Latest News

വിവാഹച്ചടങ്ങിനിടെ ടൂറിസ്റ്റ് ബസ് ജീവനക്കാർ ഏറ്റുമുട്ടി; വിവാഹം അലങ്കോലമാകാതെ കാത്ത് പൊലീസ്

2018-10-05 03:06:02am |

കൊട്ടാരക്കര: വിവാഹച്ചടങ്ങിനിടെ ടൂറിസ്റ്റ് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. വിവാഹം അലങ്കോലമാകാതെ പൊലീസ് സമയോചിതമായെത്തി ഇടപെട്ടു. 8 പേർക്കെതിരെ കേസെടുത്തു. ഇന്നലെ പന്ത്രണ്ടരയോടെയാണു സംഭവം. ടൂറിസ്റ്റ് ബസുകളിലെ അനധികൃ‍ത ഹോണുകൾ നീക്കം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണു സംഘർഷം ഉണ്ടായതെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് ഓട്ടം പോയ പത്തനാപുരം ഭാഗത്തെ ടൂറിസ്റ്റ് ബസുകളുടെ ഹോണുകൾ തിരുവനന്തപുരത്തെ മോട്ടോർ വാഹന വകുപ്പ് അധികൃതർ നീക്കം ചെയ്തു.

അവിടത്തെ ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു നടപടിയെന്നാണ് ആരോപണം. ഇവിടെ നിന്നു തലസ്ഥാനത്തേക്ക് ഓട്ടം പോയ ടൂറിസ്റ്റ് ബസ് ജീവനക്കാരെ മർദിച്ചതായും പരാതിയുണ്ട്. ഇന്നലെ തിരുവനന്തപുരത്തു നിന്നു കൊട്ടാരക്കരയിൽ കല്യാണ ഓട്ടത്തിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകളുടെ ഹോണുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു.

ഇതിനു പിന്നിൽ കൊല്ലം ജില്ലയിലെ ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ ഇടപെടലാണെന്ന് ആരോപിച്ചാണു തർക്കം തുടങ്ങിയത്. കല്യാണ സമയമായപ്പോഴേക്കും സംഘർഷം സംഘട്ടനത്തിലേക്കെത്തി. തിരുവനന്തപുരത്തുനിന്ന് എത്തിയ ബസ് ജീവനക്കാരനെ വിവാഹച്ചടങ്ങിൽ നിന്നു പിടികൂടാൻ ചിലർ ശ്രമിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസിനെ തടയാനും ചിലർ ശ്രമിച്ചു. സിഐ ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി സംഘർഷക്കാരെ പിടികൂടി.