പെരുമഴയും കാറ്റും വരുന്നു, ഞായറാഴ്ച അതിതീവ്ര ജാഗ്രത ; ചുഴലിക്കാറ്റിനു സാധ്യത, മൂന്നാര്‍ യാത്ര ഒഴിവാക്കണം

2018-10-04 02:36:27am |

തിരുവനന്തപുരം: മഹാപ്രളയത്തിന്റെ കെടുതി മാറുന്നതിനു മുമ്പേ വീണ്ടും ലക്ഷദ്വീപിനു സമീപം ന്യൂനമര്‍ദം രൂപപ്പെടുന്നു. ഇതു തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത് അടുത്ത നാലു ദിവസം ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയില്‍ കനത്ത മഴയ്ക്കു സാധ്യത. ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലെര്‍ട്ട്. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം.

പത്തനംതിട്ടയില്‍ ഏഴിന് ഓറഞ്ച് അലെര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ രണ്ടു ദിവസത്തേക്കു കടലില്‍ പോകരുതെന്നു നിര്‍ദേശം. കുറിഞ്ഞിപ്പൂക്കാലം കാണാനായി മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇന്നു മുതല്‍ ഞായറാഴ്ച വരെ പലയിടങ്ങളിലും ശക്തമോ അതിശക്തമോ ആയ മഴയുണ്ടാകുമെന്നാണു മുന്നറിയിപ്പ്. ഇന്നും നാളെയും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

ശനിയാഴ്ച ശക്തമായ മഴയ്ക്കും ഞായറാഴ്ച അതിശക്തമായ മഴയ്ക്കുമാണു സാധ്യത. മഹാരാഷ്ട്ര മുതല്‍ ത്രിപുര വരെ തീരദേശ സംസ്ഥാനങ്ങളിലാകെ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മത്സ്യബന്ധനം ഒഴിവാക്കണമെന്നും നിര്‍ദേശം. ജാഗ്രതാനിര്‍ദേശം കണക്കിലെടുത്ത് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെയും ദുരന്തനിവാരണ അതോറിറ്റിയിലെയും ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.