ഒരാള്‍ പണയം വയ്ക്കുന്ന പണ്ടം അതേ കവറോടെ പിറ്റേന്ന് വേറെ ഒരാളുടെ പേരില്‍ വീണ്ടും പണയം വയ്ക്കും; സ്വകാര്യ ബാങ്കില്‍നിന്ന് യുവതി തട്ടിയത് 36 ലക്ഷം ; അന്വേഷണത്തില്‍ പണയം ഉരുപ്പടികളിലെ പകുതി അഡ്രസും നിലവിലില്ല

2018-07-11 02:50:31am |

പത്തനംതിട്ട: ഒരു പണയപ്പണ്ടം പലരുടെ പേരില്‍ പണയംവച്ച് സ്വകാര്യ ബാങ്കില്‍നിന്ന് 36 ലക്ഷം രുപ തട്ടിയ കേസില്‍ മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍. പൂവത്തൂര്‍ തയ്യില്‍ അനു രാജീവി(31)നെയാണ് തിരുവല്ല സി.ബി.സി.ഐ.ഡിയെ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കബീര്‍ റാവുത്തറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കൂട്ടുപ്രതികളായ ഇവരുടെ ഭര്‍ത്താവ് രാജീവ്, പുരുഷ സുഹൃത്ത് എന്നിവര്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പൂവത്തൂര്‍ കളമ്പാട്ട് െഫെനാന്‍സിയേഴ്‌സില്‍നിന്നുമാണ് പലപ്പോഴായി അനു 36 ലക്ഷം തട്ടിയത്.

ബാങ്കിന്റെ ഉടമ സോമന്‍ ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വേണ്ട രീതിയില്‍ നടന്നില്ല. തുടര്‍ന്ന് െഹെക്കോടതിയെ സമീപിക്കുകയും സി.ബി.സി.ഐ.ഡി. കേസ് അന്വേഷി ക്കാന്‍ അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. അനു ബാങ്കിലുണ്ടായിരുന്ന കാലത്ത് പണയം വച്ചിരുന്ന ഉരുപ്പടികളില്‍ എഴുതിയിരുന്ന അഡ്രസുകളിലേക്ക് ക്രൈംബ്രാഞ്ച് സംഘം രജിസ്‌റ്റേര്‍ഡ് നോട്ടീസ് അയയ്ക്കുകയാണ് ചെയ്തത്. ഇതില്‍ പകുതിയിലേറെയും അഡ്രസ് നിലവിലില്ലെന്നു പറഞ്ഞ് തിരികെയെത്തി. ഇതോടെയാണ് ഇന്നലെ ഉച്ചയ്ക്ക് 12ന് അനു രാജീവിനെ തോട്ടഭാഗത്തുനിന്നും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

ഒരാള്‍ പണയം വയ്ക്കുന്ന പണ്ടം അതേ കവറോടെ പിറ്റേന്ന് വീണ്ടും വെറെ ഒരാളുടെ പേരില്‍ പണയം വച്ചാണ് അനു ലക്ഷങ്ങള്‍ തട്ടിയത്. പണയത്തിന്മേല്‍ കൊടുത്ത പണം തിരികെ വരുന്നില്ലെന്ന് കണ്ട് സംശയം തോന്നി ബാങ്കിലെത്തിയ ഉടമ ഓഡിറ്റു നടത്തുകയായിരുന്നു. ഓഡിറ്റുകാരുടെ ശ്രദ്ധയില്‍ തട്ടിപ്പിന്റെ വ്യാപ്തി പെട്ടില്ല. തുടര്‍ന്ന് ഉടമ അനുവിനെ ചോദ്യം ചെയ്തു. തന്നെ കുറ്റവാളിയാക്കാനാണ് ഉടമ ശ്രമിക്കുന്നത് എന്നു പറഞ്ഞ് ഇവര്‍ തട്ടിക്കയറുകയാണ് ചെയ്തത്. തുടര്‍ന്ന് തന്റെ സത്യസന്ധത തെളിയിക്കാന്‍ സ്വന്തമായി ഒരു ഓഡിറ്ററെ വിളിച്ചുകൊണ്ടു വരികയായിരുന്നു. ഇയാള്‍ നടത്തിയ കണക്കെടുപ്പിലാണ് 36 ലക്ഷത്തിന്റെ തട്ടിപ്പ് കണ്ടെത്തിയത്.

തുടര്‍ന്ന് സോമന്‍ കോയിപ്രം പോലീസില്‍ പരാതി നല്‍കി. പക്ഷേ, കാര്യമായ അന്വേഷണം ഉണ്ടായില്ല. നടപടിയുണ്ടാകാതെ വന്നപ്പോള്‍ സോമന്‍ ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഉടമയ്ക്ക് അന്വേഷണത്തില്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് ഫയല്‍ മടക്കി. ലോക്കല്‍ പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് സോമന്‍ െഹെക്കോടതിയെ സമീപിച്ചു. കോടതി കേസന്വേഷണം സി.ബി.സി.ഐ.ഡിയെ ഏല്‍പ്പിക്കുകയായിരുന്നു. തട്ടിപ്പു നടത്തിയ പണംകൊണ്ട് അനു ആഡംബര ജീവിതം നയിക്കുകയായിരുന്നു. കുറേ പണം പുരുഷസുഹൃത്തും അടിച്ചുമാറ്റിയെന്നു പറയുന്നു.