Latest News

കാമുകന്മാരുടെ കൂടെ ഒളിച്ചോടിയതിന് സുനിതയ്ക്കെതിരേ ഭര്‍ത്താവിന്റെ കേസ് ; ഫേസ്ബുക്കിലൂടെ പ്രണയിച്ച ബിജുവുമായി ഒരുമിച്ച് വാടകവീട്ടില്‍ താമസം ; ആഡംബരം കൂട്ടാന്‍ വാഹനത്തില്‍ നടന്ന് മാലമോഷണവും

2018-09-14 01:41:46am |

മാവേലിക്കര: നഗരത്തിലും പരിസരത്തും സ്‌കൂട്ടറില്‍ കറങ്ങിനടന്ന മാല പൊട്ടിക്കുന്ന യുവതിയും കാമുകനും അറസ്റ്റില്‍. ബുധനൂര്‍ എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്കുംമുറിയില്‍ വിഷ്ണു ഭവനത്തില്‍ സുനിത(36), ഇവരുടെ കാമുകന്‍ ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനത്തില്‍ ബിജുവര്‍ഗീസ്(33) എന്നിവരെയാണ് മാവേലിക്കര സി.ഐ: പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ മുതല്‍ നഗരത്തിലും പരിസരത്തും സ്‌കൂട്ടറില്‍ കറങ്ങി നടന്ന് മാല പൊട്ടിച്ച ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

സുനിതയെ ബുധനൂരിലുള്ള വീട്ടില്‍ നിന്നും ബിജുവിനെ ഹരിപ്പാട്ട് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ജൂണ്‍ 18 ന് തഴക്കര ജില്ലാ കൃഷിത്തോട്ടത്തിന് സമീപം റോഡിലൂടെ നടന്നു പോയ യുവതിയുടെ സമീപത്ത് സ്‌കൂട്ടര്‍ നിര്‍ത്തി വഴി ചോദിച്ച ഇരുവരും യുവതിയുടെ രണ്ടരപ്പവന്‍ മാല പൊട്ടിച്ചെടുത്തു. ഇവരുടെ പരാതിയില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് സ്ത്രീയായിരുന്നെന്നും സ്‌കൂട്ടറിന്റെ നമ്പര്‍ 586 എന്നാണെന്നും പറഞ്ഞിരുന്നു.

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍, സി.ഐ: പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 586 എന്ന നമ്പര്‍ വരുന്ന ആക്ടീവ സ്‌കൂട്ടറിനെപ്പറ്റി അന്വേഷിച്ചതില്‍ നമ്പര്‍ വ്യാജമാണെന്ന് മനസിലായി. പിന്നീട് സി.സി ടി.വി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങളും പരിശോധിച്ചു. 300 ഓളം സി.സി ടി.വി ദൃശ്യങ്ങളും നൂറുകണക്കിന് മൊബൈല്‍ നമ്പരുകളും പരിശോധനയ്ക്ക് വിധേയമാക്കി. പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വ്യക്തമല്ലാത്ത ചില വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും രാത്രിയും പകലും പല സ്ഥലങ്ങളിലും രഹസ്യനിരീഷണം നടത്തി.

അന്വേഷണത്തില്‍ സ്‌കൂട്ടറിന്റെ നമ്പര്‍ കെ.എല്‍ 30 ഡി5867 എന്നാണെന്നും മുന്നിലും പിന്നിലും അവസാന നമ്പര്‍ ഇളക്കി മാറ്റി 586 എന്നാക്കിയിരിക്കുകയാണെന്നും ബോധ്യപ്പെട്ടു. എണ്ണയ്ക്കാട് സ്വദേശി സുനിതയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്നും പിന്നിലിരുന്ന് മാല പൊട്ടിച്ചത് അവരുടെ കാമുകന്‍ ബിജുവര്‍ഗീസാണെന്നും കണ്ടെത്തി. കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്ന അതേ വേഷ വിധാനങ്ങളോടെ തന്നെ കഴിഞ്ഞ ദിവസം പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

ടിപ്പര്‍ലോറി ഡ്രൈവറായ ബിജു പുലര്‍ച്ചെയുള്ള യാത്രയില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് നിര്‍മാല്യം തൊഴാന്‍ സ്ത്രീകള്‍ പുലര്‍ച്ചെ നടന്നു വരാറുണ്ടെന്ന് മനസിലാക്കി സുനിതയുമൊത്ത് ജൂലൈ മാസത്തില്‍ ചെട്ടികുളങ്ങര മാര്‍ക്കറ്റ് ജങ്ഷനില്‍ പുലര്‍ച്ചെ അഞ്ചിന് സ്‌കൂട്ടറില്‍ വന്ന ശേഷം സുനിതയെ സ്‌കൂട്ടറുമായി മാറ്റി നിര്‍ത്തി ബിജു ക്ഷേത്രത്തിലേക്കുള്ള വഴിയേ നടന്നുവന്ന് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ചെടുത്തിരുന്നു. ഒരാഴ്ച കഴിഞ്ഞ് ചെട്ടികുളങ്ങര കടവൂര്‍ ഭാഗത്ത് പുലര്‍ച്ചെ അഞ്ചിന് ചെട്ടികുളങ്ങര ക്ഷേത്ര ദര്‍ശനത്തിനായി നടന്നു വന്ന സ്ത്രീയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ പൊട്ടിച്ചെടുത്ത ആഭരണങ്ങള്‍ താമരക്കുളത്തും കൊല്ലം കരുനാഗപ്പള്ളിയിലുമുള്ള സ്വര്‍ണക്കടകളില്‍ വിറ്റു.

തൊണ്ടിമുതലുകള്‍ പോലീസ് കണ്ടെടുത്തു. വിവാഹിതയും മൂന്നു മക്കളുടെ മാതാവുമായ സുനിത ഭര്‍ത്താവ് വിദേശത്തായിരുന്നപ്പോള്‍ കാമുകന്മാരുടെ കൂടെ ഒളിച്ചോടിയത് സംബന്ധിച്ച് മാന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ കേസുണ്ട്. ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് ദുബായില്‍ ജോലി ചെയ്തിരുന്ന അവിവാഹിതനായ ബിജുവിനെ ഫേസ്ബുക്ക് വഴി സുനിത പരിചയപ്പെടുന്നത്. തുടര്‍ന്ന് അടുപ്പത്തിലായ ഇവര്‍ ബന്ധം തുടര്‍ന്നു. നാട്ടിലെത്തിയ ബിജു ബുധനൂരിലെത്തി സുനിതയോടൊപ്പം താമസിച്ചു.

പിന്നീട് ഭര്‍ത്താവ് അറിഞ്ഞ് പ്രശ്‌നമായപ്പോള്‍ വിവിധയിടങ്ങളില്‍ വാടക വീടെടുത്ത് താമസം ആരംഭിച്ചു. മാവേലിക്കര ഉമ്പര്‍നാട്ടെ വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് അമിത സമ്പാദ്യത്തിനും ആഡംബരത്തിനും വേണ്ടി മാല മോഷണം നടത്താന്‍ തീരുമാനിച്ചത്. സ്ത്രീയോടൊപ്പം ആകുമ്പാള്‍ സംശയിക്കില്ലെന്നും മോഷണ മുതല്‍ വിറ്റഴിക്കാന്‍ എളുപ്പമാകുമെന്നുള്ള സാധ്യതയാണ് ഇവര്‍ വിനിയോഗിച്ചത്. എസ്.ഐ: സി.ശ്രീജിത്ത്, സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ്‌ഷെഫീഖ്, അരുണ്‍ഭാസ്‌കര്‍, ഗോപകുമാര്‍, സിനുവര്‍ഗീസ്, ശ്രീജ എസ്, രേണുക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.