Latest News

ശബരിമലയില്‍ വ്യവസായിക്കുവേണ്ടി നടതുറന്ന്‌ പതിവ്‌ പൂജകളും വഴിപാട് പൂജകളും നടത്തി; തൊഴാന്‍ എത്തിയ 70 ഉന്നതരില്‍ നടന്‍ ജയറാമും

2017-04-19 03:33:11am |

പത്തനംതിട്ട: ശബരിമലയില്‍ ആചാരം ലംഘിച്ച്‌ വ്യവസായിക്കുവേണ്ടി നടതുറന്ന്‌ പതിവ്‌ പൂജകളും വഴിപാട്‌ പൂജകളും നടത്തിയതു വിവാദത്തിലേക്ക്‌. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ആചാരം ലംഘിച്ച്‌ ഇത്തരത്തില്‍ പൂജനടന്നത്‌. ദേവസ്വം അധികൃതരുടെയും തന്ത്രിയുടെയും അറിവോടെയായിരുന്നു പൂജകളെന്നാണ്‌ ആക്ഷേപം. സംഭവം വിവാദമായതോടെ വിവിധ ഹൈന്ദവ സംഘടനകളില്‍നിന്നും എതിര്‍പ്പു ശക്‌തമായി.

സന്നിധാനത്ത്‌ പുനഃപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട്‌ കൊടിമരം അഴിച്ചുമാറ്റിയ സാഹചര്യത്തില്‍ ഇക്കുറി ഉത്സവം നടത്തേണ്ട എന്നായിരുന്നു ബോര്‍ഡ്‌ തീരുമാനം. മാര്‍ച്ച്‌ 30 മുതല്‍ പത്തുദിവസം നീണ്ടുനിന്ന ഉത്സവ കാലയളവിനു ശേഷം പൈങ്കുനി ഉത്രം നാളില്‍ രാത്രി 10 ന്‌ ഹരിവരാസനം പാടി നടയടച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത ദിവസം പൂജകള്‍ ഒന്നും ഉണ്ടാകാറില്ല. വീണ്ടും പത്തിന്‌ വൈകിട്ട്‌ അഞ്ചിനാണ്‌ നട തുറക്കുന്നത്‌. അന്ന്‌ ദീപാരാധനപോലും നടത്തുന്ന പതിവില്ല. എന്നാല്‍ പതിവ്‌ ലംഘിച്ച്‌ പത്താം തീയതി രാവിലെ തന്നെ നടതുറന്ന്‌ നിര്‍മാല്യം, ഗണപതിഹോമം, ഉദയാസ്‌തമയപൂജ, സഹസ്രകലശം, വൈകിട്ട്‌ പടിപൂജ, കളഭം എന്നിവ നടത്തിയതാണ്‌ ഇപ്പോള്‍ ആചാര ലംഘനമായി വിലയിരുത്തിയിട്ടുള്ളത്‌.

ഇപ്പോഴത്തെ തന്ത്രി കണ്‌ഠര്‌ രാജീവര്‌ ഇത്‌ ആചാര ലംഘനമായി കരുതുന്നില്ലെങ്കിലും തന്ത്രി കുടുംബത്തില്‍ നിന്നും ശക്‌തമായ എതിര്‍പ്പ്‌ ഉയര്‍ന്നിട്ടുണ്ട്‌. കൊല്ലം സ്വദേശിയായ ഒരു വ്യവസായിക്കു വേണ്ടിയാണ്‌ നട തുറന്ന്‌ പതിവു പൂജകളും ഉദയാസ്‌തമയ പൂജപോലുള്ള വഴിപാട്‌ പൂജകളും നടന്നതെന്ന്‌ ആരോപണമുണ്ട്‌. ലക്ഷങ്ങള്‍ ചെലവുവരുന്ന ഈ പൂജകള്‍ തൊഴുന്നതിനായി വ്യവസായിയുമായി ബന്ധമുള്ള എഴുപത്തഞ്ചില്‍പരം ഉന്നതര്‍ സന്നിധാനത്തെത്തിയിരുന്നു. ഇതില്‍ അമ്പതുവയസില്‍ താഴെ പ്രായമുള്ള സ്‌ത്രീകളും ഉള്‍പ്പെട്ടിരുന്നുവെന്ന്‌ ആരോപണം ഉയരുന്നു.

എന്നാല്‍ ദേവസ്വം വിജിലന്‍സ്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തില്‍ ആരോപണം തെറ്റാണെന്നാണ്‌ കണ്ടെത്തിയത്‌. വിജിലന്‍സിന്റെ കണ്ടെത്തല്‍ ശരിയല്ലെന്നും ആരോപണമുണ്ട്‌. വ്യവസായിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന പൂജ തൊഴാന്‍ നടന്‍ ജയറാം, പ്രശസ്‌ത ജ്യോത്സ്യന്‍ പത്മനാഭശര്‍മ്മ, കോയമ്പത്തൂര്‍ ആര്യവൈദ്യശാലയിലെ ഡോ. രവീന്ദ്രന്‍, പാലക്കാട്‌ ശബരിഗ്രൂപ്പിലെ ഉന്നതര്‍ എന്നിവരും ഉണ്ടായിരുന്നു. ശ്രീകോവിലില്‍ പൂജ നടക്കുന്ന സമയം സോപാന സംഗീതം ആലപിക്കുന്നതിനിടയില്‍ നടന്‍ ജയറാം ഉടുക്കു വാങ്ങി കൊട്ടുകയും ചെയ്‌തു. ഉത്സവത്തിന്‌ കൊടിയേറാതെ ഉത്സവവുമായി ബന്ധപ്പെട്ടുള്ള പൂജകള്‍ നടന്നതും ആചാരലംഘനമാണെന്നു ചൂണ്ടിക്കാട്ടുന്നു.

കൊടിമരം ഇല്ലാത്ത സ്‌ഥിതിക്കു പ്രതീകാത്മകമായി കവുങ്ങില്‍ കൊടിയേറ്റി ഉത്സവം നടത്താമായിരുന്നു. അത്‌ ഉണ്ടായില്ല. രാഹുഗ്രഹത്തിന്റെ പ്രതീകമായി തലയില്ലാത്ത മനുഷ്യരൂപമാണ്‌ കൊടിയായി ഉപയോഗിക്കുന്നത്‌. രാഹുവിനെ ഉയര്‍ത്തി ബന്ധിച്ചുകഴിഞ്ഞാല്‍ ഉത്സവത്തിന്‌ വിഘ്‌നം ഉണ്ടാകില്ലെന്നാണ്‌ വിശ്വാസം. താന്ത്രികവിധിപ്രകാരം ഉത്സവത്തിനു മുമ്പ്‌ കൊടിയേറ്റ്‌ നടത്തേണ്ടതാണ്‌. എന്നാല്‍ കൊടിയേറാതെ ഉത്സവവുമായി ബന്ധപ്പെട്ട പൂജകള്‍ നടന്നുവെന്നാണ്‌ ആരോപണം. എന്നാല്‍, ഇതുശരിയല്ലെന്നും ഉത്സവപൂജകള്‍ക്കു പകരം പതിവു പൂജകളാണു നടന്നതെന്നും ദേവസ്വം ബോര്‍ഡ്‌ പറയുന്നു.