Latest News

പ്രണയവിവാഹത്തിന്റെ പേരില്‍ യുവദമ്പതികള്‍ക്കു നാലരവര്‍ഷമായി ഊരുവിലക്ക്‌ ; പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടിട്ടും വഴങ്ങാതെ സമുദായം

2017-04-17 03:22:05am |

മാനന്തവാടി: പ്രണയവിവാഹത്തിന്റെ പേരില്‍ യുവദമ്പതികള്‍ക്കു സമുദായം നാലരവര്‍ഷമായി ഊരുവിലക്ക്‌ ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടു. മാനന്തവാടി എരുമത്തെരുവ്‌ സ്വദേശികളായ അരുണും -സുകന്യയുമാണ്‌ സമുദായഭ്രഷ്‌ട്‌ നേരിടുന്നത്‌. പരാതി നല്‍കാനുള്ള മൊബൈല്‍ ആപ്പ്‌ വഴിയുള്ള സുകന്യയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിഷയത്തില്‍ ഇടപെട്ടെങ്കിലും പരിഹാരമായില്ല.

2012ലാണ്‌ അരുണും സുകന്യയും രജിസ്‌റ്റര്‍ വിവാഹം കഴിച്ചത്‌. ഒരേ സമുദായക്കാരായിട്ടും ആചാരം തെറ്റിച്ചതിന്റെ പേരില്‍ ഇരുവര്‍ക്കും സമുദായം ഭ്രഷ്‌ട്‌ കല്‍പ്പിച്ചുവെന്നാണു പരാതി. സമുദായത്തിലെ വിവാഹങ്ങള്‍ക്കോ മരണാനന്തര ചടങ്ങുകള്‍ക്കോ ഈ യുവദമ്പതികള്‍ക്കു പ്രവേശനമില്ല. വര്‍ഷങ്ങളായി തുടരുന്ന ഭ്രഷ്‌ടിനെ തുടര്‍ന്ന്‌ അരുണും സുകന്യയും മാതാപിതാക്കളും മാനസികമായി തകര്‍ന്ന നിലയിലാണ്‌. എന്നാല്‍ അരുണ്‍ വേറെ സമുദായക്കാരനാണെന്നും കാലങ്ങളായുള്ള തങ്ങളുടെ ആചാരാനുഷ്‌ഠാനങ്ങള്‍ തുടരുകയാണ്‌ തങ്ങള്‍ ചെയ്‌തതെന്നുമാണ്‌ സുകന്യയുടെ സമുദായ വക്‌താക്കള്‍ പറയുന്നത്‌.

സുകന്യ പ്രധാനമന്ത്രിക്ക്‌ പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ദിവസം മാനന്തവാടി പോലീസ്‌ ഇരുവരെയും സമുദായ നേതാക്കളെയും വിളിച്ചുവരുത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. കാലങ്ങളായി അനുഷ്‌ഠിച്ചുവരുന്ന ആചാരങ്ങള്‍ വ്യക്‌തികള്‍ക്ക്‌ മാത്രമായി മാറ്റാവുന്നതല്ലെന്നാണു സമുദായനേതാക്കളുടെ നിലപാട്‌. പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടിട്ടും നടപടിയില്ലാത്തതെവന്നതിനെത്തുടര്‍ന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീജിത്ത്‌ പെരുമനയുടെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകര്‍ രംഗത്തെത്തി വിഷയം മാധ്യമങ്ങള്‍ക്ക്‌ മുമ്പിലെത്തിക്കുകയുമായിരുന്നു.

ഊരുവിലക്കുള്ള കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവിടുകയാണെങ്കില്‍ തിക്‌താനുഭവങ്ങള്‍ ഉണ്ടാകുമെന്ന ഭീഷണിയുള്ളതിനാലാണു നാലരവര്‍ഷമായി വിഷയം പുറംലോകം അറിയാതെയിരുന്നത്‌. ഊരുവിലക്കേര്‍പ്പെടുത്തിയ സാമുദായിക നേതാക്കള്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷനും, വനിതാകമ്മിഷനും പരാതി നല്‍കുമെന്ന്‌ ശ്രീജിത്ത്‌ പെരുമന പറഞ്ഞു.