Latest News

പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും യുവാവിന്റെ ട്വീറ്റ് ; മണിക്കൂറുകള്‍ക്കകം മനുഷ്യക്കടത്തുകാരില്‍ നിന്നും രക്ഷപ്പെടുത്തിയത് 25 പെണ്‍കുട്ടികളെ

2018-07-08 04:50:13am |

മുസാഫര്‍നഗര്‍ : സൂര്യയും അസിനും പ്രധാനവേഷം ചെയ്ത തമിഴ് സൂപ്പര്‍ഹിറ്റ് സിനിമ ഗജിനിയുടെ കഥയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളില്‍ ഒന്നില്‍ മനുഷ്യക്കടത്തുകാരുടെ പിടിയില്‍ നിന്നും ഒരു യാത്രക്കാരന്റെ ട്വീറ്റിനെ തുടര്‍ന്ന് പോലീസ് സംഘം രക്ഷപ്പെടുത്തിയത് 26 പെണ്‍കുട്ടികളെ. ട്രെയിനില്‍ കടത്തുകയായിരുന്ന കുട്ടികളെ അസ്വാഭാവിക നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

മുസാഫര്‍പൂരില്‍ നിന്നും ബാന്ദ്രാ ആവാധ് എക്‌സ്പ്രസ് എസ് 5 കോച്ചില്‍ യാത്ര ചെയ്യുമ്പോള്‍ 10 നും 14 നും ഇടയില്‍ പ്രായക്കാരായ ഒട്ടേറെ പെണ്‍കുട്ടികളെ കണ്ട് യാത്രക്കാരന്‍ ശ്രദ്ധിച്ചു. പേടിച്ചരണ്ട നിലയിലായിരുന്ന അവര്‍ കരയുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. ഒട്ടും സുഖകരമായ അന്തരീക്ഷത്തിലല്ല യാത്ര ചെയ്യുന്നതെന്നും കണ്ടെത്തിയ യാത്രക്കാരന്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, പ്രധാനമന്ത്രി നരേന്ദ്രമോഡി, ജൂനിയര്‍ മിനിസ്റ്റര്‍ മനോജ് സിംഗ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയെല്ലാം ടാഗ് ചെയ്ത് വിവരം ട്വീറ്റ് ചെയ്തു.

ട്വീറ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം വാരണാസി, ലക്‌നൗ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍, ഗവണ്‍മെന്റ് റെയില്‍വേ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, എന്നിവരെല്ലാം സജ്ജമായി. പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. മനുഷ്യക്കടത്ത് വിരുദ്ധ സംഘത്തിനൊപ്പം ഗൊരഖ്പൂര്‍ റെയില്‍വേ പോലീസും ചൈല്‍ഡ് ലൈനുമായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കപ്തംഗഞ്ചില്‍ നിന്നും സാധാരണ വേഷത്തില്‍ പ്രവേശിച്ച പോലീസുകാര്‍ പിന്നീട് ഗൊരഖ്പൂരിലേക്ക് ഇവര്‍ക്ക് അകമ്പടി സേവിച്ചു.

പെണ്‍കുട്ടികളെ കടത്തിയതിന് 22, 55 വയസ് പ്രായമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെല്ലാം ബീഹാറിലെ ചമ്പാരനില്‍ നിന്നുള്ളവരാണ്. ഇവരെ നര്‍ക്കാട്ടിക്യാഗഞ്ചില്‍ നിന്നും ഇദഗായിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വിശ്വസനീയമായ രീതിയില്‍ മറുപടി പറയാന്‍ പോലും കഴിഞ്ഞില്ല. തുടര്‍ന്ന ഇവരെ ശിശുക്ഷേമ വിഭാഗത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. എല്ലാ കുട്ടികളും 10 നും 14 നും ഇടയില്‍ പ്രായക്കാരാണ്. കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഗജിനി സിനിമയില്‍ സമാനമായ രീതിയിലുള്ള ചില രംഗങ്ങള്‍ ഉണ്ട്. നായിക അസിന്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ മനുഷ്യക്കടത്തുകാരുടെ പിടിയില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുന്ന രംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് നേരില്‍ ഉണ്ടായ അനുഭവം. യുവാവിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് തൊട്ടു പിന്നാലെ ദ്രുത ഗതിയില്‍ പോലീസ് പ്രതികരിക്കുകയായിരുന്നു.