Latest News

ജോസ് കെ. മാണി ലോക്‌സഭാംഗമായും തുടരും; രാജി വയ്ക്കില്ലെന്ന് സൂചന, ഭരണഘടനാ പ്രകാരം പഴയ സീറ്റ് ആറ് മാസം വരെ കൈവശം വയ്ക്കാം

2018-06-10 03:40:25am |

കോട്ടയം: രാജ്യസഭാംഗമായാലും ജോസ് കെ. മാണി ലോക്‌സഭാംഗത്വം രാജിവയ്ക്കില്ലെന്ന് സൂചന. കേരള കോണ്‍ഗ്രസിന് അനുവദിച്ച രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്കാണ് നല്‍കിയത്. നിലവില്‍ കോട്ടയം ലോക്‌സഭാംഗമാണ് ജോസ് കെ. മാണി. ഭരണഘടനാ പ്രകാരം മറ്റൊരു ജനപ്രാധിനിത്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും പഴയ സീറ്റ് ആറ് മാസം വരെ കൈവശം വയ്ക്കാം. ഈ ആനുകൂല്യം മുതലെടുത്ത് കോട്ടയം ലോക്‌സഭാംഗത്വവും ജോസ് കെ മാണി കൈവശം വയ്ക്കുമെന്നാണ് സൂചന.

യൂത്ത് ഫ്രണ്ട് നേതാവായ സജി മഞ്ഞക്കടമ്പനാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ആറ് മാസം കഴിഞ്ഞ് ലോക്‌സഭാംഗത്വം രാജിവച്ചാലും ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ജോസ് കെ. മാണിയുടെ ലോക്‌സഭാംഗത്വം ഇനി പതിനൊന്ന് മാസം കൂടി മാത്രമാണ് കാലാവധി അവശേഷിക്കുന്നത്. രാജ്യസഭാംഗമായാലും താന്‍ കോട്ടയത്തെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ജോസ് കെ. മാണി പറഞ്ഞിരുന്നു. ജോസ് കെ. മാണി രാജ്യസഭാംഗത്വവും തുടരുമെന്ന് ഒരു ചാനല്‍ ചര്‍ച്ചയിലാണ് സജി വ്യക്തമാക്കിയത്.