Latest News

പരിശോധനയ്ക്കിടെ മുന്‍ എം.എല്‍.എയുടെ വാഹനത്തിന് കൈകാണിച്ചു; എസ്‌ഐ യെ കൊണ്ടു മേലധികാരി വീട്ടിലെത്തിച്ചു മാപ്പു പറയിച്ചു

2017-04-21 03:03:14am |

പെരുമ്പാവൂര്‍: വാഹനപരിശോധനയ്ക്കിടെ മുന്‍ എം.എല്‍.എയുടെ വാഹനത്തിന് െകെകാണിച്ച എസ്.ഐക്കും പോലീസുകാര്‍ക്കും ലഭിച്ചതു ശകാരവര്‍ഷം. കുറുപ്പംപടി പോലീസ് സ്‌റ്റേഷനിലെ സ്‌െപെഡര്‍ വിഭാഗം എസ്.ഐക്കും പോലീസുകാര്‍ക്കുമാണ് കൃത്യമായി ജോലി ചെയ്തതിന്റെ പേരില്‍ രാഷ്ട്രീയക്കാരുടെയും മേലുദ്യോഗസ്ഥരുടെയും ചീത്തവിളി കേള്‍ക്കേണ്ടിവന്നത്. മേല്‍ ഉദ്യാഗസ്ഥന്റെ നിര്‍ദേശപ്രകാരം ഇവര്‍ക്ക് മുന്‍ എം.എല്‍.എയുടെ വീട്ടിലെത്തി മാപ്പ് ഇരക്കേണ്ടതായും വന്നു.

കഴിഞ്ഞ ബുധനാഴ്ച കുറുപ്പംപടിയിലെ സ്‌കൂളിനുസമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ എത്തിയ വാഹനം െകെകാണിച്ച് നിര്‍ത്തിയപ്പോഴാണ് മുന്‍ എം.എല്‍.എ വാഹനത്തിലുള്ളത് പോലീസുകാര്‍ അറിയുന്നത്. തുടര്‍ന്ന് മറ്റൊന്നും പറയാതെതന്നെ വാഹനം വിട്ടയക്കുകയും ചെയ്തു.

എങ്കിലും കോപം അടങ്ങാത്ത മുന്‍ എം.എല്‍.എ കുറുപ്പംപടി സ്‌റ്റേഷന്റെ ചുമതലയുള്ള മേലധികാരിയെ വിളിച്ച് ശകാരിക്കുകയായിരുന്നു. താന്‍ നാളുകളായി ഉപയോഗിക്കുന്ന വാഹനം കണ്ടാല്‍ അറിയില്ലേ എന്നായിരുന്നു മുന്‍ എം.എല്‍.എയുടെ ചോദ്യം.

ഫോണിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ പോലീസുകാര്‍ ആവുന്നത് ശ്രമിച്ചെങ്കിലും നടന്നില്ല. രാഷ്ട്രീയ പ്രമുഖന്‍ കൂടിയായ മുന്‍ എം.എല്‍.എയുടെ ഭീഷണിക്കുമുന്നില്‍ ഭയപ്പെട്ട പോലീസ് അധികാരി വാഹനപരിശോധന സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരെ രഹസ്യമായി മുന്‍ എം.എല്‍.എയുടെ വീട്ടില്‍ അയച്ച് മാപ്പ് ചോദിപ്പിച്ചും കാല് പിടിപ്പിച്ചും ഇനി ആവര്‍ത്തിക്കില്ല എന്ന ഉറപ്പിന്‍മേല്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.