Latest News

ക്രൈസ്തവരെ വലവീശാന്‍ അമിത്ഷായും ബിജെപിയും വരുന്നു; കോണ്‍ഗ്രസ് വിട്ട് ഇടതില്‍ ചേക്കേറിയ രാഷ്്രടീയ നിരീക്ഷകനെ റാഞ്ചാനും നീക്കം

2017-04-20 03:20:17am |

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പംകൂട്ടുന്നത് അടക്കമുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ അടുത്ത മാസം കേരളത്തിലെത്തും. മേയ് 25, 26, 27 തീയതികളിലെ സന്ദര്‍ശനത്തിനിടെ കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം. മാണിയുമായി ചര്‍ച്ച നടത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കോണ്‍ഗ്രസ് വിട്ട് ഇടതു കൂടാരത്തില്‍ ചേക്കേറിയ രാഷ്്രടീയ നിരീക്ഷകനെ ബി.ജെ.പിയില്‍ എത്തിക്കാനുള്ള നീക്കങ്ങളും സജീവമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ ഭൂരിഭാഗമുള്ള മണ്ഡലത്തില്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനാണു നീക്കം. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയാണ് ഈ നേതാവിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെ നിയമിക്കുന്ന കാര്യത്തില്‍ അമിത് ഷായുടെ സന്ദര്‍ശനത്തിനു മുമ്പ് അന്തിമ തീരുമാനമുണ്ടാകും. ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതിയംഗവുമായ സി.കെ. പത്മനാഭന്റെ പേരാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കു നിര്‍ദേശിച്ചിരിക്കുന്നത്.

ബി.ഡി.ജെ.എസ്. ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ സ്‌െപെസസ് ബോര്‍ഡ് ചെയര്‍മാനാക്കാനും ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനുവിനെ ദേശീയ പട്ടികജാതി കമ്മിഷനംഗവുമാക്കാനുള്ള നിര്‍ദേശങ്ങളും ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിനു മുമ്പിലുണ്ട്. ബി.ജെ.പിക്കു പുറമേ ആര്‍.എസ്.എസും എന്‍.ഡി.എ. സഖ്യകക്ഷികളും നല്‍കിയ പട്ടികകള്‍കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ പാര്‍ട്ടി സംവിധാനത്തില്‍ കാര്യമായ മാറ്റത്തിനും ആലോചനയുണ്ട്.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കി തെരഞ്ഞെടുപ്പു നേരിടാന്‍ ഒരുങ്ങുന്നുവെന്നതാണ് ഇതില്‍ പ്രധാനം. സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു പകരക്കാരനെ കണ്ടെത്താനാകാത്തതാണ് ഇതിനു തടസം. ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരും കേന്ദ്രമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. സമൂഹത്തില്‍ പൊതുസ്വീകാര്യരായ വ്യക്തികളെ പാര്‍ട്ടിയുടെ ഭാഗമാക്കണമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രധാന നിര്‍ദേശം.

കേരളത്തില്‍ പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമൊരുങ്ങുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ അതു ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനമുണ്ട്. ഇതിനു പരിഹാരമായാണ് പാര്‍ട്ടിയോടു വിരോധമില്ലാത്ത പൊതുസമ്മതരെ കണ്ടെത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെപ്പോലും സ്വന്തം പാളയത്തിലെത്തിച്ചു വിജയിപ്പിച്ച അമിത് ഷായുടെ തന്ത്രം ഇവിടെ ആവര്‍ത്തിക്കാനാണു ശ്രമം.