി വളരെ കുറവാണ് താനും. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിരോഷിമയില്‍ അമേരിക്ക ഇട്ട 'ലിറ്റില്‍ ബോയ്' യില്‍ 15,000 ടണ്‍ ടിഎന്‍ടി ആയിരുന്നു ശേഷി. അതായത് റഷ്യയുടെ 'ഫാദര്‍ ഓഫ് ഓള്‍ ബോംബ്‌സ്' നെ അപേക്ഷിച്ച് 300 മടങ്ങ് നശീകരണ ശേഷി. ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വിനാശകാരിയായ ആണവായുധം 1961 ല്‍ പരീക്ഷിക്കപ്പെട്ട 'ബോംബുകളുടെ രാജാവ്' എന്ന് വിശേഷണമുള്ള 'സാര്‍ ബോംബ' ആണ്. 50 മെഗാടണ്‍ ടിഎന്‍ടിയാണ് ഇതിന്റെ വിനാശ ശേഷി.