Latest News

മകളെ നടിയാക്കിയത് പലിശയ്ക്ക് പണം നല്‍കി രമാദേവി ഉണ്ടാക്കിയ സിനിമ-സീരിയല്‍ മേഖലകളിലെ പ്രമുഖരുമായി ബന്ധം ; പാസ്റ്ററായി വീട്ടില്‍ പ്രാര്‍ത്ഥിക്കാന്‍ വന്ന ലിയോ ഒടുവില്‍ കള്ളനോട്ടടിക്കാരനായി

2018-07-06 03:06:11am |

കട്ടപ്പന: ആഡംബരത്തില്‍ മതിമറന്നുള്ള ജീവിതവും വഴിവിട്ട ഇടപാടുകളിലൂടെ ഉണ്ടായ സാമ്പത്തികത്തകര്‍ച്ചയുമാണ് രമാദേവിയേയും കുടുംബത്തെയും കള്ളനോട്ട് സംഘത്തിലെത്തിച്ചത്. ഒടുവില്‍ പോലീസിന്റെ വേട്ടയില്‍ കുടുങ്ങി അഴികളിലേക്ക്. അണക്കരയില്‍ 2.19 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി പിടിയിലായ ലിയോയും കൃഷ്ണകുമാറും രവീന്ദ്രനും പ്രാര്‍ഥനയ്ക്കു വന്ന പാസ്റ്റര്‍മാരാണെന്നാണ് രമാദേവി ബന്ധുക്കളോട് പറഞ്ഞിരുന്നത്.

1996-ല്‍ ഭര്‍ത്താവ് ശിവകുമാര്‍ മരണമടയുമ്പോള്‍ രമാദേവിയുടെ കുടുംബത്തിന്റെ സാമ്പത്തിക നില ഭദ്രതയിലായിരുന്നു. കൂടാതെ സഹോദരിയുടെ സ്വത്തും രമാദേവിക്കു ലഭിച്ചു. കോടികളുടെ സമ്പാദ്യം െകെയിലെത്തിയതോടെ കൊല്ലത്തെ നിരവധി വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും പലിശയ്ക്ക് പണം നല്‍കി. സിനിമ-സീരിയല്‍ മേഖലകളിലെ പ്രമുഖരുമായും ബന്ധം പുലര്‍ത്തിയിരുന്നു. ഇതിലൂടെയാണ് സൂര്യ സീരിയല്‍ രംഗത്തെത്തുന്നത്.

ഓപ്പറേഷന്‍ കുബേര'യില്‍ കുടുങ്ങിയും െറെസ് പുള്ളര്‍ ഇടപാടിലൂടെയും സാമ്പത്തിക നില തകര്‍ന്നതോടെ മുളങ്കാട്ടെ വീട് കേന്ദ്രീകരിച്ച് പൂജകളും പാസ്റ്റര്‍മാരെ എത്തിച്ച് പ്രാര്‍ഥനകളും തുടങ്ങി. പണമുണ്ടാകാനുള്ള ഇത്തരം പൂജകള്‍ക്കൊന്നിനായി വീട്ടിലെത്തിയ സ്വാമിയായിരുന്നു കള്ളനോട്ടടിക്കാരനായ ലിയോയെ രമാദേവിക്ക് പരിചയപ്പെടുത്തിയത്. നിരവധി കേസുകളില്‍ പ്രതിയാണ് ലിയോ. നാഗമാണിക്യം ഇടപാടുമായി ബന്ധപ്പെട്ട് കണ്ടുമുട്ടിയ ലിയോയും കൃഷ്ണകുമാറും രവീന്ദ്രനും പിന്നീട് െറെസ് പുള്ളര്‍ ഇടപാടിലും പങ്കാളികളായി. നോട്ട് നിരോധനത്തിനു ശേഷമാണ് കള്ളനോട്ട് നിര്‍മാണത്തിലേക്ക് ഇവര്‍ തിരിയുന്നത്.

2017 ല്‍ അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിലും 2017 ജൂണ്‍ ആറിന് ബോഡിമെട്ട് ചെക്‌പോസ്റ്റില്‍ 37.9 ലക്ഷം രൂപ പിടിച്ചെടുത്ത കേസിലും പ്രതികളാണ് കൃഷ്ണകുമാറും രവീന്ദ്രനും. കള്ളനോട്ടിടപാടിലൂടെ ലഭിക്കുന്ന പണത്തിന്റെ പകുതി നല്‍കാമെന്നു വിശ്വസിപ്പിച്ച് രമാദേവിയുടെ പക്കല്‍ നിന്ന് 5.36 ലക്ഷം രൂപ െകെപ്പറ്റി കള്ളനോട്ടടി യന്ത്രം, പ്രിന്റര്‍, പേപ്പര്‍, മഷി എന്നിവ വാങ്ങി. തുടര്‍ന്ന് സെപ്റ്റംബറില്‍ രമാദേവിയുടെ വീട്ടില്‍ കള്ളനോട്ടടി യന്ത്രവും പിന്നാലെ െഹെദരാബാദ്, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നു പേപ്പറും മറ്റു സാമഗ്രികളും എത്തിച്ചു. ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കള്ളനോട്ട് നിര്‍മാണത്തിന്റെ തയാറെടുപ്പുകളും ആരംഭിച്ചു.

മൂവരും തുടര്‍ന്ന് എട്ടുമാസത്തെ തയാറെടുപ്പുകള്‍ക്കു ശേഷം ആദ്യഘട്ടമായി 200 രൂപയുടെ 1,096 നോട്ടുകള്‍ അച്ചടിച്ചു. മുടക്കിയ പണത്തില്‍ നിന്നു വരുമാനം ലഭിക്കാതായതോടെ രമാദേവിയുടെ നിര്‍ബന്ധപ്രകാരം ഈ കള്ളനോട്ട് വിറ്റഴിക്കാന്‍ അണക്കരയിലെത്തിയപ്പോഴാണ് മൂവരും കുടുങ്ങിയത്. കേസിന്റെ തുടരന്വേഷണത്തിലാണ് നടി സൂര്യ ശിവകുമാര്‍ , മാതാവ് കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ രമാദേവി ശിവകുമാര്‍ , സഹോദരി ശ്രുതി ശിവകുമാര്‍(29) എന്നിവര്‍ ചൊവ്വാഴ്ച അറസ്റ്റിലായത്.

നിര്‍മാതാവുമായുള്ള ആദ്യവിവാഹം വേര്‍പെടുത്തിയ ശേഷം സൂര്യ രണ്ടാമത് വിവാഹം ചെയ്ത കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയുമായി കത്രിക്കടവിലെ ഫഌറ്റില്‍ താമസിച്ചുവരികയായിരുന്നു. ശ്രുതി മാതാവിനൊപ്പം മുളങ്കാട്ടെ വീട്ടിലാണ് താമസിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രമാദേവി കുറ്റം സമ്മതിക്കുകയും മക്കള്‍ക്ക് ഇതില്‍ പങ്കില്ലെന്നു പറയുകയും ചെയ്തു. കട്ടപ്പന സി.ഐ: വി.എസ്. അനില്‍കുമാര്‍, കുമളി സി.ഐ: വി.കെ ജയപ്രകാശ്, പീരുമേട് സി.ഐ: വി. ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ ഏഴു പേര്‍ പിടിയിലാകാനുണ്ട്.