Latest News

വെള്ളച്ചാട്ടത്തിന് സമീപം പാറക്കെട്ടിന് മുകളിലെ നിര്‍മ്മിച്ച കൂറ്റന്‍ റിസോര്‍ട്ട് ഉദ്ഘാടനത്തിന്; മൂന്നാറിലെ കയ്യേറ്റമാഫിയയ്ക്ക് ഒരു കുലുക്കവുമില്ല

2017-04-19 03:38:53am |

ഇടുക്കി: അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ റവന്യൂ വിഭാഗം നടപടി തുടരുമ്പോഴും മൂന്നാറിലെ കൈയേറ്റ-ഭൂമാഫിയയ്‌ക്കു കുലുക്കമില്ല. അതീവ പരിസ്‌ഥിതി ദുര്‍ബല മേഖലയില്‍ കൂറ്റന്‍ പാറക്കെട്ടിനു മുകളില്‍ കെട്ടിപ്പൊക്കിയ കൂറ്റന്‍ റിസോര്‍ട്ട്‌ ഉദ്‌ഘാടനത്തിന്‌ ഒരുങ്ങുന്നു. അനധികൃതമായതിനാല്‍ രഹസ്യമായാണ്‌ ഉദ്‌ഘാടനത്തിനു നീക്കം നടത്തുന്നത്‌. പ്രമുഖ വ്യവസായിയുടെതാണു റിസോര്‍ട്ട്‌.

ആറ്റുകാട്‌ വെള്ളച്ചാട്ടത്തിനു സമീപം അനധികൃതമായി നടക്കുന്ന റിസോര്‍ട്ട്‌ നിര്‍മാണം മൂന്നു വര്‍ഷം മുമ്പ്‌ മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 2014 ജൂലൈ 11-ലെ വാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ്‌ കോട്ടയം ബ്യൂറോയിലെ ഉദ്യോഗസ്‌ഥര്‍ അന്വേഷണം നടത്തി 2015 സെപ്‌റ്റംബര്‍ 29-ന്‌ സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കി. മംഗളം വാര്‍ത്ത ശരിവച്ചാണു നിര്‍മാണം അനധികൃതമാണെന്ന റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. കൈയേറ്റമൊഴിപ്പിക്കലിനെ അനുകൂലിച്ച്‌ ഇപ്പോള്‍ സമരം നടത്തുന്ന യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ മുക്കുകയായിരുന്നു.

കുത്തനെയുള്ള പാറക്കെട്ടില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ്‌ കൂറ്റന്‍ കെട്ടിടം നിര്‍മിച്ചതെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തിയിരുന്നു. തേയിലപ്പട്ടയമുള്ള 55 സെന്റ്‌ സ്‌ഥലത്തിന്റെ രേഖകള്‍ റവന്യു ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ പുരയിടം എന്നു തരം മാറ്റിയ ശേഷമായിരുന്നു നിര്‍മാണം. തണ്ടപ്പേരിലും ക്രമക്കേട്‌ നടത്തിയെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ രാഷ്‌ട്രീയ ഇടപെടലുകള്‍ മൂലം പൂഴ്‌ത്തുകയായിരുന്നു. പിന്നീട്‌ രഹസ്യമായാണ്‌ നിര്‍മാണജോലികള്‍ നടത്തിയത്‌.

പല ഉദ്യോഗസ്‌ഥരുടെയും ഒത്താശയോടെയായിരുന്നു നടപടി. അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി ആഴ്‌ചകള്‍ക്കുള്ളില്‍ ഉദ്‌ഘാടനം നടത്താനാണു പദ്ധതി. അതീവ പരിസ്‌ഥിതി ദുര്‍ബല മേഖലയായ ഇവിടം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശമാണെന്ന്‌ നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തുമ്പോള്‍ കുടിയേറ്റക്കാരുടെ പേരു പറഞ്ഞ്‌ ദൗത്യങ്ങള്‍ക്കു തടയിടുകയാണ്‌ രാഷ്‌ട്രീയക്കാര്‍ക്കു പങ്കും പങ്കാളിത്തവുമുള്ള ഭൂമാഫിയ ചെയ്യുന്നത്‌.