Latest News

ഹരിതാഭം : റെക്കോഡില്ല; പി.കെ. കുഞ്ഞാലിക്കുട്ടിക്ക്‌ 1,71,023 വോട്ട്‌ ഭൂരിപക്ഷം

2017-04-18 02:23:16am |

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക്‌ തിളക്കമുള്ള വിജയം. 1,71,023 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണു മുസ്ലിം ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി നേടിയത്‌. 2014ല്‍ ഇ.അഹമ്മദ്‌ നേടിയ 1.94 ലക്ഷം വോട്ടിന്റെ റെക്കോഡ്‌ ഭൂരിപക്ഷം മറികടക്കാനായില്ല. ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ്‌ മുന്നിലെത്തി.

ആകെ പോള്‍ചെയ്‌ത 9,36,315 വോട്ടില്‍ 5,15,330 വോട്ടും കുഞ്ഞാലിക്കുട്ടിക്കു ലഭിച്ചു. എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി എം.ബി. ഫൈസലിന്‌ 3,44,307 വോട്ടും എന്‍.ഡി.എ സ്‌ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ്‌ 65,675 വോട്ടും നേടി. നോട്ടയ്‌ക്ക്‌ 4,098 വോട്ട്‌. കഴിഞ്ഞതവണ നോട്ടയ്‌ക്ക്‌ 21,829 വോട്ട്‌ ലഭിച്ചിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലാണ്‌ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം , 40,529 വോട്ട്‌. പെരിന്തല്‍മണ്ണയിലാണ്‌ ഏറ്റവും കുറവ്‌ , 8,527 വോട്ട്‌. മറ്റുമണ്ഡലങ്ങളിലെ ഭൂരിപക്ഷം ഇങ്ങനെ: മലപ്പുറം: 33,281, മഞ്ചേരി: 22,843, മങ്കട: 19,262, വളളിക്കുന്ന്‌: 20,677, കൊണ്ടോട്ടി: 25,904.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫ്‌ 77,607 , എല്‍.ഡി.എഫ്‌ 1,01,323 , എന്‍.ഡി.എ 970 വോട്ടു വീതം അധികം നേടി. യു.ഡി.എഫ്‌ - 55.03 , എല്‍.ഡി.എഫ്‌ - 36.77 , ബി.ജെ.പി - 7.01എന്നിങ്ങനെയാണ്‌ വോട്ട്‌ ശതമാനം. 2014 നെ അപേക്ഷിച്ച്‌ യു.ഡി.എഫിന്‌ നാലും എല്‍.ഡി.എഫിന്‌ എട്ടും ശതമാനം വോട്ട്‌ വര്‍ധിച്ചു. കഴിഞ്ഞ തവണ യഥാക്രമം 47853, 29216 വോട്ടുകള്‍ വീതം നേടിയ എസ്‌.ഡി.പി.ഐയും വെല്‍ഫെയര്‍പാര്‍ട്ടിയും ഇത്തവണ മത്സരരംഗത്ത്‌ ഉണ്ടായില്ല.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്‌തമായ ആധിപത്യം പുലര്‍ത്തിയാണ്‌ കുഞ്ഞാലിക്കുട്ടി മുന്നേറിയത്‌. വമ്പന്‍ ഭൂരിപക്ഷം ഉറപ്പിക്കും വിധമുളള മുന്നേറ്റത്തിന്‌ ഒരു ഘട്ടത്തിലും വെല്ലുവിളിയുണ്ടായില്ല. മലപ്പുറം ഗവ. കോളജില്‍ നടന്ന വോട്ടെണ്ണലില്‍ ആദ്യ അഞ്ചുമിനിട്ടിനുള്ളില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ്‌ മൂവായിരം കടന്നു. രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു. ഒരു ഘട്ടത്തില്‍ ഇ.അഹമ്മദിന്റെ റെക്കോഡ്‌ മറികടന്നേക്കുമെന്ന പ്രതീതി പോലുമുണ്ടായി. കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും മാത്രമാണ്‌ തുടക്കത്തില്‍ എല്‍.ഡി.എഫ്‌ അല്‍പം മുന്നിലുണ്ടായിരുന്നത്‌. വൈകാതെ യു.ഡി.എഫ്‌ മുന്നിലെത്തി. അപരന്മാരായി രംഗത്തുണ്ടായിരുന്ന കെ.പി. കുഞ്ഞാലിക്കുട്ടിക്കും മുഹമ്മദ്‌ ഫൈസലിനും യഥാക്രമം 720 ,1698 വോട്ടുകള്‍ ലഭിച്ചു. ആകെയുണ്ടായിരുന്ന മൂന്ന്‌ പോസ്‌റ്റല്‍ വോട്ടുകളും ശ്രീപ്രകാശിന്‌ ലഭിച്ചു.

ഉപതെരഞ്ഞെടുപ്പ്‌ ഫലം ഇങ്ങനെ

പി.കെ. കുഞ്ഞാലിക്കുട്ടി( യു.ഡി.എഫ്‌): 5,15,330
എം.ബി. ഫൈസല്‍ (എല്‍.ഡി.എഫ്‌): 3,44,307
അഡ്വ. എന്‍. ശ്രീപ്രകാശ്‌(എന്‍.ഡി.എ): 65,675
പി.പി.എ. സഗീര്‍(സ്വതന്ത്രന്‍): 1469
കുഞ്ഞാലിക്കുട്ടി കെ.പി(സ്വതന്ത്രന്‍): 720
എന്‍. മുഹമ്മദ്‌ മുസ്ലിയാര്‍(സ്വതന്ത്രന്‍): 445
മുഹമ്മദ്‌ ഫൈസല്‍(സ്വതന്ത്രന്‍): 1698
എ.കെ. ഷാജി(സ്വതന്ത്രന്‍): 565
കെ. ഷാജിമോന്‍ (സ്വതന്ത്രന്‍): 1027